govt-office-

കേരളത്തിലെ പലറോഡുകളിലൂടെയും പകൽ മണിക്കൂറിൽ ശരാശരി 40 കിലോമീറ്റർ വേഗതയിൽ കൂടുതൽ ഒരു വാഹനത്തിനും സഞ്ചരിക്കാൻ കഴിയില്ല. ഇതുനിമിത്തം എരിഞ്ഞുതീരുന്ന പെട്രോളിന്റെയും ഡീസലിന്റെയും പാഴ്‌ച്ചെലവ് പ്രതിവർഷം കോടികൾ വരും. കേരളത്തിലെ റോഡുകളുടെ നിർമ്മാണവും പരിരക്ഷയും തീർത്തും അശാസ്ത്രീയവും പിന്നാക്കാവസ്ഥയിലുമാണ്. പ്രതിദിനം 12 പേർ റോഡപകടങ്ങളിൽ കൊല്ലപ്പെടുന്നതിന്റെ പ്രധാന കാരണവും ഇതാണ്. അപകടങ്ങളിൽ മരിക്കുന്നവരേക്കാൾ എത്രയോ മടങ്ങ് പരിക്കേറ്റ് ജീവിതാവസാനം വരെ ദുരിതമനുഭവിക്കുന്നു. തൃശൂർ മുതൽ അങ്കമാലി വരെയുള്ള 45 കിലോമീറ്റർ റോഡ് മാത്രമേ, നിലവാരമുള്ള റോഡെന്ന് പറയാനുള്ളൂ.


എന്ത് കൊണ്ടാണ് കേരളത്തിൽ വികസനം ഇത്രയ്ക്ക് മുരടിക്കുന്നതെന്ന് ശ്രദ്ധിച്ചാൽ അഴിമതിയാണ് കാരണം എന്ന് മനസിലാക്കാൻ സാധിക്കും. സർക്കാരിന്റെ എല്ലാ വകുപ്പുകളിലും അഴിമതിക്കാരുണ്ടെങ്കിലും സാങ്കേതിക വിദഗ്ദ്ധരായ സിവിൽ എൻജിനിയർമാരുടെ അഴിമതിയാണ് ഏറ്റവും മാരകം. ഇവരുടെ കെടുകാര്യസ്ഥതയും അഴിമതിയും സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യങ്ങളുടെ കടയ്ക്കലാണ് കത്തിവയ്ക്കുന്നത്. സംസ്ഥാനം വികസനത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കണമെങ്കിൽ സിവിൽ എൻജിനീയർമാരെ പുതിയ ജോലി സംസ്‌കാരത്തിലേക്ക് പരിശീലിപ്പിച്ചെടുത്തേ മതിയാവൂ.

റോഡുകളുടെ നിലവാരക്കുറവ്

കേരളത്തിലെ റോഡ് വികസനത്തിന് ആദ്യം വേണ്ടത് തെക്ക് വടക്ക് ഹൈവേ വികസനമാണ്. അതിന് 44,000 കോടി രൂപ ചെലവാകും. ഇതിൽ പകുതി തുക സ്ഥലമേറ്റെടുക്കാൻ മാത്രമാണ്. റോഡ് വികസനത്തിന് തടസം സ്ഥലമേറ്റെടുപ്പിലെ ക്‌ളേശങ്ങളാണ്. നഷ്ടപരിഹാരം ലഭിക്കാനുള്ള കാലതാമസമാണ് സ്ഥലമുടമകളെ പിന്നോട്ട് വലിക്കുന്നത്. തെക്ക് വടക്ക് ഹൈവേക്ക് 60 മീറ്റർ വീതി വേണ്ടതുകൊണ്ട് നഗരങ്ങളെയും പട്ടണങ്ങളെയും ഒഴിവാക്കി വേണം അലൈൻമെന്റ് തീരുമാനിക്കാൻ. എങ്കിൽ മാത്രമേ ഏറ്റവും അത്യാവശ്യമായ ഈ റോഡ് പൂർത്തീകരിക്കാൻ സാധിക്കൂ.

വൈദ്യുതി ഉത്പാദനം

1987 വരെ വൈദ്യുതി മിച്ച സംസ്ഥാനമായിരുന്നു കേരളം. ഇപ്പോൾ പ്രതിദിനം ആവശ്യമുള്ള 75 ദശലക്ഷം യൂണിറ്റിൽ 60 ദശലക്ഷം യൂണിറ്റും പുറമേ നിന്നു വാങ്ങുകയാണ്. ഓരോ വർഷവും ഇതിനായി ചെലവാക്കുന്നത് 7500 കോടി രൂപയാണ്. സംസ്ഥാനത്തിന് ഇത് താങ്ങാവുന്നതിൽ ഏറെയാണ്. അടുത്ത കാലത്തായി വൈദ്യുതി ഉപയോഗം പ്രതിവർഷം 100 മെഗാവാട്ട് തോതിൽ ഉയർന്നുകൊണ്ടുമിരിക്കുന്നു. വീടുകളിൽ വ്യാപകമായി എയർകണ്ടീഷണറുകൾ സ്ഥാപിക്കപ്പെടുമ്പോൾ വരുംവർഷങ്ങളിലും വൈദ്യുതി ഉപഭോഗം വർദ്ധിക്കുകയേ ഉള്ളൂ. അതുകൊണ്ട് സംസ്ഥാനത്തിനകത്ത് തന്നെ വൈദ്യുതി ഉത്പാദനം വർദ്ധിപ്പിക്കണം.

ഇപ്പോൾത്തന്നെ 730 മെഗാവാട്ട് ശേഷിയുള്ള 90 ചെറുകിട ജലവൈദ്യുത പദ്ധതികൾ മുടങ്ങിക്കിടക്കുകയാണ്. പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കുന്ന അതിരപ്പിള്ളി, ഇതിൽ ഉൾപ്പെടുത്തിയിട്ടേ ഇല്ല. കെ.എസ്.ഇ.ബിയിലുള്ള 1019 സിവിൽ എൻജിനീയർമാരെയാണ് ജലവൈദ്യുത പദ്ധതികൾക്കായി നിയോഗിച്ചിരിക്കുന്നത്. ഇവർ കഴിഞ്ഞ ഏഴുവർഷം കൊണ്ട് ഏഴ് മെഗാവാട്ട് ഉത്പാദനശേഷി പോലും കൂട്ടിച്ചേർത്തിട്ടില്ല. അതുകൊണ്ടു നിലവിലുള്ള ജീവനക്കാരിലെ മെച്ചപ്പെട്ടവരെയും ചുരുക്കം വിദഗ്ദ്ധരെയും ചേർത്ത് പ്രത്യേക ദൗത്യസേന രൂപീകരിച്ച്, മുടങ്ങിക്കിടക്കുന്ന പദ്ധതികൾ പൂർത്തിയാക്കണം.

ജല അതോറിട്ടി

കേരളത്തിലെ വ്യാവസായികവും ഗാർഹികവുമായ ജലവിതരണം നടത്തുന്നത് ജലഅതോറിട്ടിയാണ്. നൂറ് ലിറ്റർ ശുദ്ധീകരിച്ച ജലം പമ്പ് ചെയ്യുമ്പോൾ 55 ലിറ്റർ മാത്രമാണ് ഉപഭോക്താവിന്റെ അടുത്തെത്തുന്നത്. അതായത് 45 ശതമാനം ജലവും പാഴാകുന്നു. പൈപ്പ് പൊട്ടിയൊലിക്കുന്ന ഈ ജലം തന്നെയാണ് കേരളത്തിലെ കനംകുറഞ്ഞ റോഡുകളുടെ അന്തകൻ. ജലഅതോറിട്ടിയിലെ എൻജിനിയർമാർ സൈറ്റിൽ വന്ന് ജോലിക്ക് മേൽനോട്ടം വഹിക്കാത്തതും കരാറുകാരുമായി ഒത്തുകളിച്ച് കമ്മിഷൻ വാങ്ങുന്നതുമാണ് ഈ അപാകതകൾക്ക് കാരണം. ജലഅതോറിട്ടിയിലെ അസിസ്റ്റന്റ് എൻജിനിയർ മുതൽ ചീഫ് എൻജിനിയർ വരെയുള്ളവർ പ്രവർത്തനശൈലി മെച്ചപ്പെടുത്തണം. അടുത്ത അഞ്ചുവർഷത്തിനുള്ളിൽ ജലനഷ്ടം 45 ശതമാനത്തിൽ നിന്ന് 10 ശതമാനമായി കുറയ്ക്കണം.

ജലസേചന വകുപ്പ്

ജലസേചന വകുപ്പിന്റെ കീഴിൽ നിർമ്മാണത്തിലിരിക്കുന്ന പദ്ധതികളാണ് കാരാപ്പുഴ, ഇടമലയാർ, മൂവാറ്റുപുഴ, ബാണാസുര സാഗർ തുടങ്ങിയവ. ഇതിൽ മിക്കതും തുടങ്ങിയിട്ട് 40 മുതൽ 48 വർഷങ്ങൾ വരെയായി. സുദീർഘമായ ഈ കാലയളവിൽ എസ്റ്റിമേറ്റ് തുക 100 മടങ്ങ് വരെ വർദ്ധിച്ചു. ജലസേചന വകുപ്പ് തന്നെയാണ് കേരളത്തിൽ കടൽഭിത്തി നിർമ്മാണം നടത്തുന്നത്. ഒരു തടയണപോലും ചോർച്ചയില്ലാതെ നിർമ്മിക്കാൻ സാധിക്കാത്ത ഇവർ പണിയുന്ന കടൽഭിത്തികൾ കടലിൽതന്നെ അലിഞ്ഞു ചേരുന്നതിൽ അതിശയിക്കാനില്ല. ചുരുക്കിപ്പറഞ്ഞാൽ ജലസേചനവകുപ്പിലും അഴിമതിയും കെടുകാര്യസ്ഥതയും കൊടികുത്തി വാഴുകയാണ്.

പൊതുമരാമത്ത് വകുപ്പ്

റോഡുകളുടെയും പാലങ്ങളുടെയും നിർമ്മിതിയിൽ പൊതുമരാമത്ത് വിഭാഗം വളരെയധികം വിമർശന വിധേയമായിട്ടുണ്ട്. അടുത്തകാലത്തുണ്ടായ പാലാരിവട്ടം പാലം അഴിമതി കുപ്രസിദ്ധമാണല്ലോ. കേരളമൊട്ടാകെ ഇത്തരത്തിലുള്ള അനേകം സ്മാരകങ്ങളുണ്ട്. മഴക്കാലത്ത് പൊട്ടിപ്പൊളിയാത്ത റോഡുണ്ടാക്കാൻ കേരള പൊതുമരാമത്ത് വകുപ്പിന് സാധിച്ചിട്ടില്ല. എല്ലാവർഷവും ക്രമമായി അറ്റകുറ്റപ്പണി നടത്തിയാലേ കമ്മിഷൻ വാങ്ങാൻ കഴിയൂ. റോഡിലെ എത്ര ചെറിയ കുഴിയടച്ചാലും അവിടെ വലിയ ഒരു കറുത്ത ചതുരം കാണാം. ബില്ലിങ്ങിന് വേണ്ടിയുള്ള മെഷർമെന്റ് ബുക്കിൽ ചേർക്കുന്നത് ഈ വലിയ ചതുരത്തിന്റെ വിസ്തീർണമാണ്.