su

മുംബയ്: നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണം ആത്മഹത്യയല്ല കൊലപാതകമാണെന്ന് കാട്ടുന്ന ശബ്ദരേഖ പുറത്തുവന്നു. ഒരു ദേശീയ മാധ്യമം പുറത്തുവിട്ട ശബ്ദരേഖയിൽ എയിംസ് തലവൻ ഡോ. സുധീർ ഗുപ്തയാണ് ഇക്കാര്യം പറയുന്നത്. സുശാന്തിന്റെ മരണം ആത്മഹത്യയാണെന്നും സംശയിക്കത്തക്ക കാര്യമൊന്നും ഇല്ലെന്നും കാട്ടി എയിംസ് വിദഗ്ദ്ധർ റിപ്പോർട്ട് നൽകിയതിനു പിന്നാലെയാണ് ആശുപത്രി തലവന്റെ ശബ്ദരേഖ പുറത്തുവരുന്നത്. സുശാന്തിനെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് എയിംസിലെ ഡോക്ടർ തന്നോടു പറഞ്ഞതായി താരത്തിന്റെ പിതാവ് വികാസ് സിംഗ് സെപ്തംബർ 25ന് ട്വിറ്റിലൂടെ വെളിപ്പെടുത്തിയിരുന്നു.

നടൻ ജീവനൊടുക്കിയതു തന്നെയെന്നും മറ്റു പരിക്കുകളോ ബലപ്രയോഗത്തിന്റെ അടയാളങ്ങളോ വിഷം ഉള്ളിൽ ചെന്നതിന്റെ സൂചനയോ ഇല്ലെന്നും എയിംസ് ഫൊറൻസിക് വിഭാഗം മേധാവി ഡോ. സുധീർ ഗുപ്തയുടെ നേതൃത്വത്തിലുള്ള ആറംഗസംഘം വിശദ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് ഡോ. സുധീർ ഗുപ്തയുടെതന്നെ ശബ്ദ സന്ദേശം പുറത്തുവന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ വീണ്ടും ഫൊറൻസിക് പരിശോധന നടത്തണമെന്ന് സുശാന്തിന്റെ കുടുംബം ആവശ്യപ്പെട്ടു. സുശാന്തിന്റെ മരണം ആത്മഹത്യയാണോ കൊലപാതകമാണോയെന്ന് സി.ബി.ഐ വിശദമാക്കണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് രംഗത്തെത്തിയിരുന്നു. മരണത്തിന്റെ തലേന്ന് സുശാന്തും കാമുകി റിയ ചക്രവർത്തിയും കണ്ടിരുന്നെന്നും നടന്റെ ഫ്ലാറ്റിൽ പാർട്ടി നടന്നിരുന്നെന്നുമുള്ള വാദങ്ങൾ സുശാന്തിന്റെ സുഹൃത്തും സഹവാസിയുമായിരുന്ന സിദ്ധാർഥ് പിഥാനി തള്ളി. ഡൽഹി എംയിസിലെ ഫൊറൻസിക് സംഘത്തിന്റെ റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെ, കാമുകി റിയ ചക്രവർത്തിയുൾപ്പെട്ട ലഹരിമരുന്നു കേസിന് സുശാന്തിന്റെ മരണവുമായി കാര്യമായ ബന്ധമില്ലെന്നു നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി)യും വ്യക്തമാക്കിയിരുന്നു. മരണത്തിലേക്കു നയിച്ചത് ലഹരിമരുന്നല്ല എന്ന സൂചനകളാണ് എയിംസിലെ ഫൊറൻസിക് വിഭാഗവും എൻസിബിയും നൽകുന്നത്.