tej

പാട്ന: ആർ.ജെ.ഡി വിമതനേതാവ് ശക്തി മാലിക്കിന്റെ കൊലപാതകത്തിൽ ലാലു പ്രസാദ് യാദവിന്റെ മക്കളടക്കം ആറുപേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. പട്ടിക വിഭാഗത്തിൽ നിന്നുള്ള നേതാവായ ശക്തി മാലിക്കിനെ കഴിഞ്ഞ ദിവസം മൂന്നംഗ അജ്ഞാതസംഘം പുർണിയയിലെ വീട്ടിലെത്തി വെടിവച്ച് കൊല്ലുകയായിരുന്നു. ലാലുവിന്റെ മക്കളായ ബിഹാർ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ്, സഹോദരനും മുൻ മന്ത്രിയുമായ തേജ് പ്രതാപ് യാദവ്, കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാന്റെ ബന്ധുവും ആർ.ജെ.ഡി നേതാവുമായ അനിൽകുമാർ സാധു എന്നിവരടക്കം കേസിൽ പ്രതികളാണ്. എന്നാൽ, നിയമസഭാ തിരഞ്ഞെടുപ്പിനെ അട്ടിമറിക്കാനുള്ള ഗൂഡാലോചനയാണിതെന്ന് ആർ.ജെ.ഡി പ്രതികരിച്ചു.

ആർ.ജെ.ഡി ജനറൽ സെക്രട്ടറിയും എസ്‍‍‍സി/എസ്ടി സെൽ സംസ്ഥാന പ്രസിഡന്റുമായിരുന്ന ശക്തിമാലിക് പാർട്ടി നേതൃത്വവുമായി തെറ്റിയതിനെ തുടർന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ തീരുമാനിച്ചിരുന്നു. സ്ഥാനാർത്ഥിയാകുന്നതിന് തേജസ്വി യാദവ് 50 ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന ശക്തി മാലിക്കിന്റെ ആരോപണമാണ് പാർട്ടിയിൽ നിന്ന് പുറത്താക്കാൻ കാരണമായത്. ഇതേ തുടർന്ന് മാലിക്കിനെ ജാതീയമായി ആക്ഷേപിക്കുകയും ഇല്ലാതാക്കുമെന്ന് പറയുകയും ചെയ്യുന്ന തേജസ്വിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.