chennithala

തിരുവനന്തപുരം: ഏകാധിപതിയായ നരേന്ദ്രമോദിയുടെ ഭരണത്തിൻകീഴിൽ ആർക്കും എന്തുമാകാമെന്ന നിലയായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

ഹാഥ്‌രസിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിന് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ടും രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവർക്കെതിരായ യു.പി പൊലീസിന്റെ നടപടിയിൽ പ്രതിഷേധിച്ചും ഡി.സി.സി അങ്കണത്തിൽ നടന്ന സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഒരുകാലത്തുമില്ലാത്ത തരത്തിൽ രാജ്യത്ത് പിന്നാക്കക്കാർ ആക്രമിക്കപ്പെടുകയാണ്. ഹാഥ്‌രസിലെ നിഷ്ഠൂരമായ സംഭവത്തെ ന്യായീകരിക്കുന്ന നിലപാടുമായിട്ടാണ് യോഗി ആദിത്യനാഥിന്റെ ഭരണം. യു.പി.എ സർക്കാർ കൊണ്ടുവന്ന പട്ടികജാതി സംരക്ഷണ നിയമത്തിൽ വെള്ളം ചേർക്കാനുള്ള ശ്രമമാണ് മോദി സർക്കാർ നടത്തുന്നതെന്നും ചെന്നിത്തല പറഞ്ഞു.
ദളിതരെ മനുഷ്യരായി കാണാൻ ബി.ജെ.പിയും സി.പി.എമ്മും തയ്യാറാകുന്നില്ലെന്ന് ഓൺലൈനിലൂടെ അഭിസംബോധന ചെയ്ത കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻചാണ്ടി, യു.ഡി.എഫ് കൺവീനർ എം.എം ഹസൻ, വി.എസ്. ശിവകുമാർ, എം. വിൻസന്റ്, കെ. മോഹൻകുമാർ, പി.എസ്. പ്രശാന്ത്, ജോൺ വിനേഷ്യസ്, ആറ്റിപ്ര അനിൽ, വിനോദ്കൃഷ്ണ, ആർ.വി. രാജേഷ്, എം.എ. വാഹിദ്, ശാസ്തമംഗലം മോഹനൻ, ഡി. സുദർശനൻ, പി.കെ. വേണുഗോപാൽ, മലയിൻകീഴ് വേണുഗോപാൽ, ആർ. ലക്ഷ്മി, പേരൂർക്കട രവി, എം. മണികണ്ഠൻ തുടങ്ങിയവർ പങ്കെടുത്തു.