
 ദിനേശ് കുമാർ ഖര ചെയർമാനാകും
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐയുടെ ചെയർമാൻ രജനീഷ് കുമാർ (62) ഇന്ന് വിരമിക്കും. മാനേജിംഗ് ഡയറക്‌ടറായിരുന്ന രജനീഷ്, അരുന്ധതി ഭട്ടാചാര്യയുടെ പിൻഗാമിയായി 2017 ഒക്‌ടോബർ ഏഴിനാണ് ചെയർമാനായത്. കാലാവധി നീട്ടിനൽകേണ്ടെന്ന് കേന്ദ്രം തീരുമാനിച്ചിരുന്നു. പുതിയ ചെയർമാനെ കേന്ദ്രം ഇന്നു പ്രഖ്യാപിച്ചേക്കും.
അരുന്ധതി മാത്രമാണ് കാലാവധി നീട്ടിലഭിച്ച ഏക ചെയർമാൻ. 2016ൽ എസ്.ബി.ടി അടക്കമുള്ള അസോസിയേറ്റ് ബാങ്കുകളുമായുള്ള ലയന പശ്ചാത്തലത്തിലായിരുന്നു അത്.
രജനീഷിന്റെ പകരക്കാരനായി മുതിർന്ന മാനേജിംഗ് ഡയറക്‌ടറായ ദിനേശ് കുമാർ ഖരയെ ബാങ്ക്സ് ബോർഡ് ബ്യൂറോ നാമനിർദേശം ചെയ്‌തിട്ടുണ്ട്. ഇതിന് കേന്ദ്രത്തിന്റെ അംഗീകാരം വേണം. റിസർവ് നോമിനിയായി മറ്റൊരു മാനേജിംഗ് ഡയറക്‌ടറായ ചെല്ല ശ്രീനിവാസലു ഷെട്ടിയെ നിർദേശിച്ചിട്ടുണ്ട്.
മറ്റൊരു മാനേജിംഗ് ഡയറക്‌ടറായ അരിജിത് ബസു ഈമാസം വിരമിക്കും. നാല് മാനേജിംഗ് ഡയറക്‌ടർ പദവികളാണ് എസ്.ബി.ഐയ്ക്കുള്ളത്. ഒഴിവുവരുന്ന രണ്ട് മാനേജിംഗ് ഡയറക്‌ടർ പദവികളിലേക്ക് സ്വാമിനാഥൻ ജാനകിരാമൻ, അശ്വിനികുമാർ തിവാരി എന്നിവരെ ബാങ്ക്സ് ബോർഡ് ബ്യൂറോ നാമനിർദേശം ചെയ്‌തിട്ടുണ്ട്. പ്രകാശ് ചന്ദ്ര കന്ദ്‌പാൽ, അലോക് കുമാർ ചൗധരി എന്നിവരാണ് റിസർവ് നോമിനികൾ.
രജനീഷ് യുഗം
രജനീഷ് കുമാറിന്റെ കീഴിൽ മികച്ച നേട്ടങ്ങൾ കൊയ്യാൻ എസ്.ബി.ഐയ്ക്ക് കഴിഞ്ഞിട്ടുണ്ട്. വായ്‌പകൾ 4.93 ലക്ഷം കോടി രൂപ വർദ്ധിച്ച് 23.85 ലക്ഷം കോടി രൂപയായി. നിക്ഷേപം 7.96 ലക്ഷം കോടി രൂപ ഉയർന്ന് 34.19 ലക്ഷം കോടി രൂപയിലെത്തി.
മൊത്തം നിഷ്‌ക്രിയ ആസ്‌തി (ജി.എൻ.പി.എ) 9.83 ശതമാനത്തിൽ നിന്ന് 5.44 ശതമാനമായി കുത്തനെ കുറഞ്ഞു. രജനീഷിന്റെ കീഴിൽ എസ്.ബി.ഐ കൈവരിച്ച ശക്തമായ അടിത്തറ സംരക്ഷിക്കുകയും നിലവിലെ സമ്പദ്‌വെല്ലുവിളികൾ തരണം ചെയ്യുകയുമെന്ന ദൗത്യമാണ് ദിനേശ് ഖരയെ കാത്തിരിക്കുന്നത്.