
വെല്ലിംഗ്ടൺ : വെറും നാലിലയുള്ള ഒരു ഇത്തിരിക്കുഞ്ഞൻ ചെടി ലക്ഷങ്ങളുടെ വിലയ്ക്ക് ലേലത്തിൽ വിറ്റുപോയത് സമൂഹമാദ്ധ്യമങ്ങളിൽ ഇതിനോടകം തന്നെ ചർച്ചയായിക്കഴിഞ്ഞിട്ടുണ്ട്. ഫിലോഡെൻഡ്രോൺ മിനിമ എന്ന ഈ കുഞ്ഞൻചെടി നാലുലക്ഷം രൂപയ്ക്കാണ് ന്യൂസിലന്റിൽ നടന്ന ലേലത്തിൽ വിറ്റുപോയത്. റാഫിഡൊഫോറ ടെട്രാസ്പെർമ എന്ന വിഭാഗത്തിൽ പെടുന്ന അപൂർവ്വയിനം അലങ്കാരച്ചെടിയാണിത്. ഇലകളുടെ പകുതി ഭാഗം മഞ്ഞയും പകുതി പച്ചയും നിറമുള്ള ഈ ചെടിയ്ക്ക് വേണ്ടി ന്യൂസിലന്റിലെ പ്രമുഖ വ്യാപാര വെബ്സൈറ്റായ 'ട്രേഡ് മീ'യിൽ വലിയ ലേലംവിളിയാണ് നടന്നത്. അവസാനം 8,150 ന്യൂസിലന്റ് ഡോളറിനാണ് ചെടി വിറ്റത്. വിവിധ വർണ്ണങ്ങളിലുള്ള അപൂർവ്വം ചെടി എന്നതിനപ്പുറം ഇതിന്റെ വളർച്ചയും വളരെ സാവധാനത്തിലാണെന്നുള്ളത് ഫിലോഡെൻഡ്രോൺ മിനിമയെ പ്രിയങ്കരമാക്കുന്നു. ഉഷ്ണമേഖലയിലുള്ള പ്രദേശത്ത് നിർമ്മിക്കുന്ന ഉദ്യാനത്തിന് വേണ്ടിയാണ് ചെടി കരസ്ഥമാക്കിയതെന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത പുതിയ ഉടമ വ്യക്തമാക്കി.