k-k-usha

കൊച്ചി: കേരള ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റിസായ ആദ്യ മലയാളി വനിത ജസ്റ്റിസ് കെ.കെ.ഉഷ (81) അന്തരിച്ചു. 2000-2001ല്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്നു. 1961ല്‍ അഭിഭാഷകവൃത്തി ആരംഭിച്ച ഉഷ 1979ല്‍ കേരള ഹൈക്കോടതിയില്‍ ഗവ. പ്ലീഡറായി. 1991 ഫെബ്രുവരി 25 മുതല്‍ 2001 ജൂലൈ 3 വരെ കേരള ഹൈക്കോടതിയില്‍ ജഡ്ജിയും 2000-2001ല്‍ ചീഫ് ജസ്റ്റിസുമായി.

അനുശോചനം അറിയിച്ച് മുഖ്യമന്ത്രി

നീതിന്യായ മേഖലയ്ക്ക് വലിയ സംഭാവന നല്‍കിയ ജഡ്ജിയും അഭിഭാഷകയുമായിരുന്നു ജസ്റ്റിസ് കെ.കെ.ഉഷ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുസ്മരിച്ചു. ഹൈക്കോടതി ജഡ്ജി എന്ന നിലയിലും ചീഫ് ജസ്റ്റിസ് എന്ന നിലയിലും മികച്ച പ്രവര്‍ത്തനമാണ് അവര്‍ നടത്തിയത്.

സ്ത്രീകളുടെ പ്രശ്‌നങ്ങളില്‍ സ്ത്രീപക്ഷ കാഴ്ചപ്പാടോടെ അവര്‍ നടത്തിയ ഇടപെടലുകള്‍ ശ്രദ്ധേയമായിരുന്നു. അഭിഭാഷകവൃത്തിയില്‍ സ്ത്രീകള്‍ കുറവായിരുന്ന കാലത്താണ് അവര്‍ ഈ രംഗത്തേക്ക് വന്നതും സ്വപ്രയത്‌നത്തിലൂടെ ശോഭിച്ചതും. സൗമ്യമായ പെരുമാറ്റവും ഇടപെടലും അവരുടെ സവിശേഷതയായിരുന്നു. ഉഷയുടെ നിര്യാണത്തില്‍ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നതായും മുഖ്യമന്ത്രി പറഞ്ഞു.