
ഇന്ത്യയുടെ സ്വാതന്ത്ര്യത്തെ കുറിച്ചുളള കരൺ ജോഹറിന്റെ വരാനിരിക്കുന്ന ചിത്രത്തെക്കുറിച്ച് ഇൻസ്റ്റഗ്രാമിൽ അഭിപ്രായം പ്രകടിപ്പിച്ച് നടി പാർവതി തിരുവോത്ത്. അറപ്പുളവാക്കുന്നുവെന്ന് പറഞ്ഞാണ് പാർവതി തന്റെ അഭിപ്രായം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്‌തത്. പോസ്റ്റിന് പിന്നാലെ പാർവതിയെ തേടി ഒട്ടേറെ അഭിനന്ദനങ്ങളും വിമർശനങ്ങളുമാണ് ഇൻസ്റ്റയിൽ വന്നുകൊണ്ടിരിക്കുന്നത്.
നടി ആക്രമിക്കപ്പെട്ട കേസിലടക്കം പ്രസ്‌താവനകൾ നടത്തിയും പൊതുവേദിയിൽ മനസ് തുറന്നും പാർവതി നേരത്തെയും ശ്രദ്ധിക്കപ്പെട്ടിരുന്നു. തന്റെ വരാനിരിക്കുന്ന ചിത്രത്തെപ്പറ്റി ഒക്‌ടോബർ രണ്ടിനാണ് കരൺ ജോഹർ ട്വീറ്റ് ചെയ്‌തത്. ട്വീറ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ടാഗുചെയ്ത അദ്ദേഹം ഈ ചിത്രത്തിൽ ഇന്ത്യയുടെ സംസ്‌ക്കാരം,വീര്യം, മൂല്യങ്ങൾ എന്നിവയെ കുറിച്ചുളള പ്രചോദനാത്മകമായ കഥകൾ ഉൾപ്പെടുത്തുമെന്ന് വ്യക്തമാക്കുകയും ചെയ്‌തു.

"ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദിജീ... ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ നമ്മൾ ആഘോഷിക്കുമ്പോൾ തന്നെ, നമ്മുടെ മഹത്തായ രാജ്യത്തിന്റെ കഥകൾ അവതരിപ്പിക്കാൻ കഴിയുന്നതിൽ ഞങ്ങൾ വിനീതരും ബഹുമാനിക്കപ്പെടുന്നവരുമാണ്''എന്നായിരുന്നു കരൺ ജോഹറിന്റെ ട്വീറ്റ്. ചലച്ചിത്ര പ്രവർത്തകരായ രാജ്കുമാർ ഹിറാനി, ആനന്ദ് എൽ റായ്, ഏക്താ കപൂർ, സാജിദ് നാദിയദ്വാല, രോഹിത് ഷെട്ടി, ദിനേശ് വിജൻ എന്നിവരേയും കരൺ ജോഹർ ട്വീറ്റിൽ ടാഗ് ചെയ്‌തിരുന്നു.
Honourable PM @narendramodi ji...we are humbled & honoured to curate stories of our great nation whilst we celebrate 75 years of India’s independence @RajkumarHirani @aanandlrai @ektarkapoor #SajidNadiadwala #RohitShetty #DineshVijan #ChangeWithin #IndianFilmFraternity @PMOIndia pic.twitter.com/zypmyRf2Qg— Karan Johar (@karanjohar) October 2, 2020
നമ്മുടെ രാജ്യത്തിന്റെ ഓരോ കോണിലും പറയാൻ ശക്തമായ ഒരു കഥയുണ്ടെന്നാണ് കരൺ ജോഹർ തന്റെ സിനിമയെപ്പറ്റി പറഞ്ഞത്. നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ പ്രചോദനം ഉൾക്കൊണ്ടും നിരന്തരമായ മാർഗനിർദേശം തേടിയുമാണ് ചിത്രം നിർമ്മിക്കുന്നത് എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.