
കാസർകോട്: ജില്ലാ കളക്ടറും സംഘവും ചേർന്ന് രണ്ടരക്കോടിയോളം വിലവരുന്ന ചന്ദന ശേഖരം പിടികൂടി. പുലർച്ചെ നാലരയോടെ കളക്ടറുടെ ഓഫീസിന് സമീപത്തെ വീട്ടിൽ നിന്നാണ് ചന്ദനം പിടികൂടിയത്. ഏകദേശം ഒരു ടണ്ണിലധികം ഭാരം ചന്ദനത്തിന് വരുമെന്നാണ് പ്രാഥമിക നിഗമനം.
അടുത്തുള്ള വീട്ടിൽ നിന്ന് ശബ്ദം കേട്ടതിനെ തുടർന്ന് കളക്ടറുടെ ഗൺമാനും ഡ്രൈവറും അവിടേക്ക് പോവുകയായിരുന്നു. ഈ സമയം ഈ വീടിനു മുന്നിൽ നിർത്തിയിട്ട ലോറിയിൽ പ്ലാസ്റ്റിക് ചാക്കുകളിൽ ചന്ദനം കയറ്റുകയായിരുന്നു. തുടർന്ന് നടന്ന പരിശോധനയിലാണ് ചന്ദനത്തടികൾ കണ്ടെത്തിയത്.
സിമന്റാണെന്ന വ്യാജേനയാണ് ലോറിയിൽ ചന്ദനം കടത്താൻ സംഘം തീരുമാനിച്ചത്.ചന്ദനം ഉടൻ തന്നെ വനംവകുപ്പിന് കൈമാറും.ഈ വീട് ആരുടേതാണെന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ ഇതുവരെ കിട്ടിയിട്ടില്ല.