
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പിലുണ്ടായ തീപിടിത്തം ഷോർട്ട് സർക്യൂട്ട് മൂലമല്ലെന്ന് ഫോറൻസിക്ക് റിപ്പോർട്ട്. റിപ്പോർട്ട് സീലുവച്ച കവറിൽ തിരുവനന്തപുരം സി.ജെ.എം കോടതിയിൽ സമർപ്പിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നായിരുന്നു സർക്കാരിന്റേയും അന്വേഷണ സമിതികളുടേയും വിശദീകരണം. കത്തിയത് ഫയലുകൾ മാത്രമാണ്. സാനിറ്റൈസർ ഉൾപ്പടെ മറ്റ് വസ്‌തുക്കൾ കത്തിയില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
സ്വർണക്കടത്ത് കേസിൽ എൻ.ഐ.എ ആവശ്യപ്പെട്ട രേഖകൾ പ്രോട്ടോക്കോൾ ഓഫിസർ കൊച്ചിയിൽ നേരിട്ടെത്തിച്ചിരുന്നു. എന്നാൽ തീപിടിത്തത്തിനു 3 മണിക്കൂർ മുമ്പ് ഇതേ ഉദ്യോഗസ്ഥൻ ആ ഓഫിസിൽ എത്തിയിരുന്നതായി എൻ.ഐ.എയ്‌ക്ക് വിവരം ലഭിച്ചു. ഓഫിസിലെ മുഴുവൻ ഉദ്യോഗസ്ഥരും ക്വാറന്റീനിൽ പോയിരിക്കെ ഇദ്ദേഹം എന്തിനവിടെ എത്തിയതെന്നതിൽ ദുരൂഹതയുണ്ടെന്നാണ് എൻ.ഐ.എ നിലപാട്.
ചുമരിൽ ഘടിപ്പിച്ച ഫാൻ കത്തിയുരുകിയ ശേഷം മാത്രമാണോ ജീവനക്കാർ തീപിടിത്തം അറിഞ്ഞതെന്നാണ് മറ്റൊരു സംശയം. സെക്രട്ടേറിയറ്റിൽ തന്നെയുള്ള അഗ്നിരക്ഷാസേനാ യൂണിറ്റിനെ സംഭവം അറിയിച്ചത് വൈകിയാണോ എന്നും സംശയമുണ്ട്. വൈകിട്ട് നാലേ മുക്കാലോടെയാണ് തീപിടിത്തമുണ്ടായത്. അരമണിക്കൂറിന് ശേഷമാണ് തീയണച്ചത്.