ipl-delhi-win

ദുബായ് : ബാംഗ്ളൂർ റോയൽ ചലഞ്ചേഴ്സിനെ 59 റൺസിന് കീഴടക്കി ഡൽഹി ക്യാപ്പിറ്റൽസ് ഐ.പി.എൽ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. ആദ്യം ബാറ്റ് ചെയ്ത ഡൽഹി 196/4 എന്ന സ്കോർ ഉയർത്തിയപ്പോൾ ബാംഗ്ളൂർ 137/9ൽ ഒതുങ്ങുകയായിരുന്നു.ഇതോടെ ഡൽഹിക്ക് അഞ്ചുകളികളിൽ നിന്ന് എട്ടുപോയിന്റായി.

ടോസ് നേടി​യ ബാംഗ്ളൂർ ക്യാപ്ടൻ വി​രാട് കൊഹ്‌ലി​ ഡൽഹി​യെ ബാറ്റിംഗി​ന് ക്ഷണി​ക്കുകയായി​രുന്നു.നാലുവിക്കറ്റ് നഷ്ടത്തിലാണ് അവർ 196ലെത്തിയത്. 26 പന്തുകളിൽ ആറുഫോറും രണ്ട് സിക്സുമടിച്ച മാർക്കസ് സ്റ്റോയ്നിസ് (53*), പൃഥ്വി ഷാ (42), ശിഖർ ധവാൻ(32), റിഷഭ് പന്ത് (37)

എന്നിവരുടെ പരിശ്രമമാണ് മാന്യമായ സ്കോർ നൽകിയത്. ബാംഗ്ളൂർ നിരയിൽ നായകൻ കൊഹ്‌ലി (43)ഒഴികെയുള്ളവർക്ക് തിളങ്ങാനായില്ല. നാലോവറിൽ 18 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ അക്ഷർ പട്ടേലാണ് മാൻ ഒഫ് ദ മാച്ച്.

പൃഥ്വി ഷായും ശിഖർ ധവാനും ചേർന്ന് മികച്ച തുടക്കമാണ് ഡൽഹിക്ക് നൽകിയത്. 40 പന്തുകളിൽ 68 റൺസ് കൂട്ടിച്ചേർത്തശേഷമാണ് സഖ്യം പിരിഞ്ഞത്. 23 പന്തുകൾ നേരിട്ട് അഞ്ചുഫോറും മൂന്ന് സിക്സും പായിച്ച ഷാ ഏഴാം ഒാവറിൽ മുഹമ്മദ് സിറാജിന്റെ പന്തിൽ കീപ്പർ ഡിവില്ലിയേഴ്സിന് ക്യാച്ച് നൽകിയാണ് പുറത്തായത്. പത്താം ഒാവറിൽ ധവാനും മടങ്ങി.28 പന്തുകളിൽ മൂന്ന് ഫോറുകൾ പായിച്ച ധവാൻ ഇസിരു ഉഡാനയുടെ പന്തിൽ മൊയീൻ അലിക്ക് ക്യാച്ച് നൽകുകയായിരുന്നു.ഇതോടെ ഡൽഹി 82/2 എന്ന നിലയിലായി.

90 റൺസിലെത്തിയപ്പോൾ നായകൻ ശ്രേയസ് അയ്യരും കൂടാരം കയറി. മൊയീൻ അലിയെ ഉയർത്തിയടിച്ച ശ്രേയസിനെ ബൗണ്ടറി ലൈനിനരികിൽ മലയാളി താരം ബുദ്ധിപരമായ ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു.ബൗണ്ടറിലൈനിന് വെളിയിൽ നിന്ന് അകത്തേക്ക് പന്തുതട്ടിയിട്ടശേഷം തിരിച്ചുകയറി ക്യാച്ചെടുക്കുകയായിരുന്നു ദേവ്ദത്ത്.

തുടർന്ന് ക്രീസിലൊരുമിച്ച സ്റ്റോയ്നിസും റിഷഭ് പന്തും ചേർന്ന് സ്കോർ ബോർഡ് ഉയർത്താൻ തുടങ്ങി. തുടർച്ചയായി വമ്പൻ ഷോട്ടുകൾ ഉതിർത്ത സ്റ്റോയ്നിസിനെ ചഹൽ കൈവിട്ടത് ബാംഗ്ളൂരിന് വിനയായി. 41 പന്തുകൾ നേരിട്ട കൂട്ടുകെട്ട് 89 റൺസാണ് അടിച്ചുകൂട്ടിയത്. 25 പന്തുകളിൽ മൂന്ന് ഫോറും രണ്ട് സിക്സുമടിച്ച റിഷഭിനെ 19-ാം ഒാവറിൽ ബൗൾഡാക്കി സിറാജാണ് സഖ്യം പൊളിച്ചത്.

മറുപടി​ക്കി​റങ്ങി​യ ബാംഗ്ളൂരിന് ഇൻഫോം ഓപ്പണർ ദേവ്ദത്ത് പ‌ടിക്കലിനെയും (4)ആരോൺ ഫിഞ്ചിനെയും (13) എ.ബി ഡിവില്ലിയേഴ്സിനെയും (9) പവർപ്ളേയ്ക്കുള്ളിൽ നഷ്ടമായി.ദേവ്ദത്തിനെ അശ്വിന്റെ പന്തിൽ സ്റ്റോയ്നിസ് പിടികൂടിയപ്പോൾ ഫിഞ്ചിനെ അക്ഷർ പട്ടേലും ഡിവില്ലിയേഴ്സിനെ നോർട്ടേയും മടക്കി അയയ്ക്കുകയായിരുന്നു. ഇതോടെ 43/3 എന്ന നിലയിലായ ബാംഗ്ളൂരിനായി കൊഹ്‌ലി (39 പന്തുകളിൽ 43)പൊരുതിയെങ്കിലും പിന്തുണയ്ക്കാൻ ആളുണ്ടായില്ല.മൊയീൻ അലി (11), വാഷിംഗ്ടൺ സുന്ദർ (17),ശിവം ദുബെ (11) എന്നിവർ പുറത്തായതോടെ ബാംഗ്ളൂരിന്റെ തോൽവി ഉറപ്പായി.

പോ​​​യി​​​ന്റ് ​​​നില
ഡ​​​ൽ​​​ഹി​​​ ​ 5​​​-4​​​-0​​​-​​​ 8
മും​​​ബ​​​യ് ​ 5​​​-3​​​-2​​​-6
ബാം​​​ഗ്ളൂ​​​ർ​ 5​​​-3​​​-2​​​-6
കൊ​​​ൽ​​​ക്ക​​​ത്ത​ 4​​​-2​​​-2​​​-4
രാ​​​ജ​​​സ്ഥാ​​​ൻ​​​ ​ 4​​​-2​​​-2​​​-4
ചെ​​​ന്നൈ​​​ ​​​ 5​​​-2​​​-3​​​-4
ഹൈ​​​ദ​​​രാ​​​ബാ​​​ദ് ​​​ 5​​​-2​​​-3​​​-4
​​പ​​​ഞ്ചാ​​​ബ് 5​​​-1​​​-4​​​-2