dental-clinic-doctor

തൃശൂർ: കുട്ടനെല്ലൂരിൽ ദന്തൽ ക്ലിനിക്ക് നടത്തിയിരുന്ന ഡോ. സോന (30) കുത്തേറ്റ് മരിച്ച കേസിൽ പ്രതി അറസ്റ്റിൽ. പാവറട്ടി സ്വദേശി മഹേഷ് ആണ് അറസ്റ്റിലായത്. ഇന്ന് രാവിലെ തൃശൂരിലെ പൂങ്കുന്നത് നിന്നുമാണ് ഇയാളെ പൊലീസ് പിടികൂടിയത്. പ്രതിയെ പൊലീസ് ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്.

മൂവാറ്റുപുഴ വലിയകുളങ്ങര ജോസിന്റെ മകൾ ഡോ. സോനയ്‌ക്ക് ചൊവാഴ്‌ചയാണ് ക്ലിനിക്കിൽ വച്ച് കുത്തേറ്റത്. സുഹൃത്തുക്കളായിരുന്ന സോനയും മഹേഷും തൃശൂർ കുരിയചിറയിലെ ഫ്ലാറ്റിൽ ഒരുമിച്ചാണ് താമസിച്ചിരുന്നത്. സോനയുടെ ദന്തൽ ക്ലിനിക്കിൽ മഹേഷ് പണം നിക്ഷേപിച്ചിരുന്നു. വരുമാനത്തിന്റെ വലിയ പങ്ക് കോൺട്രാക്‌ടറായ മഹേഷ് കൊണ്ടുപോയി തുടങ്ങിയതോടെ ഇരുവർക്കുമിടയിൽ തർക്കം തുടങ്ങി. മഹേഷിനെതിരെ സോന പൊലീസിൽ പരാതി നൽകിയതാണ് ആക്രമണത്തിന് കാരണമായത്.

എടുത്ത പണം തിരിച്ചു നൽകണമെന്നും പങ്കാളിത്തം ഒഴിയണം എന്നുമായിയുന്നു സോനയുടെ ആവശ്യം. കഴിഞ്ഞ തിങ്കളാഴ്ച കുട്ടനെല്ലൂരിലെ ക്ലിനിക്കിൽ വച്ച് സോനയും ബന്ധുക്കളും മഹേഷുമായി ചർച്ച നടത്തിയിരുന്നു. ഇതിനിടെ പ്രകോപിതനായ മഹേഷ് സോനയെ ആക്രമിക്കുകയായിരുന്നു. ബന്ധുക്കളും മഹേഷിന്റെ സുഹൃത്തുക്കളും നോക്കിനിൽക്കെയായിരുന്നു സംഭവം. വയറ്റിലും അടിവയറ്റിലും കുത്തേറ്റ സോനയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കിയെങ്കിലും ഞായറാഴ്ച രാവിലെയോടെ മരിക്കുകയായിരുന്നു.

ക്ലിനിക്കിൽ നിന്ന് മുങ്ങിയ മഹേഷിന്റെ കാർ കൂർക്കഞ്ചേരിയിൽ സുഹൃത്തിന്റെ വീട്ടിൽ നിന്ന് പൊലീസ് പിടിച്ചെടുത്തിരുന്നു. നേരത്തെ വിവാഹിതയായിരുന്ന സോന ഭർത്താവുമായി അകന്നു കഴിയുകയായിരുന്നു. ഇവ‍ർക്ക് ഒരു മകളുണ്ട്.