mutation-covid

ന്യൂഡൽഹി: പരിവർത്തനം സംഭവിച്ച കൊവിഡ് രോഗ വൈറസിന് തടസമൊന്നുമുണ്ടായില്ലെങ്കിൽ ഒൻപത് മണിക്കൂറോളം തൊലിപ്പുറത്ത് നിലനിൽക്കാനാകുമെന്ന് കണ്ടെത്തൽ. സൂക്ഷ്‌മ കണികകളായി വായുവിലൂടെയും ശരീര സ്രവങ്ങളിലൂടെയും പകരുമെന്ന് കണ്ടെത്തിയ രോഗാണുവിനെ അക‌റ്റാൻ ശരിയായ മാർഗം കൈകൾ വൃത്തിയായി സൂക്ഷിക്കുകയാണെന്നും പുതിയ പഠനങ്ങളും വ്യക്തമാക്കുന്നു. കൃത്രിമമായി നിർമ്മിച്ച തൊലിപ്പുറത്ത് ഗവേഷകർ നടത്തിയ പരീക്ഷണത്തിലാണ് ഈ കണ്ടെത്തൽ.

ഇൻഫ്ളുവൻസ എ വൈറസും കൊവിഡ് രോഗ വൈറസും എത്ര നേരം മനുഷ്യചർമ്മത്തിൽ നിലനിൽക്കുമെന്നാണ് പരീക്ഷിച്ചത്. മ‌റ്റ് തടസങ്ങളൊന്നുമില്ലാത്ത അവസ്ഥയിൽ ഇൻഫ്ളുവൻസ വൈറസ് രണ്ട് മണിക്കൂറോളവും കൊവിഡ് രോഗ വൈറസ് ഒൻപത് മണിക്കൂറോളം നിലനിന്നു.

എന്നാൽ 80 ശതമാനം ആൽക്കഹോൾ അടങ്ങിയ സാ‌നി‌റ്റൈസർ ഉപയോഗിച്ചപ്പോൾ 15 സെക്കന്റിനകം തന്നെ രണ്ട് വൈറസുകളും ഇല്ലാതായി. ആൽക്കഹോൾ അടങ്ങിയിട്ടുള‌ള സാനി‌റ്റൈസർ ഉപയോഗിച്ചോ 20 സെക്കന്റോളം കൈ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകിയാലോ മാത്രമേ കൊവിഡ് രോഗത്തെ അക‌റ്റാനാകുള‌ളുവെന്നാണ് അമേരിക്കൻ സെന്റേഴ്‌സ് ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവെൻഷനിലെ വിദഗ്‌ധർ പറയുന്നത്.

കൊവിഡ് രോഗ പകർച്ച തടയാനുള‌ള പ്രതിരോധമായി ഉപയോഗിക്കുന്ന മാസ്‌ക് മൂലം ശ്വാസമെടുക്കാൻ ബുദ്ധിമുട്ടാണെന്നും ശ്വാസം മുട്ടലുണ്ടാക്കുന്നു എന്ന് പലരും പരാതിപ്പെടാറുണ്ട്. എന്നാൽ മാസ്‌ക് കാരണം ഓക്‌സിജൻ ശ്വാസകോശത്തിൽ എത്തുന്നതിന് കുറവ് ഉണ്ടാകില്ലെന്ന് ഗവേഷകർ കണ്ടെത്തി. ഗുരുതരമായ ശ്വാസകോശ രോഗമുള‌ളവരിൽ പോലും പ്രശ്‌നമുണ്ടാകുന്നില്ല. സർജിക്കൽ മാസ്‌ക് ഉപയോഗിക്കുന്ന രോഗികളിലും ഡോ‌ക്ടർമാരിലും കാര്യമായ ബുദ്ധിമുട്ട് ഉണ്ടാകുന്നതായി പഠനത്തിൽ കണ്ടില്ല. മാസ്‌കുകൾ കാരണം ചൂട് ഉച്ഛ്വാസവായു പുറന്തള‌ളുന്നതിന്റെയും മുഖത്ത് ഇറുകുന്നതിന്റെയും ചില വിഷമതകൾ ഉണ്ടാകുമെങ്കിലും മ‌റ്റ് കുഴപ്പങ്ങളൊന്നുമുണ്ടാകില്ലെന്നാണ് ഗവേഷകർ അറിയിക്കുന്നത്.

പൊതുസ്ഥലങ്ങളിൽ ശരീര താപനില അളക്കുന്നതിന് വ്യാപകമായി ഉപയോഗിക്കുന്ന ഇൻഫ്രാറെഡ് തെർമോമീ‌റ്ററുകൾ കൃത്യമായ അളവ് കാണിക്കണമെന്നില്ല എന്ന് ഓസ്‌ട്രേലിയയിലെ ഗവേഷകർ കണ്ടെത്തി. 37.5 ഡിഗ്രി വരെ താപനിലയുള‌ളവരിൽ ഭേദപ്പെട്ട ഫലം നൽകിയ തെർമോമീ‌റ്റർ അതിന് മുകളിലുള‌ളവരിൽ നൽകിയ ഫലം ദയനീയമായിരുന്നു. ആകെ 37 പേരിൽ മാത്രമാണ് പനിയുള‌ളതായി കണ്ടെത്തിയത്. ആശുപത്രികളിൽ രോഗം ബാധിച്ച് ചികിത്സയിലായിരുന്ന 265 പേരിലാണ് ഗവേഷകർ പഠനം നടത്തിയത്.

ഉറക്കത്തിൽ കൂർക്കം വലിക്കുന്നവർക്ക് കൊവിഡ് രോഗം ബാധിച്ചാൽ അപകട സാദ്ധ്യതയുണ്ടെന്ന് ഫിൻലന്റിലെ ഗവേഷകർ അഭിപ്രായപ്പെടുന്നു. വലിയ കൂർക്കംവലിക്കാരിൽ മ‌റ്റുള‌ളവരെക്കാൾ അഞ്ചിരട്ടി അപകട സാദ്ധ്യതയാണ് കണ്ടെത്തിയത്.