
തൃശൂർ: മോഹിനിയാട്ടത്തിന് അവസരം നിഷേധിച്ചതിലുളള മനോവിഷമം കാരണമാണ് ആത്മഹത്യയ്‌ക്ക് ശ്രമിച്ചതെന്ന് ആവർത്തിച്ച് ആർ.എൽ.വി രാമകൃഷ്‌ണൻ. തനിക്ക് ജോലിയില്ലാത്ത സാഹചര്യത്തിൽ ചിലങ്ക കെട്ടാനായി വളരെ പ്രതീക്ഷയോടെയാണ് സംഗീത നാടക അക്കാദമിയിലേക്ക് ചെന്നത്. എന്നാൽ അക്കാദമിയിൽ നിന്ന് വളരെ വിവേചനപരമായ പെരുമാറ്റമാണ് തനിക്ക് ഉണ്ടായത്. അതിനെതിരെ അവസാനം നിമിഷം വരേയും ശക്തമായാണ് താൻ പ്രതിഷേധിച്ചത്. എന്നാൽ കെ.പി.എ.സി ലളിത തന്നെ നുണയനെന്ന് വിളിച്ചത് ഹൃദയം തകർത്ത് കളഞ്ഞുവെന്ന് രാമകൃഷ്‌ണൻ പറഞ്ഞു.
ആർ.എൽ.വി രാമകൃഷ്‌ണന്റെ വാക്കുകൾ
''കലാകാരന്മാരുടെ പിന്തുണ തനിക്ക് ഇല്ലാതാക്കാൻ വേണ്ടിയാണ് ലളിത ചേച്ചി എന്നെ നുണയനെന്ന് വിളിച്ചത്. കലാഭവൻ മണിയുടെ അനിയൻ നീതി വിട്ട് ഏതെങ്കിലും അധർമ്മ മാർഗം സ്വീകരിക്കില്ല. പി.ജിയും ഗവേഷണവുമെല്ലാം താൻ മോഹിനിയാട്ടത്തിലാണ് ചെയ്‌തത്. 12 വർഷത്തെ അദ്ധ്യാപന പരിചയമുളള ഒരാളാണ് ഞാൻ. ഈ സർട്ടിഫിക്കറ്റുകളൊക്കെ ഉണ്ടായിട്ടും നൃത്തം ചെയ്യാൻ സമ്മതിച്ചില്ലെങ്കിൽ പിന്നെ എന്തിനാണ് താൻ ജീവിച്ചിരിക്കുന്നത് ? എന്നെ സംരക്ഷിക്കുന്ന എന്റെ സഹോദരൻ പോയി. ഒരിക്കലും ഇടത് സർക്കാരിന് എതിരായല്ല എന്റെ സമരം. ഇവിടെ ഒരു വ്യക്തിയാണ് പ്രശ്‌നം. ഒരു വ്യക്തിയുടെ ഏകാധിപത്യ പ്രവണതയാണ് പ്രശ്‌നം. ഒറ്റയ്‌ക്കൊരു തീരുമാനം എടുക്കാൻ പറ്റാത്തതിന്റെ പേരിലാണ് ലളിത ചേച്ചി എന്നെ അധിക്ഷേപിച്ചത്.
സമൂഹത്തിൽ എന്നെ മോശപ്പെട്ടവനായി ചിത്രീകരിച്ചു. നുണ പറയാൻ വേണ്ടിയല്ല കലാഭവൻ മണി എന്നെ വളർത്തിയത്. ഒരു സപ്പോർട്ടും ഇല്ലാതെ മുന്നോട്ട് പോകണമെന്നാണ് എന്റെ ചേട്ടൻ എന്നെ പഠിപ്പിച്ചത്. ലളിത ചേച്ചിയുടെ കൂടെ ഞാൻ അഭിനയിച്ചിട്ടുണ്ട്. ഒരു റെക്കമൻഡേഷന് വേണ്ടിയല്ല ഞാൻ അവിടെ പോയത്. ഞാനും ചേച്ചിയും കൂടെ സംസാരിച്ച ഒമ്പതോളം ഫോൺ റെക്കോർഡിംഗ്സും എന്റെ കൈയ്യിലുണ്ട്. അത് ചേച്ചിയെ കുടുക്കാൻ വേണ്ടി ചെയ്‌തതല്ല.
രണ്ട് മണിക്കൂറോളം സെക്രട്ടറി ചെയർപേഴ്‌സണായ ചേച്ചിയെ ബ്രെയിൻ വാഷ് ചെയ്‌തു. അതിനു ശേഷം പുറത്തു വന്ന ചേച്ചി നൃത്തം ചെയ്യാൻ അവസരമില്ല നൃത്തത്തെപ്പറ്റി ഡോക്ക്യുമെന്ററി ചെയ്യാൻ അവസരം നൽകാമെന്നാണ് പറഞ്ഞത്. ചിലങ്ക കെട്ടുന്ന എന്റെ കാലുകളെ കൂട്ടികെട്ടുന്ന നടപടിയായി പോയത്. നൃത്തം ചെയ്യാനാണ് എനിക്ക് താത്പര്യം. കേവലം ചില ആളുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ വേണ്ടിയാണ് അക്കാദമി ശ്രമിക്കുന്നത്. അക്കാദമിയുടെ പ്രവർത്തനം സുതാര്യമായിരിക്കണം.
എനിക്ക് അവസരം തന്നാൽ വിമർശനം ഉണ്ടാകുമെന്നാണ് അക്കാദമി പറയുന്നത്. പല സർക്കാർ പരിപാടികളിലും ഞാൻ മോഹിനിയാട്ടം കളിച്ചിട്ടുണ്ട്. ഞാൻ ആരേയും പീഡിപ്പിക്കാൻ പോയിട്ടില്ല. ലിംഗ വിവേചനവും ജാതി വിവേചനവുമാണ് അക്കാദമി എന്നോട് കാണിച്ചത്.''