
കോട്ടയം: കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന്റെ ഇടത് മുന്നണി പ്രവേശനം സംബന്ധിച്ചുളള ഔദ്യോഗിക പ്രഖ്യാപനം കേരള കോൺഗ്രസിന്റെ ജന്മദിനത്തിൽ ഉണ്ടായേക്കുമെന്ന് സൂചന. വെളളിയാഴ്ചയാണ് കേരള കോൺഗ്രസിന്റെ ജന്മദിനം. സുപ്രധാന പ്രഖ്യാപനം അന്നുണ്ടാകാനുള്ള സാദ്ധ്യതകൾ ഏറെയാണെന്ന് ജോസ് വിഭാഗം നേതാക്കൾ വ്യക്തമാക്കി.
ജോസ് വിഭാഗത്തിന്റെ നിർണായക സ്റ്റീയറിംഗ് കമ്മിറ്റി യോഗം വെളളിയാഴ്ച ഓൺലൈനായി ചേരുന്നുണ്ട്. തദ്ദേശതിരഞ്ഞെടുപ്പിൽ മത്സരിക്കാനുളള സീറ്റുകൾ സംബന്ധിച്ച് സി.പി.എമ്മുമായി ഇതിനോടകം ധാരണയിലെത്തിയിട്ടുണ്ട്. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ മത്സരിക്കുന്ന വാർഡുകളുടെ അടക്കം പട്ടിക ജോസ് വിഭാഗം സി.പി.എമ്മിന് കൈമാറി.
രണ്ടില ചിഹ്നത്തിൽ ഹൈക്കോടതിയുടെ തീരുമാനവും അടുത്തയാഴ്‌ചയുണ്ടാകും. മറ്റന്നാൾ ഇതു സംബന്ധിച്ച വാദം കോടതിയിൽ ആരംഭിക്കും. ചിഹ്നവും കൂടി ലഭിക്കുന്നതോടെ കൂടുതൽ അണികളെ ഒപ്പം നിർത്താമെന്നും നേതാക്കൾ വിശ്വസിക്കുന്നു. മുന്നണി പ്രവേശനം പ്രഖ്യാപിച്ചാൽ ഉടൻ തന്നെ ജോസ് കെ മാണി രാജ്യസഭ സീറ്റ് രാജിവയ്‌ക്കുമെന്നും സൂചനയുണ്ട്.
ജോസ് വിഭാഗവുമായി സഹകരിച്ച് പ്രവർത്തിക്കണമെന്ന് ജില്ലാ ഘടകങ്ങൾക്ക് സി.പി.എം നിർദേശം നൽകി. എന്നാൽ ജോസിന്റേയും കൂട്ടരുടേയും മുന്നണി പ്രവേശനത്തിന് സി.പി.ഐ പൂർണ സമ്മതം അറിയിച്ചിട്ടില്ല. മുന്നണി സംബന്ധിച്ച് സംസ്ഥാന തലത്തിൽ ധാരണയായ ശേഷം മാത്രം പ്രാദേശിക തലത്തിൽ സഹകരണം മതിയെന്നാണ് ജില്ലാ ഘടകങ്ങൾക്ക് സി.പി.ഐ സംസ്ഥാന നേതാക്കൾ നൽകിയിരിക്കുന്ന നിർദേശം.