
പൃഥ്വിരാജിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മോഹൻലാൽ മാസ് ചിത്രം 'ലൂസിഫർ' വൻഹിറ്റായതോടെയാണ് ആരാധകർ ചിത്രത്തിന് രണ്ടാം ഭാഗം വേണമെന്ന ആഗ്രഹം പ്രകടിപ്പിച്ചുതുടങ്ങിയത്. പിന്നാലെ ചിത്രത്തിന് താനും തിരക്കഥാകൃത്ത് മുരളി ഗോപിയും രണ്ടാം ഭാഗം തയാറാക്കുന്നുണ്ടെന്ന പൃഥ്വിരാജിന്റെ പ്രഖ്യാപനം സിനിമാ പ്രേമികളെ തെല്ലൊന്നുമല്ല ആവേശത്തിലാക്കിയത്.
പിന്നീട് മുരളി ഗോപിയുടെ നടന്ന തിരക്കഥാ ചർച്ചകളെ കുറിച്ച് വ്യക്തമാക്കുന്ന ഫോട്ടോകളും കുറിപ്പുകളും പൃഥ്വിരാജ് സോഷ്യൽ മീഡിയ വഴി പങ്കുവച്ചിരുന്നു. എന്നാൽ ഇതിന്റെ തുടർച്ചയായി ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന ചിത്രം ആരാധകരെ അക്ഷരാർത്ഥത്തിൽ തന്നെ ഞെട്ടിച്ചിരിക്കുകയാണ്.
മെഗാസ്റ്റാർ മമ്മൂട്ടിയോടൊപ്പമുള്ള, മമ്മൂട്ടി തന്നെ എടുത്ത സെൽഫി ചിത്രം ഇത്തവണ മുരളി ഗോപിയാണ് പങ്കുവച്ചിരിക്കുന്നത്. ഒപ്പം ദുരൂഹമായ ഒരു ചെറിയകുറിപ്പും.' മഹാനടനുമായി സവിശേഷമായ മൂന്ന് മണിക്കൂറുകൾ ചിലവിട്ടു' എന്നാണു മുരളി ഗോപി ചിത്രത്തിനൊപ്പം പറഞ്ഞിരിക്കുന്നത്.
തുടർന്ന്, പൃഥ്വിരാജിന്റെ 'മെഗാ പ്രൊജക്റ്റായ' 'എമ്പുരാനി'ൽ മമ്മൂട്ടിയും ഉണ്ടാകുമോ എന്നാണു ആരാധകർ ചിത്രത്തിന് കീഴിലായി സംശയം പ്രകടിപ്പിക്കുന്നത്. അവരെ കുറ്റം പറയാനാകില്ല. കമന്റ് ബോക്സിൽ സംശയം ഉണർത്തുന്ന കമന്റുമായി എത്തിയ സാക്ഷാൽ പൃഥ്വിരാജ് കാരണമാണ് ആരാധകർ ഇക്കാര്യം സീരിയസായി എടുത്തിരിക്കുന്നത്.
'എന്നാ പിന്നെ...' എന്നതായിരുന്നു പൃഥ്വിയുടെ കമന്റ്. മമ്മൂട്ടിയുടെയും മോഹൻലാലിന്റേയും വീണ്ടുമുള്ള ഒത്തുചേരലിനെ കുറിച്ചാണോ 'സംതിംഗ് ഫിഷി' ആയിട്ടുള്ള ഈ കമന്റ് സൂചിപ്പിക്കുന്നതെന്നാണ് ആരാധകർ ചോദിക്കുന്നത്. ഒപ്പം മമ്മൂട്ടിയുമായുള്ള മുരളിയുടെ അടുത്ത ചിത്രത്തിന്റെ ചർച്ചയാണോ നടന്നതെന്നും ചിലർ ചോദിക്കുന്നുണ്ട്. ഏതായാലും, ഇതേക്കുറിച്ച് വ്യക്തമായ സൂചന ഒന്നും ഇതുവരെ പുറത്തുവന്നിട്ടില്ലെങ്കിലും സിനിമാ പ്രേമികൾ കാര്യമായ പ്രതീക്ഷയിൽ തന്നെയാണ്.