dk

ബെംഗളൂരു: കർണാടക കോൺഗ്രസ് അദ്ധ്യക്ഷ്യൻ ഡി.കെ ശിവകുമാറിന്റെ വസതികളിലും ഓഫീസിലും സി.ബി.ഐ റെയ്ഡ്. മുംബയിലും ഡൽഹിയിലും മഹാരാഷ്ട്രയിലുമായി 14 ഇടങ്ങളിലായാണ് റെയ്ഡ് നടത്തിയത്. ഡി.കെ ശിവകുമാറിന്റെ സഹോദരനും ലോക്‌സഭാ അംഗവുമായ ഡി.കെ സുരേഷിന്റെ വീട്ടിലും റെയ്ഡ് നടന്നതായാണ് വിവരം. 50 ലക്ഷത്തോളം രൂപ പിടിച്ചെടുത്തെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അനധികൃത സ്വത്ത് സമ്പാദന കേസിൽ നേരത്തെ ശിവകുമാറിനെതിരെ സി.ബി.ഐ കേസ് രജിസ്റ്റർ ചെയ്തിരുന്നു.ഞായറാഴ്ച കോടതിയിൽ നിന്നും വാറണ്ട് വാങ്ങിയ ശേഷം സി.ബി.ഐ എസ്‌.പി തോംസൺ ജോസിന്റെ നേതൃത്വത്തിലാണ് ഇന്നലെ രാവിലെ ആറിന് പരിശോധന ആരംഭിച്ചത്.

കർണാടകയിൽ വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിനെ അവതാളത്തിലാക്കാനുള്ള ബി.ജെ.പിയുടെ ശ്രമമായാണ് കോൺഗ്രസ് റെയ്ഡിനെ ഉപമിച്ചത്. 'റെയ്ഡ് ബി.ജെ.പിയുടെ കുടില തന്ത്രമാണെന്നും യെദിയൂരപ്പ സർക്കാരിന്റെ അഴിമതികൾ ആദ്യം പുറത്ത് കൊണ്ടുവരണ"മെന്നും കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല പറഞ്ഞു. ബി.ജെ.പിയുടെ കുടില തന്ത്രങ്ങൾ കൊണ്ട് തങ്ങളെ തകർക്കാനാവില്ലെന്ന് ശിവകുമാറിന്റെ സഹോദരൻ ഡി.കെ സുരേഷ് പ്രതികരിച്ചു.