
വയോജനങ്ങളിലെ ചർമ്മ പ്രശ്നമാണ് വരണ്ട തൊലി, ചുളുങ്ങിയ തൊലി, തുടങ്ങിയവ. പ്രായമേറുന്തോറും ചർമ്മത്തിലെ ജലാംശം കുറയുന്നതിനൊപ്പം രക്തപ്രവാഹവും മൂന്നിലൊന്നായി കുറയും. എന്നാൽ ഭക്ഷണക്രമത്തിലൂടെയും പ്രത്യേക പരിചരണത്തിലൂടെയും ചർമ്മം അമിതമായി ചുളിയുന്നത് ഒഴിവാക്കാം.
ജലാംശവും ജീവകങ്ങളും അടങ്ങിയ ഭക്ഷണം ശീലമാക്കുക. ചൂടുവെള്ളം ഒഴിവാക്കി കഴിവതും തണുത്ത വെള്ളത്തിൽ കുളിക്കുക. കുളിക്ക് ശേഷം ശുദ്ധമായ വെളിച്ചെണ്ണ ഉപയോഗിച്ച് ചർമം തടവുക. അമിതഗന്ധമില്ലാത്തതും കൊഴുപ്പടങ്ങിയതുമായ സോപ്പ് ഉപയോഗിക്കുക. സൂര്യപ്രകാശം തട്ടുമ്പോൾ ചർമ്മം വരളാനും ചൊറിച്ചിൽ അനുഭവപ്പെടാനും സാദ്ധ്യതയുള്ളതിനാൽ പരമാവധി വെയിൽ ഒഴിവാക്കുക.
( വൈകുന്നേരത്തെയോ പ്രഭാതത്തിലെയോ ഇളവെയിലേൽക്കാൻ മറക്കരുത്. ) പരുത്തി വസ്ത്രങ്ങൾ മാത്രം ധരിക്കുക. സൗന്ദര്യവർദ്ധക വസ്തുക്കൾ ഒഴിവാക്കുക. ഇളനീര്, വെള്ളരി, ക്യാരറ്റ്, നെല്ലിക്ക, കോവയ്‌ക്ക, പപ്പായ, പൈനപ്പിൾ, ആപ്പിൾ, ബീറ്റ്റൂട്ട്, മുളപ്പിച്ച ധാന്യങ്ങൾ, ഓറഞ്ച്, തവിട്, പൂവൻപഴം, മുരിങ്ങയില തുടങ്ങിയവ കഴിക്കുക.