moguicheng-

ഇതാണ് മോഗ്വിചെംഗ്. ചൈനയിലെ ഷിൻജിയാംഗ് പ്രവശ്യയിലെ ജനവാസമില്ലാത്ത മരുഭൂമിയാണിത്. കാണുമ്പോൾ എന്തോ പന്തികേട് തോന്നുന്നുണ്ടോ. ഉണ്ടെങ്കിൽ കുറച്ചൊക്കെ ഉണ്ട്. ' മോഗ്വിചെംഗ് ' എന്ന പേരിനർത്ഥം തന്നെ 'ചെകുത്താന്റെ നഗരം ' എന്നാണ്.

ചെറുതും വലുതുമായ കുന്നുകൾ നിറഞ്ഞ മോഗ്വിചെംഗ് കാഴ്‌ചയിൽ മനോഹരമാണ്. ശക്തമായ കാറ്റും വരണ്ട കാലാവസ്ഥയുമാണ് ഈ കുന്നുകൾ രൂപാന്തരപ്പെടാൻ കാരണമായതെന്ന് കരുതുന്നു. കുന്നുകളും രൂപമാറ്റം സംഭവിച്ച കല്ലുകൾക്കും ദൂരെ നിന്ന് നോക്കുമ്പോൾ മരുഭൂമിയിൽ പുരാതന കോട്ടകൾ ഉയർന്ന് നിൽക്കുന്നത് പോലെ നമുക്ക് തോന്നും. പക്ഷേ, ഇരുട്ടിൽ ഈ രൂപങ്ങൾ ഭയപ്പെടുത്തും.

moguicheng-

എന്നാൽ മോഗ്വിചെംഗിന്റെ ഏറ്റവും വലിയ പ്രത്യേകത ഇതൊന്നുമല്ല. ചില അജ്ഞാത ശബ്‌ദങ്ങളാണ് അത്. എവിടെ നിന്നാണ് ഈ ശബ്ദങ്ങൾ വരുന്നതെന്ന് ആർക്കും അറിയില്ല. സൂര്യപ്രകാശമുള്ള തെളിഞ്ഞ ദിവസങ്ങളിൽ ഇളംകാറ്റിനൊപ്പം കാതുകൾക്ക് സുഖകരമായ ശബ്‌ദങ്ങൾ ഈ പ്രദേശത്ത് കേൾക്കാൻ സാധിക്കുമത്രെ. ലക്ഷക്കണക്കിന് മണികൾ മുഴങ്ങുന്നത് പോലെയോ ഗിറ്റാറിന്റെ തന്ത്രികളിൽ നിന്നും ഒഴുകിയെത്തുന്ന മെലഡി പോലെയോ ആണ് ഈ ശബ്‌ദങ്ങൾ തോന്നുക.

moguicheng-

എന്നാൽ കാറ്റ് ശക്തമായാൽ കഥ മാറും. കടുവകളുടെ ഘോരമായ അലറൽ, ആനകളുടെ കൂട്ട ചിന്നംവിളി, കുഞ്ഞുങ്ങളുടെ കരച്ചിൽ തുടങ്ങിയ ശബ്‌ദങ്ങളാണ് അപ്പോൾ കേൾക്കാൻ സാധിക്കുക. ഇതൊക്കെ പകൽവെളിച്ചത്തിലാണ്. ഇനി ആകാസം ഇരുട്ടുമ്പോൾ വീണ്ടും ട്വിസ്റ്റ്. അപ്പോൾ അനേകം മൃഗങ്ങളും മനുഷ്യരും കരയുന്നതും കലഹിക്കുന്നതുമായ ശബ്‌ദങ്ങളാണ് കേൾക്കുന്നതത്രെ. കാറ്റിന്റെ ശക്തി കൂടുന്നതിനനുസരിച്ച് ശബ്ദത്തിന്റെ ഭീകരതയും കൂടുന്നു.

moguicheng-

ഈ വിചിത്ര ശബ്‌ദങ്ങളുടെ പിന്നിലെ രഹസ്യം ഇന്നേ വരെ വ്യക്തമായിട്ടില്ല. നല്ല ശബ്‌ദങ്ങൾ ദേവതമാരുടെയും ഭീകര ശബ്‌ദങ്ങൾ ചെകുത്താന്റെയും പ്രേതങ്ങളുടെയുമാണെന്നാണ് നാട്ടുകാരുടെ വിശ്വാസം. മോഗ്വിചെംഗ് ചെകുത്താന്റെ നഗരമാകാൻ കാരണവും ഇതുതന്നെ.