
തിരുവനന്തപുരം : ഇരുപത്തിനാല് വർഷം നീണ്ട രാജ്യസേവനത്തിന് ശേഷം വിരമിച്ച് നാട്ടിലേക്ക് മടങ്ങവേ വാഹനാപകടത്തിൽ മലയാളിയായ സൈനികൻ മരണപ്പെട്ടു. തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശി സതീഷ്‌കുമാറിനോടാണ് വിധി ക്രൂരതകാട്ടിയത്. കാശ്മീരിൽ നിന്നും ഡൽഹിയിലേക്കുള്ള യാത്രാമധ്യേ ഹരിയാനയിലെ കുരുക്ഷേത്രയിൽ വച്ചാണ് ശനിയാഴ്ച മരണം സതീഷ്‌കുമാറിനെ തട്ടിയെടുത്തത്.
കഴിഞ്ഞ സെപ്തംബർ 30നായിരുന്നു എ.ഡി. വിഭാഗത്തിൽ നായിക് സുബേദാറായിരുന്ന സതീഷ്‌കുമാർ സർവീസിൽ നിന്നും വിരമിച്ചത്. ഡൽഹിയിൽ നിന്നും തിരുവനന്തപുരത്തേക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്ത സതീഷ് കുമാർ വെള്ളിയാഴ്ച ഡൽഹിയിലേക്കു യാത്രതിരിക്കുകയായിരുന്നു. ശനിയാഴ്ച ഉച്ചയോടെ വീട്ടിലെത്തുമെന്ന് അറിയിപ്പും നൽകിയിരുന്നു. മൂന്നു ട്രക്കുകളിലായി സുഹൃത്തുക്കളുമൊന്നിച്ചാണ് പഠാൻകോട്ടിൽനിന്ന് സതീഷ്‌കുമാർ യാത്ര തിരിച്ചത്.
എന്നാൽ യാത്രയ്ക്കിടെ കുരുക്ഷേത്രയിൽ വച്ച് ട്രക്കിന്റെ ടയർ പഞ്ചറായി. തുടർന്ന് വാഹനത്തിന്റെ ഡ്രൈവർ ടയർ മാറ്റിയിടുന്ന ജോലി തുടങ്ങിയപ്പോൾ കൈയിലുണ്ടായിരുന്ന ടോർച്ചു തെളിച്ച് സഹായിയായി സതീഷ് കുമാർ റോഡിലിറങ്ങി. ഈ സമയം അതിവേഗതയിലെത്തിയ ട്രക്ക് ഇദ്ദേഹത്തെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. പുലർച്ചെ ഒന്നരയോടെയായിരുന്നു അപകടമുണ്ടായത്. ഉടൻ സുഹൃത്തുക്കൾ സതീഷ്‌കുമാറിനെ അംബാല സൈനികാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണവിവരം അറിഞ്ഞ് ബന്ധുക്കൾ ഡൽഹിയിലെത്തിയാണ് സതീഷ്‌കുമാറിന്റെ മൃതദേഹം ഏറ്റുവാങ്ങിയത്.