
മുംബയ്: പ്രമുഖ വിമാനക്കമ്പനിയായ എയർ ഏഷ്യ ഇന്ത്യയുടെ 49 ശതമാനം ഓഹരികൾ ഏറ്റെടുക്കാനുള്ള ചർച്ചകൾക്ക് ടാറ്റാ സൺസ് തുടക്കമിട്ടു. മലേഷ്യൻ കമ്പനിയായ എയർ ഏഷ്യയുടെയും ടാറ്റയുടെയും ഇന്ത്യയിലെ സംയുക്ത സംരംഭമാണ് എയർ ഏഷ്യ ഇന്ത്യ. കൊവിഡിൽ എയർ ഏഷ്യ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ പശ്ചാത്തലത്തിലാണ് ഇന്ത്യാ വിഭാഗത്തിന്റെ ഓഹരി ഏറ്റെടുക്കാൻ ടാറ്റയുടെ ശ്രമം.
നിലവിൽ എയർ ഏഷ്യ ഇന്ത്യയുടെ 51 ശതമാനം ഓഹരികൾ ടാറ്റയുടെയും ബാക്കി എയർ ഏഷ്യയുടെയും കൈവശമാണ്. കൊവിഡിൽ സർവീസുകൾ നിലച്ചതോടെ ആഗസ്റ്റിൽ 60 കോടി ഡോളറിന്റെ (ഏകദേശം 4,400 കോടി രൂപ) നഷ്ടം കമ്പനി നേരിട്ടിരുന്നു.
2014ലാണ് എയർ ഏഷ്യ ഇന്ത്യയുടെ തുടക്കം. അന്ന് 49 ശതമാനം വിഹിതം എയർ ഏഷ്യയ്ക്കും 41.1 ശതമാനം ടാറ്റയ്ക്കുമായിരുന്നു. ബാക്കി വ്യവസായിയായ അരുൺ ഭാട്ടിയയ്ക്കും. 2018ൽ ഓഹരികൾ ടാറ്റ 51 ശതമാനമായി ഉയർത്തി. ഏഴ് ശതമാനം വിപണി വിഹിതമാണ് എയർ ഏഷ്യ ഇന്ത്യയ്ക്ക് ഇന്ത്യയിലുള്ളത്.
ജപ്പാനിൽ ചിറകുമടക്കി
കൊവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധിമൂലം ജപ്പാനിലെ പ്രവർത്തനം അവസാനിപ്പിക്കുന്നതായി എയർ ഏഷ്യ വ്യക്തമാക്കി. ഇന്ത്യയിലെയും ജപ്പാനിലെയും പ്രവർത്തനം നിറുത്തുമെന്ന സൂചന ഗ്രൂപ്പ് സി.ഇ.ഒ ടോണി ഫെർണാണ്ടസ് അടുത്തിടെ നൽകിയിരുന്നു.