
ന്യൂഡൽഹി: കൊവിഡും ലോക്ക്ഡൗണും സൃഷ്‌ടിച്ച പ്രതിസന്ധിയിൽ നിന്ന് കരകയറി ഇന്ത്യയിൽ നിന്നുള്ള ബസുമതി ഇതര അരി കയറ്റുമതിയുടെ മുന്നേറ്റം. നടപ്പുവർഷം ഏപ്രിൽ-ജൂലായ് കാലയളവിൽ മുൻവർഷത്തെ സമാന കാലയളവിനേക്കാൾ 68 ശതമാനമാണ് കയറ്റുമതി വളർച്ച.
പ്രധാന എതിരാളിയായ തായ്‌ലൻഡിൽ ഉത്‌പാദനം കുറഞ്ഞതും ഇന്ത്യയ്ക്ക് വലിയ നേട്ടമായി. 2.99 മില്യൺ ടൺ ബസുമതി ഇതര അരിയാണ് ഏപ്രിൽ-ജൂലായിൽ ഇന്ത്യ വിദേശ വിപണികളിലെത്തിച്ചത്. 1.78 മില്യൺ ടണ്ണായിരുന്നു 2019ലെ സമാനകാലത്ത്. വരുമാനം 4,816 കോടി രൂപയിൽ നിന്ന് 8,903 കോടി രൂപയായും വർദ്ധിച്ചു.
170 രാജ്യങ്ങളിലേക്ക് ഇന്ത്യ ബസുമതി ഇതര അരി കയറ്റുമതി ചെയ്യുന്നുണ്ട്. സെപ്‌തംബർ-ഒക്‌ടോബറിൽ ഡിമാൻഡ് ഇതിലും വർദ്ധിക്കുമെന്ന് കയറ്റുമതിക്കാർ പറയുന്നു. ബംഗ്ളാദേശിലേക്കും വൈകാതെ കയറ്റുമതി ഉണ്ടാകും.
ബസുമതിക്ക് ഭൗമസൂചിക:
പാകിസ്ഥാനെ പൂട്ടാൻ ഇന്ത്യ
ബസുമതി അരിക്ക് ഭൗമസൂചിക (ജ്യോഗ്രഫിക്കൽ ഇൻഡിക്കേഷൻ - ജി.ഐ) പദവി കിട്ടാനായി ഇന്ത്യ യൂറോപ്പ്യൻ യൂണിയനെ സമീപിച്ചു. ആഗോള ബസുമതി കയറ്റുമതിയിൽ 65 ശതമാനവും ഇന്ത്യയുടെ പങ്കാണ്. ബാക്കിവിഹിതം കയറ്റുമതി ചെയ്യുന്ന പാകിസ്ഥാന് വൻ തിരിച്ചടിയാണ് ഇന്ത്യയുടെ 'ഭൗമസൂചിക" നീക്കം.
കൃത്യമായ കാർഷികമേഖല കണക്കാക്കിയാണ് ഇന്ത്യ ഭൗമസൂചികയ്ക്കായി അപേക്ഷിച്ചത്. പാകിസ്ഥാന് ഇത്തരം കണക്കുകളില്ല. ആഗോളതലത്തിൽ വിലയും നിലവാരവും ഏറെയുള്ളതും ഇന്ത്യൻ ഇനത്തിനാണ്.