
ന്യൂയോർക്ക് : ബസിന്റെ വലിപ്പമുള്ള ഒരു ഛിന്നഗ്രഹം പന്ത്രണ്ട് ദിവസങ്ങൾക്ക് മുൻപ് ഭൂമിക്ക് സമീപത്ത് കൂടി കടന്ന് പോയിരുന്നു. ഭൂമിയുടെ ഭ്രമണപഥത്തിന് അടുത്തുകൂടിയാണ് കടന്നുപോയതെങ്കിലും അന്ന് പ്രശ്നമൊന്നുമുണ്ടായിരുന്നില്ല എന്നതായിരുന്നു ആശ്വാസമായത്. എന്നാൽ അടുത്തതായി ഒരു വിമാനത്തിന്റെ വലിപ്പമുള്ള ഛിന്നഗ്രഹം ഭൂമിയുടെ ഭ്രമണപഥത്തിന് സമീപത്തുകൂടി കടന്ന് പോകുമെന്ന മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് നാസ.
ഭൂമിയുടെ ഉപരിതലത്തിൽ നിന്നും ഏകദേശം 2,380,000 മൈൽ അകലെക്കൂടിയാവും ഇത് കടന്ന് പോകുന്നത്. അതിനാൽ തന്നെ ഭയപ്പെടേണ്ട ആവശ്യമില്ലെന്നും ശാസ്ത്രജ്ഞർ അറിയിക്കുന്നു. ഒരു ബോയിംഗ് 747 ന്റെ വലുപ്പമുണ്ടെന്ന് കരുതപ്പെടുന്ന ഛിന്നഗ്രഹം കേടുപാടുകൂടാതെയാവും ഭൂമിക്ക് സമീപത്ത് കൂടി കടന്ന് പോകുന്നത്. ഇത് ഒക്ടോബർ ഏഴിന് ഭൂമിയുടെ ഭ്രമണപഥത്തിന് സമീപത്ത് കൂടി കടന്ന് പോകുമെന്നാണ് നാസയുടെ മുന്നറിയിപ്പ്. എന്നാൽ ഭൂമിയിൽ നിന്നും വളരെ അകലെകൂടി കടന്ന് പോകുന്നതിനാൽ ആകാശ നിരീക്ഷകർക്ക് ഈ കാഴ്ച കാണുവാനാകില്ല. കഴിഞ്ഞ മാസമാണ് ഈ ഛിന്നഗ്രഹത്തെ നാസ കണ്ടെത്തിയത്, തുടർന്ന് ഇതിന്റെ സഞ്ചാരപഥം നിരീക്ഷിക്കുകയായിരുന്നു. 118 മുതൽ 265 അടിയോളം വീതിയുള്ള ഛിന്നഗ്രഹമാണിത്. ഒരു സെക്കന്റിൽ 6.68 കിലോമീറ്റർ വേഗതയിലാണ് സഞ്ചരിക്കുന്നത്.
സൂര്യനെ പരിക്രമണം ചെയ്യുന്ന ചെറുതും പാറയുടെ ഘടനയുള്ളതുമായ വസ്തുക്കളാണ് ഛിന്നഗ്രഹങ്ങൾ. ചൊവ്വയുടെയും വ്യാഴത്തിന്റെയും ഭ്രമണപഥങ്ങൾക്കിടയിലാണ് മിക്ക ഛിന്നഗ്രഹങ്ങളും കാണപ്പെടുന്നത്. 4.5 ബില്യൺ വർഷങ്ങൾക്ക് മുമ്പാണ് ഈ ഛിന്നഗ്രഹങ്ങൾ രൂപംകൊണ്ടതെന്ന് ശാസ്ത്രജ്ഞർ പറയുന്നു.