
കാസർകോട് : വാട്സാപ്പ് ഗ്രൂപ്പിൽ മകൻ കണ്ടത് അമ്മ യുവാവുമായി ഒളിച്ചോടിയെന്ന വാർത്ത. കാസർകോട് സ്വദേശിയായ ഹേമലതയുടെ ഫോട്ടോയാണ് സാമൂഹ്യവിരുദ്ധൻമാർ വ്യാജപ്രചരണത്തിനായി ഉപയോഗിച്ചത്. ഹേമലതയുടെ സുഹൃത്തിന്റെ യാത്രയയപ്പിന് പങ്കെടുക്കവേ എടുത്ത ചിത്രം വച്ചാണ് വ്യാജ പ്രചരണം നടത്തിയത്. 24കാരനായ യുവാവുമായി ചെമ്മട്ടംവയിലിൽ അക്ഷയ കേന്ദ്രം നടത്തുന്ന വീട്ടമ്മ ഒളിച്ചോടി എന്നായിരുന്നു ഫോട്ടോയ്ക്ക് ഇട്ട അടിക്കുറുപ്പ്. ഹേമലതയുടെ മകൻ ഉൾപ്പെട്ട വാട്സാപ്പ് ഗ്രൂപ്പിൽ ഈ വ്യാജസന്ദേശം ഫോർവേഡ് ചെയ്ത് എത്തിയതോടെയാണ് വീട്ടമ്മ ഇതിനെ കുറിച്ച് അറിയുന്നത്. തുടർന്ന് ബേക്കൽ പൊലീസിൽ പരാതി നൽകുകയായിരുന്നു.
എന്നാൽ വീട്ടമ്മ പരാതി നൽകിയിട്ടും ബേക്കൽ പൊലീസ് വേണ്ട ഗൗരവം കേസിന് നൽകിയില്ല എന്ന ആക്ഷേപം ഉയരുന്നുണ്ട്. പ്രതികളെ പിടികൂടാൻ കൃത്യമായ നിയമം ഇല്ലെന്ന് പറഞ്ഞ് പൊലീസ് കയ്യൊഴിയുകയായിരുന്നു. വ്യാജപ്രചരണം നടത്തിയ യുവാവിനെ ഹേമലത തന്നെ കണ്ടെത്തി പൊലീസ് സ്റ്റേഷനിൽ വച്ച് മാപ്പ് പറയിച്ചുവെങ്കിലും നിയമനടപടിയിലേക്ക് കടക്കാൻ പൊലീസ് മടിക്കുകയായിരുന്നു.