rice

പൊൻകുന്നം:അരിയാഹാരം കഴിക്കാതെ ഒരു ജന്മം പൂർത്തിയാക്കി രഘുനാഥ പണിക്കർ വിടവാങ്ങി. 89ാം വയസിൽ ഇന്നലെ ജീവൻ പൊലിയും വരെ ചോറോ അരികൊണ്ടുള്ള മറ്റെന്തെങ്കിലും ആഹാരമോ കഴിക്കില്ലെന്ന ശീലം മാറ്റിയില്ല ചെറുവള്ളി കോരോത്ത് രഘുനാഥ പണിക്കർ.

ഞങ്ങൾ അരിയാഹാരം കഴിക്കുന്നവരാണെന്ന് അഭിമാനിക്കുന്ന കേരളീയർക്കു മുൻപിൽ ഇദ്ദേഹം ഒരു അത്ഭുതമായിരുന്നു. ജനിച്ച് ആറാം മാസത്തിൽ ചെറുവള്ളി ക്ഷേത്രത്തിൽ ചോറൂണ് നടത്തിയപ്പോൾ വായിൽ വെച്ച ചോറ് തുപ്പിക്കളഞ്ഞ് നിർത്താതെ കരഞ്ഞ കുഞ്ഞിന് പിന്നീട് ഒരിക്കലും ചോറ് നൽകാൻ മാതാപിതാക്കൾ ധൈര്യപ്പെട്ടിട്ടില്ല. അതോടെ രഘുനാഥ പണിക്കരുടെ ഭക്ഷണ ക്രമത്തിൽ നിന്ന് ചോറും അരിയാഹാരവും എന്നേക്കും പുറത്തായി. വിവാഹങ്ങളിൽ പങ്കെടുത്താൽ പഴത്തിലോ പപ്പടത്തിലോ അവിയലിലോ ഒതുക്കുമായിരുന്നു അദ്ദേഹത്തിന്റെ 'ഊണ്'.

ഏതൊരു അരിയാഹാരത്തിന്റെയും ഗന്ധം മനം മടുപ്പിക്കുന്നതാണെന്നും അതിനാൽ ഒരിക്കലും കഴിക്കാൻ താൽപ്പര്യം തോന്നിയിട്ടില്ലെന്നുമായിരുന്നു രഘുനാഥ പണിക്കരുടെ പക്ഷം. കപ്പപുഴുക്കും പാവക്ക തോരനുമായിരുന്നു ഇഷ്ടപ്പെട്ട വിഭവം. രഘുനാഥ പണിക്കരുടെ ജ്യേഷ്ഠൻ രാമകൃഷ്ണപ്പണിക്കരും 16ാം വയസിൽ മരിക്കും വരെ ഇതേ പ്രകൃതക്കാരനായിരുന്നു.