
ജനീവ : ലോകത്തെ ആകെ ജനസംഖ്യയിൽ പത്തിലൊരാൾക്ക് കൊവിഡ് ബാധിച്ചിരിക്കാമെന്ന് ലോകാരോഗ്യ സംഘടനയുടെ അടിയന്തിര വിഭാഗ തലവൻ ഡോ. മൈക്കേൽ റയാൻ. ലോകാരോഗ്യ സംഘടനയുടെ 34 അംഗ എക്സിക്യൂട്ടീവ് ബോർഡിന്റെ പ്രത്യേക സെഷനിലായിരുന്നു റയാന്റെ പ്രസ്താവന. അതായത് ലോകത്ത് ഇന്ന് സ്ഥിരീകരിച്ചിരിക്കുന്ന ആകെ കേസുകളുടെ 20 ഇരട്ടിയിലേറെ പേർക്ക് കൊവിഡ് ബാധിച്ചിരിക്കാമെന്നും ലോകം വളരെ കഠിനമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
' ലോകത്തെ വലിയൊരു പങ്ക് ജനതയും ഇന്ന് അപകട സാദ്ധ്യതയെ അഭിമുഖീകരിക്കുന്നുണ്ട്. വൈറസ് വ്യാപനം ഉയരുമെങ്കിലും അതിനെ അടിച്ചമർത്താൻ മനുഷ്യന് സാധിക്കും. തെക്ക് കിഴക്കൻ ഏഷ്യയിൽ കേസുകളിൽ വൻ കുതിപ്പുണ്ടാവുന്നു. യൂറോപ്പിലും കിഴക്കൻ മെഡിറ്ററേനിയൻ പ്രദേശങ്ങളിലും കൊവിഡ് മരണങ്ങൾ കൂടുന്നു. അതേ സമയം, ആഫ്രിക്കയിലും പടിഞ്ഞാറൻ പസഫിക് മേഖലയിലും സ്ഥിതിഗതികളിൽ അല്പം ആശ്വാസമുണ്ട്. ഞങ്ങളുടെ പുതിയ കണക്കുകൾ പറയുന്നത് ലോകത്തെ പത്ത് ശതമാനം പേർക്കും കൊവിഡ് ബാധിച്ചിരിക്കാമെന്നാണ്. ' റയാൻ പറഞ്ഞു.
ഏകദേശം 760 കോടി ആണ് ലോകത്തെ ആകെ ജനസംഖ്യ. ഇതിൽ 76 കോടി പേർക്കെങ്കിലും കൊവിഡ് ബാധിച്ചിരിക്കാമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. എന്നാൽ നിലവിൽ 3.5 കോടിയിലേറെ പേർക്ക് മാത്രമാണ് കൊവിഡ് 19 ബാധിച്ചതായി ഔദ്യോഗിക കണക്കുകൾ പറയുന്നത്.