hathras-case

ന്യൂഡൽഹി: ഹാഥ്റാസ് സംഭവത്തിൽ കോടതി മേൽനോട്ടത്തിലുള‌ള അന്വേഷണം ആവശ്യപ്പെട്ട് ഉത്തർപ്രദേശ് സർക്കാർ സുപ്രീംകോടതിയിൽ. സ്ഥാപിത താൽപര്യക്കാർ ശരിയായ രീതിയിലുള‌ള അന്വേഷണത്തെ തടസപ്പെടുത്താൻ ശ്രമിക്കുകയാണെന്നും അതിനാൽ കോടതി മേൽനോട്ടത്തിലുള‌ള സി.ബി.ഐ അന്വേഷണം വേണമെന്നും യു.പി സർക്കാർ നൽകിയ സത്യവാങ്‌മൂലത്തിൽ ആവശ്യപ്പെടുന്നു.

19 വയസുകാരിയായ ദളിത് പെൺകുട്ടിയെ ക്രൂരപീഢനത്തിനിടയായതും തുടർന്ന് മരണടഞ്ഞതും രാജ്യത്ത് യോഗി ആദിത്യനാഥ് സർക്കാരിനെതിരെ വലിയ പ്രതിഷേധത്തിന് ഇടയാക്കി. കേസിൽ സർക്കാർ സ്വീകരിച്ച നടപടികൾക്ക് എതിരായ പ്രതിഷേധങ്ങൾ യോഗി ആദിത്യനാഥ് നേതൃത്വം നൽകുന്ന സർക്കാരിനെ അപമാനിക്കുവാനും അതിന്റെ പേരിൽ സംസ്ഥാനത്ത് കലാപത്തിന് ശ്രമം നടത്താനുമായിരുന്നുവെന്ന് സർക്കാർ സത്യവാങ്‌മൂലത്തിൽ പറയുന്നു. അതിനാൽ സി.ബി.ഐ കേസ് അന്വേഷിക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുൻപ് ആവശ്യപ്പെട്ടിരുന്നു. കേസിനായി സംസ്ഥാന സർക്കാർ നിയോഗിച്ച എസ്.ഐ.ടി നാളെ റിപ്പോർട്ട് സമർപ്പിക്കും.

അതേസമയം ഹാഥ്റാസ് സംഭവം മുൻ സുപ്രീംകോടതി ജഡ്‌ജിയുടെയോ ഹൈക്കോടതി ജഡ്‌ജിയുടെയോ മേൽനോട്ടത്തിൽ സി.ബി.ഐയോ പ്രത്യേക അന്വേഷണ സംഘമോ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹ്യ പ്രവർത്തകനായ സത്യമാ ദുബെ, അഭിഭാഷകരായ വിശാൽ താക്കറെ, രുദ്ര പ്രതാപ് യാദവ് എന്നിവർ സുപ്രീംകോടതിയിൽ നൽകിയ ഹർജി ചീഫ് ജസ്‌റ്റിസ് എസ്.എ ബോബ്ഡെ അദ്ധ്യക്ഷനായ ബെഞ്ച് ഇന്ന് പരിഗണിക്കും.