
കൊൽക്കത്ത: ബംഗാളിൽ ബി.ജെ.പി നേതാവും ബാരക്പുർ ജില്ലാ കമ്മിറ്റി അംഗവും ടീടാഗഢ് മുനിസിപ്പൽ കൗൺസിലറുമായ മനീഷ് ശുക്ല വെടിയേറ്റ് മരിച്ചു. ഞായറാഴ്ച രാത്രി പൊലീസ് സ്റ്റേഷൻ പരിസരത്ത് പ്രാദേശിക പാർട്ടി നേതാക്കളുമായി സംസാരിച്ചു നിൽക്കെയായിരുന്നു ആക്രമണം.
സംഭവത്തെ തുടർന്ന് ബാരക്പുർ മേഖലയിൽ 12 മണിക്കൂർ ബന്ദിന് ബി.ജെ.പി ആഹ്വാനം ചെയ്തു. തൃണമൂൽ കോൺഗ്രസാണ് ആക്രമണത്തിന് പിന്നിലെന്നാണ് ബി.ജെ.പിയുടെ ആരോപണം.
എന്നാൽ, ആരോപണം തൃണമൂൽ തള്ളി. ബി.ജെ.പിക്കുള്ളിലെ പോരാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും തൃണമൂലിന് ഇതിൽ പങ്കില്ലെന്നും പാർട്ടി വൃത്തങ്ങൾ പറഞ്ഞു.
മോട്ടോർ സൈക്കിളിലെത്തിയ ഒരു സംഘം ആളുകൾ മനീഷിന്റെ നേർക്ക് വെടിയുതിർക്കുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.
തലയിലും നെഞ്ചിലും പുറകിലും വെടിയേറ്റ മനീഷിനെ ആദ്യം ബാരക്പുരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കൊൽക്കത്തയിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബാരക്പൂർ എം.പി അർജുൻ സിംഗിന്റെ അടുത്ത അനുയായിയാണ് മനീഷ്.
ബംഗാൾ ഗവർണർ ജഗദീപ് ധൻഖർ സംഭവത്തിൽ അപലപിച്ചു.