
തിരുവനന്തപുരം: തലസ്ഥാനത്തെ യു.എ.ഇ കോൺസുലേറ്റ് വഴി 17,000 കിലോ ഈന്തപ്പഴം പലഘട്ടങ്ങളിലായി കൊണ്ടുവന്നതുമായി ബന്ധപ്പെട്ട് വനിതാശിശുവികസന ഡയറക്ടർ ടി.വി.അനുപമയുടെ മൊഴി കസ്റ്റംസ് രേഖപ്പെടുത്തി. ഈന്തപ്പഴം ഇറക്കുമതി ചെയ്യുമ്പോൾ അനുപമ സാമൂഹ്യനീതി വകുപ്പ് ഡയറക്ടറായിരുന്നു. ഇന്നലെയാണ് അനുപമയുടെ മൊഴി രേഖപ്പെടുത്തിയത്. വിവിധ ജില്ലകളിലേക്ക് അയച്ച ഈന്തപ്പഴത്തിന്റെ വിവരങ്ങളാണ് കസ്റ്റംസ് ചോദിച്ചറിഞ്ഞത്. ഈന്തപ്പഴ ഇറക്കുമതിയുമായി ബന്ധപ്പെട്ട് സാമൂഹ്യക്ഷേമ സെക്രട്ടറി ബിജു പ്രഭാകറിന് കസ്റ്റംസ് ചോദ്യാവലി അയച്ചുനൽകുകയും ഉത്തരങ്ങൾ തേടുകയും ചെയ്തു. എന്നാൽ, ഇതുസംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾക്കായാണ് അനുപമയുടെ മൊഴി രേഖപ്പെടുത്തിയത്.
ഈന്തപ്പഴ ഇറക്കുമതിയുമായി ബന്ധപ്പെട്ട് നേരത്തെ കസ്റ്റംസ് കേസ് രജിസ്റ്റർ ചെയ്യുകയും സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടുകയും ചെയ്തിരുന്നു. വിമാനത്താവളത്തിലെ നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയതിന് പിന്നാലെയാണ് കേരളത്തിലേക്ക് കോൺസുലേറ്റ് ഉദ്യോഗസ്ഥർക്കെന്ന പേരിൽ ഈന്തപ്പഴം പലഘട്ടങ്ങളിലായി കൊണ്ടുവന്ന സംഭവത്തിൽ കസ്റ്റംസ് അന്വേഷണം തുടങ്ങിയത്. ഈന്തപ്പഴത്തിനൊപ്പം മതഗ്രന്ഥങ്ങൾ കൊണ്ടുവന്നതിൽ നയതന്ത്ര സ്ഥാപനം പാലിക്കേണ്ട ചട്ടങ്ങളൊന്നും പാലിക്കപ്പെട്ടില്ലെന്നാണ് കസ്റ്റംസ് കരുതുന്നത്. വിമാനത്താവളത്തിൽ സ്വർണം പിടിച്ച നയതന്ത്രബാഗിലും ഈന്തപ്പഴമുണ്ടായിരുന്നു.
ഈന്തപ്പഴ വിതരണത്തിന് സൗകര്യങ്ങൾ ഒരുക്കിയത് സംബന്ധിച്ചുള്ള എല്ലാകാര്യങ്ങളും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ അറിയിച്ചിരുന്നതായി അനുപമ കസ്റ്റംസിനോട് പറഞ്ഞു. ഈന്തപ്പഴം ഇറക്കുമതി സംബന്ധിച്ച് സർക്കാരും യു.എ.ഇ കോൺസുലേറ്റും തമ്മിലുള്ള ആശയവിനിമയത്തിന്റെ രേഖകൾ ഹാജരാക്കാൻ കസ്റ്റംസ് സാമൂഹ്യനീതി വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും രേഖകൾ ഇല്ലെന്നായിരുന്നു പൊതുഭരണ വകുപ്പിന്റെ മറുപടി. പ്രോഗ്രാമുകൾ ആസൂത്രണം ചെയ്തത് മുഖ്യമന്ത്രിയുടെ ഓഫീസും ശിവശങ്കറിന്റെ നേരിട്ടുള്ള നിർദ്ദേശപ്രകാരമാണ് വിതരണം നടത്തിയതെന്നും പൊതുഭരണവകുപ്പ് വൃത്തങ്ങൾ സൂചിപ്പിച്ചു.
2016 ഒക്ടോബറിൽ യു.എ.ഇ കോൺസുലേറ്റ് തലസ്ഥാനത്ത് തുടങ്ങിയതിന് ശേഷം ഏറ്റവുമധികം എത്തിയത് ഈന്തപ്പഴമാണ്. കോൺസൽ ജനറലിന്റെ സ്വന്തം ആവശ്യത്തിനെന്ന പേരിൽ 17,000 കിലോഗ്രാമാണ് യു.എ.ഇ.യിൽ നിന്നെത്തിയത്. ഇവ വിതരണം ചെയ്തത് സംസ്ഥാനത്തെ സ്‌പെഷ്യൽ സ്‌കൂളുകൾ, ബഡ്സ് സ്‌കൂളുകൾ, അനാഥാലയങ്ങൾ എന്നിവിടങ്ങളിലെ കുട്ടികൾക്കാണ്. യു.എ.ഇ പ്രസിഡന്റിന്റെ സമ്മാനമായി ഒരാൾക്ക് 250 ഗ്രാം എന്ന കണക്കിന് 40,000കുട്ടികൾക്കാണ് ഈന്തപ്പഴം നൽകിയത്. കുട്ടികൾക്ക് കൈമാറാനായി കോൺസുലേറ്റ് ഈന്തപ്പഴം സർക്കാരിനെ ഏൽപിക്കുകയായിരുന്നു.