
ന്യൂഡൽഹി:ജമ്മു കാശ്മീരിലെ രാജൗരി ജില്ലയിൽ പാകിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിൽ ഒരു ഇന്ത്യൻ സെെനികന് വീരമൃത്യു. തിങ്കളാഴ്ച വെെകുന്നേരം 6:30ഓടെയാണ് പാകിസ്ഥാൻ അതിർത്തിയിൽ പ്രകോപനമില്ലാതെ വെടിയുതിർത്തത്. തുടർന്ന് ഇന്ത്യൻ സേന തിരിച്ചടിക്കുകയായിരുന്നു.
ആക്രമണത്തിൽ ഇന്ത്യൻ സേനയിലെ ഒരു ജെ.സി.ഒ മരണപ്പെട്ടുവെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.എന്നാൽ ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ സേന പുറത്തുവിട്ടിട്ടില്ല. ഇതിന് പിന്നാലെ രാത്രി 8.20 ഓടെ പൂഞ്ച് ജില്ലയിലെ ദേഗ്വാർ സെക്ടറിലും പാകിസ്ഥാൻ സൈന്യം പ്രകോപനമില്ലാതെ വെടിയുതിർക്കുകയും ഷെല്ലാക്രമണം നടത്തുകയും ചെയ്തു. പിന്നാലെ ഇന്ത്യൻ സേന ശക്തമായി തിരിച്ചടിച്ചു.
ഇരുരാജ്യങ്ങളും തമ്മിൽ അതിർത്തി കടന്നുള്ള ഷെല്ലാക്രമണം നടന്നുവരികയാണെന്നാണ് ഏറ്റവും ഒടുവിൽ ലഭിച്ച വിവരം. ഒക്ടോബർ ഒന്നിന് പൂഞ്ചിലെ കൃഷ്ണ ഘതി സെക്ടറിലും കുപ്വാര ജില്ലയിലെ നയൂഗം സെക്ടറിലും പാകിസ്ഥാൻ നടത്തിയ വെടിവയ്പ്പിലും ഷെല്ലാക്രമണത്തിലും മൂന്ന് സൈനികർ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളിൽ പാകിസ്ഥാൻ നടത്തിയ നാലാമത്തെ വെടിനിറുത്തൽ ലംഘനമാണിത്.