
കോട്ടയം: പാമ്പു പിടിക്കാൻ പരിശീലനവും ലൈസൻസും നൽകാൻ വനംവകുപ്പ് തീരുമാനിച്ചപ്പോൾ അപേക്ഷകർ നിരവധി. അറുപത്തിയഞ്ചുകാരനും സ്ത്രീകളും അപേക്ഷിച്ചിട്ടുണ്ട്. വനംവകുപ്പിൽ ജോലികിട്ടുമെന്നാണ് മിക്കവരുടെയും വിചാരം. ഈ തെറ്റിദ്ധാരണയാവാം അപേക്ഷകൾ കൂടാൻ കാരണം.
തൃശൂരിൽ 55 അപേക്ഷകൾ ലഭിച്ചു. കോട്ടയത്ത് 24 പേരുണ്ട്. ആലപ്പുഴയിൽ 13 പേർ. മറ്റു ജില്ലകളിലും എണ്ണം കുറവല്ല.
സന്നദ്ധ പ്രവർത്തനമായി സ്വീകരിച്ച് അപായം സംഭവിക്കാതെ പാമ്പുപിടിത്തം നടത്താനാണ് പരിശീലനം നൽകുന്നതെന്ന് വനം വകുപ്പ് പറയുന്നു. അപേക്ഷിച്ച എല്ലാവർക്കും പരിശീലനം നൽകില്ല. പ്രാപ്തരാണെന്ന് ബോധ്യമാവണം. രണ്ട് ദിവസത്തെ പരിശീലനം കഴിഞ്ഞാൽ അഞ്ച് വർഷത്തെ ലൈസൻസ് നൽകും.
ഇൻഷ്വറൻസ്
സന്നദ്ധ പ്രവർത്തനമാണ് നടത്തേണ്ടത്. വനം വകുപ്പിന്റെ സാമ്പത്തിക സഹായം ലഭിക്കില്ല. ഗ്രൂപ്പ് ഇൻഷ്വറൻസ് ആലോചിക്കുന്നുണ്ട്.
'പാമ്പിന് 'പറ്റില്ല
മദ്യപാന ശീലവും പെരുമാറ്റ ദൂഷ്യവുമുള്ളവരെ പരിഗണിക്കില്ല. പ്രായം, ആരോഗ്യം, പ്രവൃത്തി പരിചയം തുടങ്ങിയവ വിലയിരുത്തും. ജില്ലാ സാമൂഹിക വനവൽക്കരണ വിഭാഗം അസിസ്റ്റന്റ് കൺസർവേറ്ററാണ് ഇവരെ കണ്ടെത്തുക.
കർശന നിയന്ത്രണം
ലൈസൻസ് ഇല്ലാത്തവർ പാമ്പുകളെ പിടിക്കാൻ പാടില്ല
 വീടിനുള്ളിലോ പരിസരങ്ങളിലോ അപകടമാകുംവിധം കാണുന്ന പാമ്പുകളെ മാത്രമേ പിടിക്കാവൂ
 വിളിക്കുന്നയാളിൽ നിന്ന് പാമ്പിന്റെ ഫോട്ടോ വാങ്ങി വിഷമുള്ളതാണോയെന്ന് തിരിച്ചറിയണം (ഇതു പ്രായോഗികമാണോയെന്ന് സംശയമുണ്ട്. ചെറിയ ദ്വാരത്തിലും വിറകിനിടയിലും മറ്റും ഒളിക്കുന്ന പാമ്പിന്റെ ഫോട്ടോ എങ്ങനെ എടുക്കാനാണ്)
കർശനമായ മാനദണ്ഡം പാലിച്ച് മാത്രമേ ലൈസൻസ് നൽകൂ.
ഡോ. ജി.പ്രസാജ്, അസി.ഫോറസ്റ്റ് കൺസർവേറ്റർ,കോട്ടയം സോഷ്യൽ ഫോറസ്റ്ററി