
വാഷിംഗ്ടൺ: 'വ്യത്യസ്തമായ' മാസ്ക് ധരിച്ചതിന് സോഷ്യൽ മീഡിയയുടെ രൂക്ഷ വിമർശനം ഏറ്റുവാങ്ങി അമേരിക്കൻ ഗായികയും ഗാനരചയിതാവുമായ ലാന ഡെൽ റേ. ലോസ് ആഞ്ചലസിൽ, പ്രശസ്തമായ 'ബാൺസ് ആൻഡ് നോബിൾസ്' പുസ്തക കടയിലെ ഒരു കവിതാ വായനാ സെഷനിൽ വലയുടെ മാതൃകയിലുള്ള(മെഷ്) കൊവിഡ് മാസ്ക് ധരിച്ചെത്തിയതിനാണ് 35കാരിയായ ഗായികയ്ക്ക് സോഷ്യൽ മീഡിയയുടെ രോഷം നേരിടേണ്ടതായി വന്നത്.
Lana Del Rey meets with fans at surprise book signing event for her collection of poetry, #VBBOTG, in LA. 📚 pic.twitter.com/t2H7hYAvhz
ഇത്തരത്തിലെ തിളങ്ങുന്ന മെഷ് മാസ്ക് ധരിച്ചാൽ കൊവിഡ് രോഗത്തെ തടയാനാകുമെന്ന് കരുതുന്നുണ്ടോ എന്നാണ് വിമർശകർ ഗായികയോട് ചോദിക്കുന്നത്. 'നിങ്ങളെ എനിക്ക് ഇഷ്ടമാണ്, പക്ഷെ ഈ കാണിക്കുന്നത് തോന്ന്യവാസമാണ്' എന്നാണ് ഒരു ആരാധകൻ ലാനയുടെ പ്രവർത്തിയോട് പ്രതികരിച്ചത്.
എന്നാൽ ലാനയുടെ കവിതാവായന സോഷ്യൽ മീഡിയ വഴി ലൈവ് സ്ട്രീം ചെയ്ത അവരുടെ സഹോദരി കരോളിൻ ഗ്രാന്റ് പറയുന്നത് ലാന തന്റെ ആരാധകരിൽ നിന്നും അഞ്ചടി അകലെയാണ് നിന്നിരുന്നതെന്നാണ്. ലാനയുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായിരുന്നുവെന്നും കരോളിൻ പറയുന്നു.
എന്നാൽ കവിതാ വായനയ്ക്ക് ശേഷം ലാന തന്റെ ആരാധകരോട് ഒട്ടിനിന്ന് സെൽഫി എടുക്കുന്ന ചിത്രങ്ങൾ 'പോപ്പ് ക്രെയ്‌വ്' എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി പുറത്ത് വന്നതോടെ ഗായികയുടെ സഹോദരിയുടെ വാദം പൊളിയുകയായിരുന്നു. ഇതോടെ വിമർശനങ്ങൾ പിന്നെയും കടുക്കുകയായിരുന്നു.
ഒരു അഭിമുഖത്തിൽ ഉപയോഗിച്ച മാസ്ക് ധരിച്ചാണ് ലാന കവിതാ വായനയ്ക്കായി എത്തിയത് എന്നാണ് വിവരം.ഗായിക സോഷ്യൽ മീഡിയാ വിമർശനങ്ങളോട് ഇനിയും പ്രതികരിച്ചിട്ടില്ലെങ്കിലും പിന്നീട്, താൻ ഒരു സാധാരണ മാസ്ക് ധരിച്ചുകൊണ്ട് കവിത വായിക്കുന്ന വീഡിയോ ലാന പോസ്റ്റ് ചെയ്തു. 'അവസാനം ഒരു യഥാർത്ഥ മാസ്ക് ധരിച്ചു' എന്നായിരുന്നു ഈ വീഡിയോയോടുള്ള ഒരാളുടെ പ്രതികരണം.