
തിരുവനന്തപുരം: ഐ ഫോൺ വിവാദത്തിൽ തനിക്ക് നേരെ ജനങ്ങൾക്കിടയിൽ അവമതിപ്പ് ഉണ്ടാക്കുന്ന തരത്തിൽ പ്രസ്‌താവനകൾ നടത്തിയത് കോടിയേരി ബാലകൃഷ്‌ണനാണെന്നും അദ്ദേഹം ജനങ്ങളോട് മാപ്പ് പറയണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കിട്ടാത്ത ഐ ഫോണിന്റെ പേരിൽ തന്നെ ക്രൂശിക്കാൻ ശ്രമിച്ച സി.പി.എം മറുപടി പറയേണ്ടതാണ്. ഐ ഫോൺ വിവാദത്തിന് പിന്നിൽ കോടിയേരി ബാലകൃഷ്‌ണനാണ് പ്രവർത്തിച്ചത്. വാസ്‌തവ വിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിച്ച് തന്നെ പൊതുസമൂഹത്തിന് മുന്നിൽ ആക്ഷേപിക്കാനുളള ശ്രമമാണ് സി.പി.എം നടത്തിയതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
അവാസ്‌തവമായ കാര്യങ്ങൾ പ്രചരിപ്പിച്ച കോടിയേരി തന്നോട് മാപ്പ് പറയേണ്ട. കേരളത്തിലെ ജനങ്ങളോട് മാപ്പ് പറയണം. യു.എ.ഇ കോൺസുലേറ്റിന്റെ പരിപാടിയിൽ ക്ഷണിച്ചത് പ്രകാരമാണ് പോയത്. ഐ ഫോൺ വാങ്ങിയിട്ടില്ല. നിയമപരമായ നടപടികളുമായി മുന്നോട്ട് പോവുക തന്നെ ചെയ്യും. താൻ കൊടുത്ത വക്കീൽ നോട്ടീസിന് മറുപടി കിട്ടുന്നത് വരെ കാത്തിരിക്കും. എന്തായാലും പതിനഞ്ച് ദിവസം കാത്തിരിക്കും. അതുകഴിഞ്ഞ് നിയമപരമായി നീങ്ങാൻ തന്നെയാണ് തീരുമാനമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
സി.പി.എം ഉയന്നയിക്കുന്ന ആരോപണങ്ങൾ ഒരോന്നായി പൊളിയുകയാണ്. സംസ്ഥാനത്ത് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ താളം തെറ്റുകയും രോഗികളുടെ എണ്ണം വർദ്ധിക്കുകയുമാണ്. ഇത് തടയാൻ ആരോഗ്യവകുപ്പിന്റെ അടിയന്തര നടപടി വേണം. സംസ്ഥാനത്തെ കൊവിഡ് രോഗികൾ ബുദ്ധിമുട്ടുകയാണ്. ഉദ്ഘാടന മഹാമഹവും പുരസ്‌ക്കാരം വാങ്ങലും മാത്രമാണ് കേരളത്തിൽ നടക്കുന്നതെന്നും ചെന്നിത്തല പരിഹസിച്ചു
സംസ്ഥാനം ഭരിക്കുന്നത് ശാസ്‌ത്രീയമായി അഴിമതി നടത്തുന്ന സർക്കാരാണ്. സംസ്ഥാനത്ത് നടക്കുന്ന വലിയ അഴിമതി മൂടിവയ്‌ക്കാനാണ് ഉദ്ഘാടന മഹാമഹങ്ങൾ നടത്തുന്നത്. വെഞ്ഞാറമൂട് കൊലപാതകം രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷമാണ്. കുറ്റവാളികൾ ആരായാലും അറസ്റ്റ് ചെയ്യണം. തൃശൂർ കൊലപാതകത്തിൽ കുറ്റവാളികളെ ഉടൻ കണ്ടെത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.