
ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഹാഥ്‌രസിൽ കൂട്ടമാനഭംഗത്തിനിരയായ പെൺകുട്ടി കൊല്ലപ്പെട്ട സംഭവത്തിൽ സമയബന്ധിതമായി നടപടിയെടുക്കുന്നതിൽ അധികൃതരുടെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ച സംഭവിച്ചതായി കണ്ടെത്തൽ. പെൺകുട്ടി പീഡനത്തിന് ഇരയായിട്ടില്ലെന്നും പുരുഷബീജം കണ്ടെത്താനായിട്ടില്ലെന്നും അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയിലെ ജവഹർലാൽ നെഹ്‌റു മെഡിക്കൽ കോളേജിലെ ഫോറൻസിക് സംഘം നേരത്തെ കണ്ടെത്തിയിരുന്നു. എന്നാൽ ഇത് കൃത്യമല്ലെന്നാണ് ഇപ്പോൾ പുറത്തുവരുന്ന സൂചനകൾ.
പീഡനം നടന്ന് 92 മണിക്കൂറിനുള്ളിൽ ഫോറൻസിക് സാമ്പിളുകൾ ശേഖരിക്കേണ്ടതാണ്. എന്നാൽ ഹാഥ്‌രസിലെ പെൺകുട്ടിയുടെ മൃതശരീരം സംഭവം നടന്ന് എട്ട് ദിവസങ്ങൾക്ക് ശേഷം സെപ്റ്റംബർ 22നാണ് ഫോറൻസിക്ക് സംഘം പരിശോധിക്കുന്നത്. തുടർന്ന് 11 ദിവസങ്ങൾക്ക് ശേഷം സെപ്റ്റംബർ 25നാണ് മറ്റു സാമ്പിളുകൾ ഫോറൻസിക് ലബോറട്ടറിയിലേക്ക് അയക്കുന്നത്.90 മണിക്കൂറിൽ കൂടുതൽ പുരുഷ ബീജത്തിന് അതിജീവിക്കാൻ കഴിയില്ല. ഇതിനാൽ തന്നെ എട്ട് ദിവസങ്ങൾക്ക് ശേഷം നടത്തിയ പരിശോധനയിൽ പുരുഷ ബീജം കണ്ടെത്താനായില്ലെന്ന ഫോറൻസിക്ക് റിപ്പോർട്ട് ആധികാരികമല്ലെന്നും പറയപ്പെടുന്നു. പെൺകുട്ടി മരിക്കുന്നതിന് മുമ്പായി പൊലീസിന് നൽകിയ മൊഴിയിൽ താൻ പീഡിപ്പിക്കപ്പെട്ടതായി പറയുന്നുണ്ട്.
കഴിഞ്ഞ സെപ്റ്റംബർ 14നാണ് അമ്മയ്ക്കൊപ്പം പുല്ല് പറിക്കാൻ പോയ പെൺകുട്ടിയെ നാലംഗ സംഘം തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കുന്നത്. പീഡനത്തെ തുടർന്ന് ഗുരുതര പരിക്കുകളോടെ പെൺകുട്ടിയെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചിരുന്നു. സെപ്റ്റംബർ 29നാണ് പെൺകുട്ടി മരണപ്പെടുന്നത്.