
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗിയെ പുഴുവരിച്ച സംഭവവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ എടുത്ത അച്ചടക്ക നടപടിയില്‍ പ്രതിക്ഷേധിച്ച് സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാര്‍ നടത്തി വന്ന സമരം പിന്‍വലിച്ചു. ഡി എം ഇയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി പുനഃപരിശോധിക്കാമെന്ന് ആരോഗ്യമന്ത്രി നല്‍കിയ ഉറപ്പിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. നാളെ വൈകുന്നേരത്തിനകം റിപ്പോര്‍ട്ടിന്‍മേലുള്ള നടപടി ഉണ്ടാകുമെന്ന് ചര്‍ച്ചക്ക് ശേഷം ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു.
സമാനതകളില്ലാത്ത സാഹചര്യമാണ് സംസ്ഥാനത്തെ ആരോഗ്യ മേഖല നേരിടുന്നത്. മുന്‍ അനുഭവങ്ങളും ഇല്ല. ആയിരക്കണക്കിന് വരുന്ന രോഗികളെ പരിചരിക്കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ പെടാപ്പാടു പെടുകയാണെന്ന് ആരോഗ്യമന്ത്രി വിശദീകരിച്ചു. ഈ ഘട്ടത്തിലും ചെറിയ വീഴ്ചകള്‍ പോലും പര്‍വ്വതീകരിക്കാന്‍ ശ്രമം നടക്കുകയാണ്. ഇത് അംഗീകരിക്കുന്നതെങ്ങനെയും ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു.