
കൊച്ചി: വിവാദങ്ങൾക്കും കാത്തിരിപ്പിനും വിരാമമിട്ട് ധനനയ നിർണയ സമിതിയിലെ (എം.പി.സി) മൂന്ന് സ്വതന്ത്ര അംഗങ്ങളെ കേന്ദ്രസർക്കാർ നിയമിച്ചു. സാമ്പത്തിക വിദഗ്ദ്ധരായ ശശാങ്ക് ഭീഡെ, ആഷിമ ഗോയൽ, ജയന്ത് ആർ. വർമ എന്നിവരാണ് പുതിയ അംഗങ്ങൾ.
പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ധ്യക്ഷനായ കാബിനറ്റിന്റെ അപ്പോയിന്റ് കമ്മിറ്റിയാണ് ഇവരെ തിരഞ്ഞെടുത്തത്. റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് അദ്ധ്യക്ഷനായ ആറംഗ എം.പി.സിയിലെ സ്വതന്ത്ര അംഗങ്ങളുടെ കാലാവധി നാലുവർഷമാണ്.
മോണറ്ററി പോളിസി ഫ്രെയിംവർക്ക് ധാരണപ്രകാരം 2016 സെപ്തംബർ 29നാണ് കേന്ദ്രവും റിസർവ് ബാങ്കും ചേർന്ന് എം.പി.സിക്ക് രൂപംനൽകിയത്. ആദ്യ എം.പി.സിയിലെ സ്വതന്ത്ര അംഗങ്ങളായ ഡോ. ഛേതൻ ഖാട്ടെ, ഡോ. പാമി ദുവ, ഡോ. രവീന്ദ്ര ധൊലാക്കിയ എന്നിവരുടെ കാലാവധി സെപ്‌തംബറിൽ അവസാനിച്ചു.
കൊവിഡ് പശ്ചാത്തലത്തിൽ ഒട്ടേറെ നിർണായക തീരുമാനങ്ങൾ എടുക്കേണ്ടതിനാൽ ഇവരുടെ കാലാവധി 2021 മാർച്ച് 31വരെ നീട്ടണമെന്ന് റിസർവ് ബാങ്ക് ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം അംഗീകരിച്ചില്ല. പുനർനിയമനം നൽകാൻ ചട്ടം അനുവദിക്കുന്നില്ലെന്നും പുതിയ പേരുകൾ നിർദേശിക്കാമെന്നും കേന്ദ്രം മറുപടി നൽകി.
ഒക്‌ടോബറിലെ ധനനയ നിർണയ യോഗത്തിന്റെ തീയതി റിസർവ് ബാങ്ക് പ്രഖ്യാപിച്ചെങ്കിലും പുതിയ അംഗങ്ങളെ നിയമിക്കാൻ കേന്ദ്രത്തിന് കഴിഞ്ഞില്ല. സെപ്‌തംബർ 29 മുതൽ ഒക്‌ടോബർ ഒന്നുവരെ നടക്കേണ്ടിയിരുന്ന യോഗം ഇതോടെ റിസർവ് ബാങ്ക് മാറ്റി.
രാജ്യത്തിന്റെ സമ്പദ്‌സ്ഥിതി മെച്ചമല്ലെന്നിരിക്കേ, ധനകാര്യ തീരുമാനങ്ങളെടുക്കേണ്ട നിർണായ പദവികളിൽ നിയമനം വൈകുന്നത് കേന്ദ്രസർക്കാരിന്റെ പിടിപ്പുകേടാണെന്ന വിമർശനം ശക്തമായിരുന്നു.
ധനനയം ഇനി ഇവർ
തീരുമാനിക്കും
റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് ആണ് എം.പി.സി അദ്ധ്യക്ഷൻ. ഡെപ്യൂട്ടി ഗവർണർ ഡോ. മൈക്കൽ പാത്ര, എക്‌സിക്യൂട്ടീവ് ഡയറക്‌ടർ ഡോ. മൃദുൽ കെ. സഗ്ഗർ എന്നിവരും അംഗങ്ങളാണ്. ഇവർക്കൊപ്പമാണ് ശശാങ്ക് ഭീഡെ, ആഷിമ ഗോയൽ, ജയന്ത് ആർ. വെർമ എന്നിവർ ചേരുന്നത്.
9ന് അറിയാം
ധനനയം
 പലിശ നിരക്ക് കുറച്ചേക്കില്ല
കോറം തികഞ്ഞതിനാൽ, എം.പി.സി യോഗം ഇന്നുമുതൽ ഒമ്പതുവരെ നടക്കുമെന്ന് റിസർവ് ബാങ്ക് അറിയിച്ചു. മുഖ്യപലിശ നിരക്ക് പരിഷ്കരിക്കാനുള്ള പ്രധാന മാനദണ്ഡമായ റീട്ടെയിൽ നാണയപ്പെരുപ്പം നിയന്ത്രണരേഖയായ നാലു ശതമാനം മറികടന്ന് ജൂലായിലും ആഗസ്‌റ്റിലും 6 ശതമാനത്തിനുമേൽ എത്തിയതിനാൽ, പലിശനിരക്ക് കുറയ്ക്കാൻ സാദ്ധ്യത വിരളമാണ്.
നിലവിലെ നിരക്കുകൾ
റിപ്പോ നിരക്ക് : 4.00%
റിവേഴ്‌സ് റിപ്പോ : 3.35%
എം.എസ്.എഫ് : 4.25%
സി.ആർ.ആർ : 3.00%
എസ്.എൽ.ആർ : 18%
 ശശാങ്ക് ഭീഡെ
ന്യൂഡൽഹി ആസ്ഥാനമായുള്ള ഗവേഷണ സ്ഥാപനമായ നാഷണൽ കൗൺസിൽ ഫോർ അപ്ളൈഡ് ഇക്കോണോമിക് റിസർച്ചിലെ സീനിയർ അഡ്വൈസർ. കാർഷിക, നാണയപ്പെരുപ്പ വിഷയങ്ങളിൽ വിദഗ്ദ്ധൻ.
 ആഷിമ ഗോയൽ
മുംബയിലെ ഇന്ദിരഗാന്ധി ഇൻസ്‌റ്റിറ്റ്യൂട്ട് ഒഫ് ഡെവലപ്‌മെന്റ് റിസർച്ചിലെ പ്രൊഫസർ. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശ സമിതിയിലെ അംഗം. ഈ പദവി ഇന്നലെ രാജിവച്ചു. നേരത്തെ റിസർവ് ബാങ്കിന്റെ സാങ്കേതിക ഉപദേശ സമിതിയംഗമായിരുന്നു. എസ്.ബി.ഐ ജനറൽ ഇൻഷ്വറൻസ്, ഈഡൽവീസ് ഫിനാൻഷ്യൽ സർവീസസ്, ഐഡി.ബി.ഐ ബാങ്ക് എന്നിവയുടെ സ്വതന്ത്ര ഡയറക്‌ടറുമാണ്.
ചാലക്കുടിക്കാരൻ
ചങ്ങാതി
ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ ഗതി നിർണയിക്കുന്ന നിർണായക സമിതിയായ എം.പി.സിയിൽ അംഗമായ ആദ്യ മലയാളിയെന്ന പെരുമയ്ക്ക് ഉടമയാവുകയാണ് തൃശൂർ ചാലക്കുടി സ്വദേശിയായ ജയന്ത് ആർ. വർമ്മ.
ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഒഫ് മാനേജ്‌മെന്റ്, അഹമ്മദാബാദിലെ പ്രൊഫസറായ ജയന്ത് ധനകാര്യ മേഖലയിലെ പരിഷ്‌കാരങ്ങൾ, ബാങ്കുകളുടെ പ്രവർത്തനം, ഫോറിൻ എക്‌സ്‌ചേഞ്ച് റിസ്‌ക് മാനേജ്‌മെന്റ് എന്നീ വിഷയങ്ങളിൽ അതിവിദഗ്ദ്ധനാണ്. സെബിയുടെ മുഴുവൻ സമയ ഡയറക്‌ടറായിരുന്നു. സെബി, ധന മന്ത്രാലയം, കമ്പനികാര്യ മന്ത്രാലയം എന്നിവ രൂപീകരിച്ച വിവിധ സമിതികളുടെ ചെയർമാൻ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.
ആക്‌സിസ് ബാങ്ക്, ബി.പി.സി.എൽ,, പഞ്ചാബ് നാഷണൽ ബാങ്ക് തുടങ്ങിയവയുടെ ഡയറക്‌ടറായും പ്രവർത്തിച്ചു. ഒട്ടേറെ പുസ്‌തകങ്ങൾ, പ്രബന്ധങ്ങൾ, ആർട്ടിക്കിളുകൾ എന്നിവ രചിച്ച ജയന്ത്, പാണ്ഡിത്യ മികവിന് ഐ.ഐ.എമ്മിന്റെ സ്വർണ മെഡൽ നേടിയിട്ടുണ്ട്.