thiruvananthapuram

തിരുവനന്തപുരം: തലസ്ഥാന ജില്ലയായ തിരുവനന്തപുരത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചത് 700 പേർക്ക്. ഇതിൽ 532 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം വന്നത്. അതേസമയം ഇന്ന് മാത്രം 910 പേർക്ക് രോഗമുക്തി ഉണ്ടായിട്ടുണ്ട്. ആരോഗ്യവകുപ്പ് നൽകുന്ന കണക്ക് പ്രകാരം, നിലവിൽ ജില്ലയിൽ 12,385 പേരാണ് രോഗം മൂലം ചികിത്സയിൽ കഴിയുന്നത്.

ജില്ലയിലുണ്ടായ രണ്ട് മരണങ്ങൾ കൊവിഡ് മൂലമെന്നും ഇന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം ബാലരാമപുരം സ്വദേശി അല്‍ഫോണ്‍സ് (72), പാറശാല സ്വദേശിനി സരസമ്മ (72) എന്നിവരുടെ മരങ്ങളാണ് രോഗം മൂലമെന്ന് ഇന്ന് ആലപ്പുഴ എൻ.ഐ.വി സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിൽ രോഗം മൂലം മരണപ്പെട്ടവരുടെ എണ്ണം 257 ആയി ഉയർന്നു.

എറണാകുളം ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്. 705 പേർക്കാണ് ഇന്ന് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 587 പേർ സമ്പർക്ക രോഗികളാണ്. എറണാകുളത്തെ അഞ്ച് മരണങ്ങൾ ഇന്ന് കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു.

എറണാകുളം എടയപ്പുറം സ്വദേശി പി.എം. അബ്ദുള്‍ സലാം (50), നെടുമ്പാശേരി സ്വദേശി കെ.എം. ബാവ (68), മൂപ്പതടം സ്വദേശിനി കെ.എസ്. ഷീല (48), കോമ്പറ സ്വദേശി തേവന്‍ (71), കാക്കനാട് സ്വദേശി ഹംസ (74) എന്നിവർക്കാണ് രോഗം ഉണ്ടായിരുന്നതായി കണ്ടെത്തിയത്. ജില്ലയിൽ ഇതുവരെ 79 കൊവിഡ് മരണങ്ങളാണ് ഉണ്ടായിരിക്കുന്നത്.