
കൊച്ചി: ലൈഫ് മിഷന്‍ ഇടപാടുമായി ബന്ധപ്പെട്ട വിവാദത്തിനിടെ രമേശ് ചെന്നിത്തലക്ക് ഐഫോണ്‍ നല്‍കിയെന്ന വാദത്തില്‍ മലക്കം മറിഞ്ഞ് യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍. സ്വപ്ന സുരേഷിന് അഞ്ച് ഐഫോണുകള്‍ നല്‍കുകയാണ് ചെയ്തത്. അത് അവര്‍ ആര്‍ക്ക് നല്‍കിയെന്ന് അറിയില്ലെന്നും സന്തോഷ് ഈപ്പന്‍ പറഞ്ഞു.
വിജിലന്‍സിന് ഇന്ന് നല്‍കിയ മൊഴിയാണ് തിരുത്തിയത്. നേരത്തെ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു ചെന്നിത്തലക്ക് ഐഫോണ്‍ നല്‍കിയെന്ന് പറഞ്ഞത്. സന്തോഷ് ഈപ്പനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അപകീര്‍ത്തിക്കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.
സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ നിര്‍ദേശപ്രകാരം, യു എ ഇ കോണ്‍സുലേറ്റിന്റെ പരിപാടിയ്ക്കിടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് നല്‍കാന്‍ ഐഫോണ്‍ വാങ്ങി നല്‍കിയെന്ന് സന്തോഷ് ഈപ്പന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പരാമര്‍ശിച്ചിരുന്നു. ഇത് പിന്‍വലിച്ച് മാപ്പ് പറയണമെന്നും, അതല്ലെങ്കില്‍ ഒരു കോടി രൂപ നഷ്ടപരിഹാരം തരണമെന്നുമാണ് ചെന്നിത്തലയുടെ വക്കീല്‍ നോട്ടീസില്‍ പറയുന്നത്.
സന്തോഷ് ഈപ്പന്‍ ഇത്തരത്തില്‍ ഹര്‍ജിയില്‍ എഴുതിയതിന് പിന്നില്‍ സി പി എം ആണെന്നും ചെന്നിത്തല ആരോപിക്കുന്നു. ഐഫോണ്‍ ആര്‍ക്കാണ് നല്‍കിയതെന്ന് കണ്ടെത്തുന്നത് വരെ പോരാടുമെന്ന് ചെന്നിത്തല മാദ്ധ്യമങ്ങളോട് പറഞ്ഞു.