
വിതുര: കൊവിഡ് നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി വിതുരമേഖലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് തുടരുന്നു. പരിശോധന ശക്തമാണെങ്കിലും പൊലീസിന്റെ കണ്ണ് വെട്ടിച്ച് നൂറുകണക്കിന് പേരാണ് ടൂറിസം മേഖലകളിൽ എത്തുന്നത്. ശനി,ഞായർ ദിവസങ്ങളിലാണ് കൂടുതൽ പേരും എത്തുന്നത്. വിതുര,പൊൻമുടി,വലിയമല എന്നിവിടങ്ങളിലെ പൊലീസ് ഉദ്യോഗസ്ഥർ കിണഞ്ഞു പരിശ്രമിച്ചിട്ടും സഞ്ചാരികളെ നിയന്ത്രിക്കാനായിട്ടില്ല. വിതുര പഞ്ചായത്തിലെ നാല് വാർഡുകൾ നിലവിൽ കണ്ടെയ്ൻമെന്റ് സോണുകളാണ്. ഈ വാർഡുകളിൽ വരെ സഞ്ചാരികൾ എത്തുന്നുണ്ട്. കഴിഞ്ഞ ദിവസം കണ്ടെയ്‌മെന്റ് സോണായ വിതുര പഞ്ചായത്തിലെ മുളയ്‌ക്കോട്ടുകര വാർഡിൽ സിനിമാ ഷൂട്ടിംഗ് നടത്തിയ സംഘത്തെയും പൊലീസ് എത്തി മടക്കി അയച്ചിരുന്നു.
കല്ലാർ നദിയിൽ നീരാട്ട്
പഞ്ചായത്തിൽ കൊവിഡ് വ്യാപനം രൂക്ഷമാവുമ്പോഴും കല്ലാർ നദിയിൽ കുളിക്കാനെത്തുന്നവരുടെ എണ്ണം വർദ്ധിച്ചുവരികയാണ്. പൊൻമുടി വിനോദ സഞ്ചാര കേന്ദ്രം ആറ് മാസമായി അടഞ്ഞുകിടക്കുന്നതിനാൽ സഞ്ചാരികൾ കല്ലാറിൽ എത്തി മടങ്ങുകയാണ് പതിവ്. യുവ സംഘങ്ങളാകട്ടെ കല്ലാറിൽ വിശാലമായി കുളിച്ച ശേഷമാണ് മടക്കയാത്ര നടത്തുന്നത്. ഇക്കൂട്ടരെ ശല്യം നിമിത്തം കല്ലാർ നിവാസികളും പൊറുതിമുട്ടിയിരിക്കുകയാണ്. രാവിലെ എത്തുന്ന സംഘങ്ങൾ രാത്രിയോടെയാണ് മടങ്ങുന്നത്. രണ്ടു ദിവസം മുൻപ് പുലർച്ചെ രണ്ടര മണിക്ക് തിരുവനന്തപുരത്തു നിന്ന് ആറംഗ സംഘം ബൈക്കിൽ പൊൻമുടി സന്ദർശിക്കാനെത്തി. പൊൻമുടിയിലേക്ക് കയറ്റി വിടണമെന്നാവശ്യപ്പെട്ട് യുവസംഘം ഗോൾഡൻവാലി ചെക്ക് പോസ്റ്റിൽ പ്രശ്നം സൃഷ്ടിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് കല്ലാർ നദിയിൽ കുളിക്കാനിറങ്ങിയ മൂന്നംഗ സംഘത്തിൽപ്പെട്ട യുവാവ് വട്ടക്കയത്തിൽ മുങ്ങി താഴ്ന്നു. പേരൂർക്കട സ്വദേശിയാണ് അപകടത്തിൽ പെട്ടത്. കല്ലാർ നിവാസികളാണ് യുവാവിനെ രക്ഷപ്പെടുത്തിയത്.
കല്ലാർ മേഖലയിൽ വർദ്ധിച്ചുവരുന്ന ടൂറിസ്റ്റ് ശല്യത്തിന് തടയിടണം. അടിയന്തരനടപടികൾ സ്വീകരിച്ചില്ലെങ്കിൽ സമരപരിപാടികൾ സംഘടിപ്പിക്കും.
കല്ലാർ എക്സ് സർവീസ്‌മെൻസ് റസി. അസോസിയേഷൻ ഭാരവാഹികൾ
കൊവിഡ് മാനദണ്ഡങ്ങൾ മറികടന്ന് വിതുര,തൊളിക്കോട് പഞ്ചായത്തുകളിലെ ടൂറിസം മേഖലകളിൽ സഞ്ചാരികൾ എത്തുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇക്കൂട്ടർക്കെതിരെ കർശന നടപടികൾ സ്വീകരിക്കും. കനത്ത പിഴയും ഈടാക്കും.
എസ്.ശ്രീജിത്ത് (വിതുര സർക്കിൾ ഇൻസ്‌പെക്ടർ)
എസ്.എൽ.സുധീഷ് (വിതുര സബ് ഇൻസ്‌പെക്ടർ)
കഴിഞ്ഞ ദിവസം നടന്നത് 2 അപകടങ്ങൾ
സഞ്ചാരികളുടെ ശല്യം ഇവിടെ
കല്ലാർ
ആനപ്പാറ
പേപ്പാറ
ചാത്തൻകോട്
വാഴ്വാന്തോൽ
മീൻമുട്ടി
ബോണക്കാട്,
ചീറ്റിപ്പാറ