
ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. ഇതുവരെ മൂന്ന് കോടി അമ്പത്തിയാറ് ലക്ഷത്തിലധികം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.10,45,849 പേർ മരണമടഞ്ഞു. രോഗമുക്തി നേടിയവരുടെ എണ്ണം 2,6859,361 ആയി ഉയർന്നു എന്നത് ആശ്വാസം നൽകുന്നു.
ഏറ്റവും കൂടുതൽ രോഗികളുള്ള അമേരിക്കയിൽ ഏഴുപത്തിയാറ് ലക്ഷത്തിലധികം പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 214,994 പേർ മരിച്ചു. സുഖം പ്രാപിച്ചവരുടെ എണ്ണം 4,890,263 ആയി.
ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 67 ലക്ഷം കടന്നു. മരണം 1.03 ലക്ഷവും പിന്നിട്ടു. കഴിഞ്ഞ ദിവസം 76,737 പേർ രോഗമുക്തരായി. ഇതോടെ ആകെ സുഖം പ്രാപിച്ചവരുടെ എണ്ണം 55,86,703 ആയി. രോഗമുക്തിനിരക്ക് 84.34ശതമാനമാണ്. അതേസമയം, 2021 ജൂലായോടെ ഇന്ത്യയിലെ 20 - 25 കോടി ജനങ്ങൾക്ക് കൊവിഡ് വാക്‌സിൻ കുത്തിവയ്‌പ് നടത്താമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർദ്ധൻ അറിയിച്ചു.
രോഗബാധിതരുടെ എണ്ണത്തിൽ ലോകത്ത് മൂന്നാം സ്ഥാനത്ത് ഇപ്പോഴും ബ്രസീലാണ്. രാജ്യത്ത് ഇതുവരെ 4,940,499 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം 146,773 ആയി.4,295,302 പേർ രോഗമുക്തി നേടി.