
ന്യൂഡൽഹി: അതിർത്തിയിൽ സംഘർഷം പുകഞ്ഞുകൊണ്ടിരിക്കുന്നതിനിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങും മുഖാമുഖം എത്തുന്നു. നവംബർ 17ന് നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ വീഡിയോ കോൺഫറൻസിലൂടെയാണ് ഇരുവരും നേർക്കുനേർ എത്തുന്നത്. ഗൽവാൻ താഴ്‌വരയിലെ സംഘർഷത്തിനു ശേഷം ആദ്യമായാണ് മോദിയും ഷി ജിൻപിങും മുഖാമുഖം എത്തുന്നത്.
അതിർത്തിപ്രശ്നങ്ങൾ ഉൾപ്പടെ ചർച്ചയ്ക്കുവരും എന്നാണ് കരുതുന്നത്. കഴിഞ്ഞമാസം മോസ്കോയിൽ ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ ചൈനീസ് വിദേശകാര്യമന്ത്രിയുമായി അതിർത്തിപ്രശ്നങ്ങളിൽ ചർച്ചനടത്തിയിരുന്നു. ഉച്ചകോടിയിൽ മോദിയും ഷി ജിൻപിങും വീഡിയോ കോൺഫറൻസിലൂടെ മുഖാമുഖം ചർച്ചനടത്തുന്നതുകൊണ്ട് കാര്യമായ പ്രയോജനം ഉണ്ടാകുമെന്ന് കരുതുന്നില്ലെന്നാണ് മുൻ അംബാസിഡർ വിഷ്ണുപ്രകാശ് പറയുന്നത്. 'ഇന്ത്യയും ചൈനയും തമ്മിലുളള പ്രശ്നങ്ങളിൽ വളരെയധികം പിരിമുറുക്കങ്ങൾ ഉളളതിനാൽ ഇരുനേതാക്കളും വീഡിയോ കോൺഫറൻസിലൂടെ മുഖാമുഖം കാണുന്നതിലൂടെ അർത്ഥവത്തായ എന്തെങ്കിലും തീരുമാനം ഉണ്ടാകുമെന്ന് കരുതുന്നില്ല- അദ്ദേഹം പറയുന്നു.
ഇന്ത്യയ്ക്കും ചൈനയ്ക്കും പുറമേ ബ്രസീൽ,റഷ്യ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് ബ്രിക്സിൽ അംഗങ്ങളായിട്ടുളളത്. ബ്രിക്‌സ് സഹകരണത്തിലൂടെ ആഗോള സ്ഥിരതയും സുരക്ഷാ സഹകരണവും നൂതനമായ വളർച്ചയും എന്നതാണ് ഇത്തവണത്തെ ഉച്ചകോടിയുടെ പ്രമേയമെന്ന് പ്രസ്താവനയിൽ ബ്രികസ് വ്യക്തമാക്കുന്നത്. സമാധാനം, സുരക്ഷ, ജനങ്ങൾ തമ്മിലുളള സാംസ്‌കാരിക വിനിമയം എന്നീ മേഖലകളിൽ അംഗരാജ്യങ്ങൾ അടുത്ത നയതന്ത്ര സഹകരണം പുലർത്തുന്നത് തുടരുമെന്നും പ്രസ്താവനയിൽ പറയുന്നുണ്ട്.
ഉച്ചകോടി ജൂലായിൽ നടത്താനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാൽ കൊവിഡ് വ്യാപനത്തെത്തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു.