
ബംഗളൂരു: മയക്കുമരുന്ന് കേസിലെ പ്രതി മുഹമ്മദ് അനൂപിനെ ബിനീഷ് കോടിയേരി വിളിച്ചതിന്റെ വിശദാംശങ്ങൾ പുറത്ത്.80 ദിവസത്തിനിടെ 78 തവണയാണ് ബിനീഷ് മുഹമ്മദിനെ വിളിച്ചത്. കഴിഞ്ഞ മേയ് 31നും ഓഗസ്റ്റ് 19നും ഇടയിലുള്ള ഫോൺ കോളാണിത്.
ഓഗസ്റ്റ് 21നാണ് മുഹമ്മദിനെ ബംഗളൂരുവിലെ അപ്പാർട്ട്‌മെന്റിൽ നിന്ന് 250 എംഡിഎംഎ ഗുളികകളുമായി നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ(എൻ.സി.ബി) അറസ്റ്റുചെയ്തത്. പിടിയിലാകുന്നതിന് രണ്ട് ദിവസം മുൻപ് അഞ്ചുതവണയാണ് ഇരുവരും ഫോണിൽ സംസാരിച്ചത്.
ഹോട്ടൽ തുടങ്ങാൻ മുഹമ്മദിന് ബിനീഷ് കോടിയേരി പണം നൽകിയിരുന്നുവെന്ന് അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു. ചിലവിന് പണം കണ്ടെത്താൻ എംഡിഎംഎ ഗുളികകൾ വിദ്യാർത്ഥികൾക്കും പാർട്ടിക്കാർക്കും നൽകിയിരുന്നുവെന്ന് അനൂപ് നേരത്തെ മൊഴി നൽകിയിരുന്നു. മയക്കുമരുന്ന് കേസും വിമാനത്താവളത്തിലെ സ്വർണക്കടത്തും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോയെന്ന് ദേശീയ ഏജൻസികളായ എൻ.സി.ബിയും ഇഡിയും സംശയിക്കുന്നുണ്ടെന്നാണ് സൂചന.