
കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന തെന്നിന്ത്യൻ നടി തമന്ന ഭാട്ടിയ ആശുപത്രി വിട്ടു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന താരം രോഗമുക്തി നേടിയിട്ടില്ല. വീട്ടിൽ ചികിത്സ തുടരുമെന്നും താരം അറിയിച്ചു. ട്വിറ്ററിലൂടെയാണ് തമന്ന ഇക്കാര്യം അറിയിച്ചത്.
ഹൈദരാബാദിൽ വെബ് സീരീസിന്റെ ചിത്രീകരണത്തിലായിരുന്ന നടിക്ക് കൊവിഡ് ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇക്കഴിഞ്ഞ ആഗസ്റ്റിൽ തമന്നയുടെ അച്ഛനും അമ്മയ്ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. നടി തന്നെയാണ് ഇക്കാര്യം തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നത്. അച്ഛനും അമ്മയ്ക്കും രോഗലക്ഷണങ്ങൾ കണ്ടപ്പോൾ തന്നെ അവരെ പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നുവെന്നും താൻ സുരക്ഷിതയാണെന്നും തമന്ന അന്ന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിന് കൊവിഡ് സ്ഥിരീകരിച്ചത്.