
ന്യൂഡൽഹി: സംസ്ഥാനങ്ങളും കേന്ദ്രവും തമ്മിലുള്ള ജി.എസ്.ടി നഷ്ടപരിഹാര തർക്കത്തിന് ഇന്നലത്തെ ജി.എസ്.ടി കൗൺസിൽ യോഗത്തിലും സമവായമായില്ല. ഒക്ടോബർ 12ന് കൗൺസിൽ വീണ്ടും ചർച്ചചെയ്യും. നഷ്ടപരിഹാര സെസ് 2022ന് ശേഷവും തുടരാനും തീരുമാനിച്ചു. നഷ്ടപരിഹാരത്തിലെ കുറവ് സംസ്ഥാനങ്ങൾ കടമെടുത്ത് നികത്തണമെന്ന് കേന്ദ്രം ഉറച്ചുനിന്നു. ഇതിനോട് 21 സംസ്ഥാനങ്ങൾ യോജിച്ചു. കേരളം ഉൾപ്പെടെ പത്തു സംസ്ഥാനങ്ങൾ മൊത്തം നഷ്ടപരിഹാരവും കേന്ദ്രം കടമെടുക്കണമെന്നും ആവശ്യപ്പെട്ടു. അതേ സമയം, കേന്ദ്രം രണ്ട് ശതമാനം വർദ്ധിപ്പിച്ച സംസ്ഥാനങ്ങളുടെ വായ്പാ പരിധിയിൽ നിബന്ധനകളില്ലാതെ എടുക്കാവുന്നത് അര ശതമാനത്തിൽ നിന്ന് ഒരു ശതമാനമായി ഉയർത്തി. ഇതോടെ 9,000 കോടി രൂപയോളം കേരളത്തിന് അധിക വായ്പയെടുക്കാനാവുമെന്ന് ധനമന്ത്രി തോമസ് ഐസക് അറിയിച്ചു. നഷ്ടപരിഹാര സെസായി ഈ വർഷം സമാഹരിച്ച 20,000 കോടിയോളം രൂപ ഇന്നലെ രാത്രി തന്നെ സംസ്ഥാനങ്ങൾക്ക് നൽകി. കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമൻ വാർത്താസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചിരുന്നു. 2017-18ൽ ഐ.ജി.എസ്.ടി വരുമാനം കുറഞ്ഞ സംസ്ഥാനങ്ങൾക്കുള്ള 25,000 കോടി രൂപ അടുത്ത ആഴ്ച കൈമാറും. കൂടുതൽ വരുമാനം ലഭിച്ച സംസ്ഥാനങ്ങളിൽ നിന്ന് പണം തിരിച്ചുപിടിക്കില്ല. മറ്റുമാർഗങ്ങളിലൂടെ ഇത് നികത്തും. നഷ്ടപരിഹാര സെസ് അഞ്ചുവർഷത്തേക്ക് ഈടാക്കാനായിരുന്നു മുൻ തീരുമാനം. ജി.എസ്.ടി വരുമാനക്കുറവ് നികത്തും വരെ സെസ് തുടരും. അഞ്ച് കോടിക്ക് താഴെ വാർഷിക വിറ്റുവരവുള്ള കമ്പനികൾ റിട്ടേണുകൾ ഇനി മൂന്നു മാസത്തിലൊരിക്കൽ നൽകിയാൽ മതി. എന്നാൽ ഓരോ പാദത്തിലെയും ആദ്യ രണ്ടുമാസങ്ങളിൽ നികുതിയുടെ 35 ശതമാനം അടയ്ക്കണം. ബാക്കി മൂന്നാം മാസം അടച്ചാൽ മതി. കാറുകൾ അടക്കമുള്ള ആഡംബര വസ്തുക്കൾക്കും പുകയില ഉത്പന്നങ്ങൾക്കുമുള്ള നികുതികൾക്ക് സർചാർജ് കൊണ്ടുവരും. വരുമാന കുറവ് നികത്താൻ എടുത്ത വായപ്കൾ തിരിച്ചടയ്ക്കാൻ സംസ്ഥാനങ്ങളെ സഹായിക്കാനാണിത്. സെപ്‌റ്റംബറിൽ 95,480 കോടി രൂപയാണ് ജി.എസ്.ടി വരുമാനം. ലോക് ഡൗണിന് ശേഷം ഏറ്റവും ഉയർന്നതാണിത്.