
ന്യൂഡല്‍ഹി: കൊവിഡ് ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ അടച്ചു പൂട്ടിയ രാജ്യത്തെ സ്‌കൂളുകള്‍ തുറക്കാനുള്ള പുതിയ മാര്‍ഗ നിര്‍ദേശങ്ങൾ പുറത്തിറക്കി കേന്ദ്ര സർക്കാർ. കുട്ടികൾക്ക് പ്രവർത്തി സമയങ്ങളിൽ മുഴുവൻ വൈദ്യ സഹായം ലഭ്യമാക്കണം, വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണം നൽകണം, അറ്റൻഡൻസിന്റെ കാര്യത്തിൽ കടുംപിടിത്തം പാടില്ല തുടങ്ങിയ കാര്യങ്ങളാണ് പുതിയ മാർഗനിർദേശത്തിൽ നൽകിയിരിക്കുന്നത്. മാതാപിതാക്കളുടെ രേഖാമൂലമുള്ള ഉറപ്പില്‍ മാത്രമായിരിക്കണം കുട്ടികള്‍ സ്‌കൂളിൽ എത്തേണ്ടതെന്നും നിർദേശത്തിൽ പറയുന്നു.
തിരക്കൊഴിവാക്കി ക്ലാസുകള്‍ ക്രമീകരിക്കണം. ഇരിപ്പിടങ്ങള്‍ക്ക് കൃത്യമായ അകലം ഉറപ്പാക്കണം. കുട്ടികളും അദ്ധ്യാപകരും സ്‌കൂള്‍ ജീവനക്കാരും മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം. സ്‌കൂളുകളില്‍ പരിപാടികളും മറ്റ് ചടങ്ങുകളും സംഘടിപ്പിക്കരുത്. സ്കൂൾ തുറന്ന് രണ്ട് മൂന്ന് ആഴ്ച പരീക്ഷകൾ നടത്തരുത്. വീട്ടിലിരുന്ന് പഠിക്കുന്നവർക്ക് മാതാപിതാക്കളുടെ സമ്മതത്തോടെ അനുവാദം നൽകാം.സ്കൂളിൽ അടിയന്തിര വൈദ്യസഹായം വേണ്ടി വന്നാൽ ആവശ്യമായ സൗകര്യം ഒരുക്കണം. നഴ്സ്, ഡോക്ടർ എന്നിവരുടെ സേവനം ഉറപ്പാക്കണം. കൃത്യമായ ഇടവേളകളിൽ വിദ്യാർത്ഥികളിലും അദ്ധ്യാപകരിലും മെഡിക്കൽ പരിശോധന നടത്തണം. തുടങ്ങിയ നിർദേശങ്ങളാണ് കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം പുറത്തിറക്കിയിരിക്കുന്നത്.
വിദ്യാർത്ഥികൾക്ക് പുതിയ അധ്യയന കാലത്തെ പരീക്ഷകൾ, ഇടവേളകൾ തുടങ്ങി എല്ലാ കാര്യങ്ങളും വിശദീകരിച്ച് നൽകണം. സ്‌കൂള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയാലും രണ്ട്, മൂന്ന് ആഴ്ചകള്‍ വരെ അസെയ്ന്‍മെന്റ് അടക്കമുള്ളവ നല്‍കാന്‍ പാടില്ലെന്നും പുതിയ മാര്‍ഗ നിര്‍ദ്ദേശത്തിൽ പറയുന്നു.