
ന്യൂഡൽഹി: മഹീന്ദ്രയുടെ രണ്ടാം തലമുറ ഥാർ ചരിത്രം കുറിക്കുന്നു. ഔദ്യോഗികമായി പുറത്തിറക്കി കേവലം നാലുദിവസം കഴിഞ്ഞപ്പോൾ 9,000 ബുക്കിംഗാണ് ഥാറിന് ലഭിച്ചത്. 36,000 എൻക്വയറികളും ലഭിച്ചു. കിയ ഉൾപ്പടെയുളളവർക്കൊന്നും ഇതിന്റെ ഏഴയലത്തുപോലും എത്താനായിട്ടില്ല. രാജ്യത്തെ പതിനെട്ട് നഗരങ്ങളിൽ മാത്രമാണ് ഥാർ ഔദ്യോഗിക ലോഞ്ചിംഗ് നടന്നത്. വരും ദിവസങ്ങളിലും ബുക്കിംഗ് ഉയരുമെന്നുതന്നെയാണ് പ്രതീക്ഷിക്കുന്നത്.
താങ്ങാനാവുന്ന വിലയും പെർഫോമൻസുമാണ് ഥാറിന്റെ ജനപ്രിയതയ്ക്ക് പ്രധാനകാരണമെന്നാണ് വിലയിരുത്തുന്നത്. ഒപ്പം സൗന്ദര്യവും. 9.80 ലക്ഷം മുതലാണ് വില തുടങ്ങുന്നത്. അടിസ്ഥാന രൂപത്തിൽ വലിയ മാറ്റം വരുത്താതെ സുഖസൗകര്യങ്ങളുടെ കാര്യത്തിലും സാങ്കേതിക വിദ്യയിലും പുതിയ ഥാറിൽ കാതലായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഓട്ടോമാറ്റിക് ട്രാൻസ്മിഷനും കൺവെർട്ടബിൾ ടോപ്പ് ഓപ്ഷനുകളും ഉൾപ്പടെയുളളവയെ ഥാറിന്റെ വന്യത ഇഷ്ടപ്പെടുന്ന പരമ്പരാഗത ഉപഭോക്താക്കൾ എങ്ങനെ സ്വീകരിക്കുമെന്ന് ആശങ്ക ഉണ്ടായിരുന്നു. ബുക്കിംഗ് ഏറിയതോടെ ഈ ആശങ്ക അസ്ഥാനത്താണെന്നാണ് കമ്പനി വൃത്തങ്ങൾ വ്യക്തമാക്കുന്നത്. പുതിയ ഥാർ സൃഷ്ടിച്ച മികച്ച പ്രതികരണത്തിലും ആവേശത്തിലും ഞങ്ങൾ അതീവ സന്തുഷ്ടരാണ് എന്നാണ് കമ്പനിയിലെ ഓട്ടോമോട്ടീവ് ഡിവിഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ വിയജ് നക്ര പറയുന്നത്. ഒക്ടോബർ പത്തോടെ 100 നഗരങ്ങളിൽ പുതിയ ഥാൻ എത്തുമെന്നും അദ്ദേഹം അറിയിച്ചു.

ആദ്യ തലമുറയെപ്പോലെ തന്നെ ജീപ്പിന്റെ രൂപ ഭംഗിയോട് സാമ്യമുളളതാണ് രണ്ടാം തലമുറ ഥാറും. കരുത്തിന്റെ കാര്യത്തിൽ ഒട്ടും കുറവുവന്നിട്ടില്ല. വാഹനത്തിന്റെ വീതി കൂട്ടിയത് ഇന്റീരിയറിൽ കൂടുതൽ സ്ഥലവും കൂടുതൽ ഓഫ്റോഡ് ക്ഷമതയും നൽകിയിട്ടുണ്ടെന്നാണ് കമ്പനിയുടെ അവകാശവാദം.എൽ ഇ ഡി ഡേ ടൈം റണ്ണിംഗ് ലാംപുകളും എൽ ഇഡി ടെയിൽ ലാംപുകളുമുണ്ട്. ആറ് വ്യത്യസ്ത നിറങ്ങളിൽ വാഹനം ലഭ്യമാണ്. ഓടിക്കൊണ്ടിരിക്കുമ്പോൾ തന്നെ ഫോർ വീൽ ഡ്രൈവ് മോഡിലേക്ക് മാറ്റാൻ സാധിക്കുമെന്നാണ് മഹീന്ദ്ര പറയുന്നത്. ഇരട്ട എയർ ബാഗ്, എ ബി എസ്, പാർക്കിംഗ് സെൻസർ തുടങ്ങിയവയും പുതിയ ഥാറിലുണ്ട്.