
കൊല്ലം: മരത്തിലിരുന്ന് തേങ്ങയിടുന്നതിനിടെ കൈയിൽ നിന്ന് ഇരുമ്പ് തോട്ടി വഴുതിവീണ് ശരീരം മുറിഞ്ഞ് ആന്തരികാവയവങ്ങൾ പുറത്തുചാടിയ മദ്ധ്യവയസ്‌കനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. ഇന്നലെ വൈകിട്ട് മൂന്നോടെ കൊട്ടാരക്കര സദാനന്ദപുരം തെറ്റിയോടാണ് അപകടം. പാലത്തിട്ട താഴതിൽ വീട്ടിൽ ചന്ദ്രശേഖരനാണ് (58) പരിക്കേറ്റത്.
വീട്ടുപറമ്പിലെ തെങ്ങിൽ നിന്ന് തേങ്ങയിടാൻ സമീപത്തെ പെരുമരത്തിൽ തോട്ടിയുമായി കയറിയതാണ് ചന്ദ്രശേഖരൻ. കൈയിൽ നിന്ന് വഴുതിയ തോട്ടിയിലെ മൂർച്ചയുള്ള ആയുധം തോൾ മുതൽ വയറിന്റെ അടിഭാഗം വരെ ഉരഞ്ഞു കീറിയാണ് ആന്തരികാവയവങ്ങൾ പുറത്തുവന്നത്.
രക്തത്തിൽ കുളിച്ച ചന്ദ്രശേഖരന്റെ നിലവിളി കേട്ടെത്തിയ സമീപവാസി സമയോചിതമായി മരത്തിൽ കയറി ചന്ദ്രശേഖരൻ താഴെ വീഴാതിരിക്കാൻ കെട്ടിപ്പിടിച്ചു നിന്നു. ഇതിനിടെ നാട്ടുകാർ അറിയിച്ചതനുസരിച്ച് കൊട്ടാരക്കരയിൽ നിന്ന് ഫയർഫോഴ്‌സെത്തി. സേനാംഗങ്ങൾ സമീപത്തെ മരങ്ങളിൽ കയറി ചന്ദ്രശേഖരൻ താഴെ വീഴാതിരിക്കാനുള്ള മുൻകരുതലൊരുക്കി. ലാഡർ, നെറ്റ്, റോപ്പ്, എന്നിവ ഉപയോഗിച്ച് ഒരു മണിക്കൂറോളം പരിശ്രമിച്ചാണ് 40 അടിയോളം ഉയരമുള്ള മരത്തിൽ നിന്ന് ചന്ദ്രശേഖരനെ താഴെ എത്തിച്ചത്.
ഉടൻ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകിയശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. സ്റ്റേഷൻ ഓഫീസർ ടി. ശിവകുമാറിന്റെ നേതൃത്വത്തിൽ പി.കെ. രാമൻകുട്ടി, ജെ. ഷൈൻ, ഡി. സമീർ, എസ്. സുബീഷ്, കെ. ജേക്കബ്, കെ. സുമേഷ് , എ. അജിത്ത്, എന്നിവരാണ് രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.