
ദുബായ് : ആദ്യ മത്സരത്തിൽ വിജയിച്ച ശേഷം മൂന്ന് കളികൾ തുടർച്ചയായി തോൽക്കുക, പോയിന്റ് പട്ടികയിലെ ഏറ്റവും അവസാന സ്ഥാനത്ത് തുടരുക തുടങ്ങി ഇതുവരെ ശീലമില്ലാത്ത കാര്യങ്ങളാണ് കൊവിഡ് കാലത്തെ ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർകിംഗ്സിന് അനുഭവിക്കേണ്ടിവന്നത്. എന്നാൽ അതിന് പിന്നാലെ ഈ സീസണിലെ ആദ്യ പത്തുവിക്കറ്റ് വിജയവുമായി പഞ്ചാബിനെതിരായ മത്സരത്തിൽ ധോണിപ്പട ആരാധകരെ ആവേശം കൊള്ളിച്ചിരുന്നു. ചെന്നൈ തിരുമ്പിവന്തിട്ടേനെന്ന മുദ്രാവാക്യവുമായി അവർ സോഷ്യൽ മീഡിയയിൽ നിറയുകയും ചെയ്തു. പക്ഷേ തൊട്ടുപിന്നാലെ കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനെതിരെ തോൽക്കേണ്ടിവന്നത് ആരാധകരെ പിന്നെയും പ്ളിംഗാക്കി. ചെന്നൈ തിരികെവന്തിട്ടേയില്ലെന്ന കളിയാക്കലും അവർക്ക് കേൾക്കേണ്ടിവരുന്നു.
മൂന്ന് തവണ കിരീടം നേടിയിട്ടുള്ള ചെന്നൈ മന്നന്മാർ ആദ്യ മത്സരത്തിൽ മുംബയ് ഇന്ത്യൻസിനെ കീഴടക്കിയശേഷം രാജസ്ഥാൻ ,ഡൽഹി,ഹൈദരാബാദ് എന്നിവരോടാണ് തുടർതോൽവികൾ ഏറ്റുവാങ്ങിയത്. നായകൻ ധോണിയും വാട്ട്സണും ഡുപ്ളെസിയും അമ്പാട്ടി റായ്ഡുവുമൊക്കെയായി സീനിയർ സിറ്റിസൺസായി യു.എ.ഇയിലെത്തിയ ചെന്നൈ സീസൺ തുടങ്ങും മുന്നേ തളരുകയാണോ എന്ന സംശയം നാലാം തോൽവിയോടെ ബലപ്പെട്ടിരിക്കുകയാണ്. ബെസ്റ്റ് ഫിനിഷർ എന്ന വിശേഷണം അന്വർത്ഥമാക്കിയിരുന്ന ധോണി ചേസിംഗിന്റെ നിർണായകഘട്ടത്തിൽ കാലിടറി വീഴുന്നത് പലതവണ ഈ സീസണിൽ കണ്ടുകഴിഞ്ഞു.
ദുബായ്‌യിൽ പഞ്ചാബ് ഉയർത്തിയ 178/4 എന്ന സ്കോർ ഒറ്റവിക്കറ്റുപോലും നഷ്ടപ്പെടാതെ ചേസ് ചെയ്ത് വിജയിച്ച ചെന്നൈയ്ക്കാണ് അബുദാബിയിൽ കൊൽക്കത്ത 168 റൺസിന്റെ ലക്ഷ്യം ബാലികേറാമലയായത്. ഓപ്പണർമാരായ ഷേൻ വാട്ട്സണും (83*) ഡുപ്ളെസിയും (87*) സീസണിലെ ഏറ്റവും ഉയർന്ന കൂട്ടുകെട്ടുയർത്തിയാണ് (181) പഞ്ചാബിനെതിരെ വിജയം നൽകിയത്. വാട്ട്സൺ (50) കൊൽക്കത്തയ്ക്കെതിരെയും അർദ്ധസെഞ്ച്വറി നേടിയെങ്കിലും പിന്തുണ നൽകാൻ ആരുമുണ്ടായില്ല. 21 പന്തുകളിൽ ജയിക്കാൻ 39 റൺസ് മാത്രം വേണ്ടിയിരുന്നപ്പോൾ സാം കറാൻ,കേദാർ യാദവ്,ബ്രാവോ, ജഡേജ എന്നിങ്ങനെ നാല് വമ്പനടിക്കാർ പരിശ്രമിച്ചിട്ടും ജയിക്കാനായില്ല എന്നത് ചെന്നൈയുടെ ചരിത്രത്തിൽത്തന്നെ നാണക്കേടായി മാറിയിട്ടുണ്ട്.
മെല്ലെ,മെല്ലെ...ധോണിയും കേദാറും
മഹേന്ദ്ര സിംഗ് ധോണിയുടെയും കേദാർ യാദവിന്റെയും മെല്ലെപ്പോക്കാണ് സൂപ്പർ കിംഗ്സിന്റെ തോൽവിയിലേക്ക് നയിച്ചതെന്ന് ആരാധകർ കരുതുന്നു.
14-ാം ഒാവറിന്റെ ആദ്യപന്തിൽ വാട്ട്സണെ നരെയ്ൻ എൽ.ബി ഡബ്യുവിൽ കുരുക്കിയതുമുതൽ കളിയുടെ ഗതി മാറാൻ തുടങ്ങിയതാണ്.
വാട്ട്സൻ പുറത്താകുമ്പോഴും 13.1 ഓവറിൽ മൂന്നിന് 101 റൺസ് എന്ന നിലയിലായിരുന്നു ചെന്നൈ. ഏഴു വിക്കറ്റ് ബാക്കിനിൽക്കെ 41 പന്തിൽ വിജയത്തിലേക്ക് വേണ്ടിയിരുന്നത് 67 റൺസ്.
പകരമിറങ്ങിയ ധോണിയ്ക്ക് സ്കോർ ബോർഡ് പെട്ടെന്ന് ഉയർത്താനായില്ല 17–ാം ഓവറിന്റെ മൂന്നാം പന്തിൽ വരുൺ ചക്രവർത്തിക്ക് മത്സരത്തിലെ ആദ്യ വിക്കറ്റ് സമ്മാനിച്ച് ക്ലീൻ ബൗൾഡായി മടങ്ങുമ്പോൾ ധോണി ആകെ നേടിയത് 12 പന്തിൽ 11 റൺസ്. ഇതിൽ ഒരേയൊരു ബൗണ്ടറി മാത്രമാണ് ഉണ്ടായിരുന്നത്.
ധോണി പുറത്തായതോടെ ബാറ്റിങ്ങിന്റെ വേഗം കൂടുമെന്ന് വിശ്വസിച്ച ആരാധകരെ തുടർന്നെത്തിയ കേദാർ യാദവ് തീർത്തും നിരാശരാക്കി.ട്വന്റി-20യോ ടെസ്റ്റോ കളിക്കുന്നതെന്ന് തിരിച്ചറിയാതെയാണ് കേദാർ ബാറ്റുചെയ്യുന്നത് എന്നുതോന്നിപ്പോയി. മത്സരത്തിൽ യാദവ് 12 പന്തിൽ ഏഴു റൺസാണെടുത്തത്.
ചെന്നൈയ്ക്ക് പിഴച്ചത്
1. വാട്ട്സണും ഡുപ്ളെസിയും നൽകിയ മികച്ച തുടക്കം മുതലാക്കാൻ കഴിഞ്ഞില്ല.ആദ്യ ആറോവർ പവർ പ്ളേയിലും 7-13 ഒാവറുകളിലും മേൽക്കൈ ചെന്നൈയ്ക്ക് തന്നെയായിരുന്നു. അവസാന ഏഴോവറുകളിലാണ് കാര്യങ്ങൾ കൈവിട്ടുപോയത്.
2. ബാറ്റ്സ്മാന്മാരുടെ എണ്ണക്കുറവല്ല ചെന്നൈയുടെ ചേസിംഗിനെ ബാധിച്ചത്; മറിച്ച് ബാറ്റ്സ്മാന്മാർ അവരുടെ ഉത്തരവാദിത്വം നിറവേറ്റാത്തതാണ്. വാട്ട്സൺ,ഡുപ്ളെസി,അമ്പാട്ടി, ധോണി,കേദാർ,ജഡേജ,കറാൻ, ബ്രാവോ എന്നിങ്ങനെ നന്നായി വീശാൻ കഴിയുന്ന എട്ടുപേർ ചെന്നൈ ടീമിലുണ്ടായിരുന്നു എന്നുകൂടി അറിയണം.
3. ബാറ്റ്സ്മാന്മാർ എണ്ണത്തിൽ കൂടിയിട്ടുകാര്യമില്ല ഇറങ്ങുന്ന പൊസിഷനും സാഹചര്യവും കൂടി മനസലാക്കി അതിനനുസരിച്ച് ബാറ്റുവീശാൻ കഴിയണം. ആദ്യ ചില മത്സരങ്ങളിൽ ആറാമതും ഏഴാമതുമൊക്കെ ഇറങ്ങിയ ധോണി കൊൽക്കത്തക്കെതിരെ ഇറങ്ങിയത് നാലാമനായി ഇറങ്ങിയിട്ടും ഗുണമുണ്ടായില്ല.
4. ചെന്നൈ സൂപ്പർ കിംഗ്സ് ഇന്നിംഗ്സിനിടെ കൊൽക്കത്ത ക്യാപ്ടൻ ദിനേഷ് കാർത്തിക്ക് കൊണ്ടുവന്ന ചില ബൗളിംഗ് ചേഞ്ചുകൾ ചെന്നൈയ്ക്ക് തിരിച്ചടിയായിരുന്നു. സുനിൽ നരെയ്നെ പത്തോവറിന് ശേഷം മാത്രം കൊണ്ടുവന്നതായിരുന്നു ഏറ്റവും നിർണായകം.
5. ചെന്നൈ ഇന്നിംഗ്സിൽ 11–ാം ഓവർ ബൗൾ ചെയ്തത് പാറ്റ് കമ്മിൻസാണ്. കമ്മിൻസിനെ കടന്നാക്രമിക്കാൻ ചെന്നൈ തയാറായില്ല. തൊട്ടുപിന്നാലെ സുനിൽ നരെയ്നെ ആക്രമണത്തിന് കൊണ്ടുവന്നു. ഇത് ചെന്നൈ താരങ്ങളിൽ കൂടുതൽ സമ്മർദ്ദം സൃഷ്ടിച്ചു. അവിടെവച്ചാണ് മത്സരത്തിന്റെ ഗതി മാറിയത്.