നിലപാടുകളിൽ വ്യക്തതയും കൃത്യതയുമുള്ള യുവനായിക പ്രയാഗ മാർട്ടിൻ മനസ് തുറക്കുന്നു

തികച്ചും വ്യക്തിപരമായ ചോദ്യങ്ങൾ അഭിമുഖത്തിൽ ചോദിക്കുന്നതിനോട് തീരെ ആഭിമുഖ്യമില്ലാത്തയാളാണ് പ്രയാഗമാർട്ടിൻ. പക്ഷേ ഏതുചോദ്യത്തിനും പ്രയാഗയ്ക്ക് ഉത്തരമുണ്ട്.
''പഠിത്തത്തിനൊപ്പം സിനിമയും കൊണ്ടുപോയിരുന്ന ഒരാളായിരുന്നു ഞാൻ. പഠിത്തം കഴിഞ്ഞു. എന്റെ പോസ്റ്റ് ഗ്രാജുവേഷൻ പൂർത്തിയായി. ഇനി സിനിമയാണ് എന്റെ പ്രൈം ഫോക്കസ്. അപ്പോൾ ഒരു പ്ളാനില്ലാതെ മുന്നോട്ട് പോകാനാവില്ല. സിനിമയുടെ കാര്യം പ്രവചിക്കാൻ പറ്റില്ല. നമ്മൾ പ്ളാൻ ചെയ്തപോലെ ഒന്നും നടക്കണമെന്നില്ല. നടക്കുന്ന രീതിയിൽ ചിലപ്പോൾ വഴിത്തിരിവുണ്ടായെന്നു വരും. പുതിയതായി തിരഞ്ഞെടുക്കുന്ന വഴി എങ്ങനെയൊക്കെ പോകും ആ വഴിയിലൂടെ പോകുമ്പോൾ എന്തൊക്കെ സംഭവിക്കും, എത്ര ദൂരം ആ വഴിയിലൂടെ പോകാൻ പറ്റും എന്നൊന്നും പറയാൻ പറ്റില്ല. അത് നമുക്കാർക്കും പ്രവചിക്കാൻ പറ്റില്ല.
ആ തീരുമാനത്തിലേക്ക് വന്നു. എന്തുതരം സിനിമകളാണ് ഇനി ഞാൻ തിരഞ്ഞെടുക്കേണ്ടത് എന്ന കാര്യത്തിൽ ഒരു ക്ളാരിറ്റി കിട്ടി. എന്തുതരം സിനിമകൾക്കാണ് ഞാൻ ഇനി മുൻതൂക്കം കൊടുക്കേണ്ടത് എന്തൊക്കെ തരം സിനിമകൾ ചെയ്താലാണ് ഒരു അഭിനേത്രിയെന്ന നിലയിൽ എനിക്ക് പ്രേക്ഷകരുമായി കൂടുതൽ കണക്ട് ചെയ്യാൻ പറ്റുന്നത് എന്നൊക്കെയാണ് നോക്കുന്നത്. മുന്നോട്ടുള്ള യാത്രയിൽ ഒരു മാറ്റം വേണം. എക്കാലവും ഒരേ കാര്യം തന്നെ ചെയ്തിട്ട് കാര്യമില്ല. ആ മാറ്റത്തിന് ഞാൻ തയ്യാറാണ്." പ്രയാഗ പറഞ്ഞു തുടങ്ങി
സിനിമകളുടെ തിരഞ്ഞെടുപ്പ് പാളിയിട്ടുണ്ടാവാം.അതൊക്കെ കറക്ട് ചെയ്തിട്ടാവും മുന്നോട്ടുള്ള യാത്ര എന്നല്ലേ ഉദ്ദേശിച്ചത്?
അല്ല, ഒരിക്കലുമല്ല. ഞാൻ ചെയ്ത സിനിമകളെല്ലാം നല്ല സിനിമകളായിരുന്നു. ഒരു സിനിമയെക്കുറിച്ചുപോലും അത് മോശമായിരുന്നുവെന്നോ, ചെയ്യേണ്ടായിരുന്നുവെന്നോ എനിക്ക് പറയാനാവില്ല. അങ്ങനെ പറഞ്ഞാൽ ഞാൻ ചെയ്യുന്നത് നന്ദികേടായിരിക്കും. ഒരു സിനിമ വേറൊരു സിനിമയിലേക്ക് നയിക്കുകയും അല്ലെങ്കിൽ ഓരോ സിനിമകളും എന്നെ പല പല കാര്യങ്ങൾ പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഒന്നാമത്തെ പടിയിൽ നിന്ന് ചാടി പതിനൊന്നാമത്തെ പടിയിൽ എത്താൻ പറ്റില്ല. ആ യാത്രയെ ഞാൻ ബഹുമാനിച്ചേ മതിയാകൂ.
ബാലതാരമായാണ് സിനിമയിൽ വന്നത്. അങ്ങനെ നോക്കിയാൽ സിനിമയിൽ പത്ത് വർഷമാകുന്നു?
അങ്ങനെ പറയാൻ പറ്റില്ല. ബാലതാരമായി സാഗർ ഏലിയാസ് ജാക്കിയിൽ മുഖം കാണിച്ചു. പിന്നീട് ഒന്നോ രണ്ടോ വർഷം കഴിഞ്ഞ് ഉസ്താദ് ഹോട്ടലിൽ മുഖം കാണിച്ചു. അപ്പയുടെ ഫ്രണ്ട്സായിരുന്നു അമല (അമൽ നീരദ്)ങ്കിളും അൻവറ(അൻവർ റഷീദ്)ങ്കിളും. 'മാർട്ടിൻ, മോളെയൊന്ന് വിടുമോ" എന്ന് ചോദിച്ചപ്പോൾ അപ്പ എന്നെ വിട്ടു. അല്ലാതെ എന്നിൽ എന്തെങ്കിലും ടാലന്റുണ്ടെന്ന് കണ്ടിട്ട് അവർ വിളിച്ചതൊന്നുമല്ല. ആ രണ്ട് സിനിമകളിലും ഞാൻ ഒന്നോ രണ്ടോ സീനുകളിൽ, മിന്നി മാഞ്ഞ് പോയിട്ടേയുള്ളൂ. ഒരു രസത്തിന് ചെയ്തതാണ്. അതെന്റെ സിനിമാ ജീവിതത്തിലെ സിനിമാ അനുഭവം എന്നൊന്നും പറയാനില്ല. എന്നാൽ വ്യത്യസ്ഥമായിരുന്നു ഒരഭിനേത്രിയെന്ന നിലയിൽ ഞാൻ പിശാശ് എന്ന തമിഴ് ചിത്രം ചെയ്തപ്പോൾ.
2014 അവസാനമാണ് പിശാശ് റിലീസായത്. പിന്നെയും ഒരു വർഷത്തിലേറെ കഴിഞ്ഞാണ് ഞാൻ മലയാളത്തിൽ നായികയായി അഭിനയിക്കുന്നത്. പറവ, ഒരു മുറൈ വന്ത് പാർത്തായ, ഒരേ മുഖം, കട്ടപ്പനയിലെ ഋത്വിക് റോഷനാണ് ബ്രേക്ക് തന്നത്. ഒരുപക്ഷേ, കട്ടപ്പനയിലെ ഋത്വിക് റോഷൻ ഞാൻ പിന്നീടാണ് ചെയ്തിരുന്നതെങ്കിൽ എനിക്ക് ബ്രേക്ക് കിട്ടാൻ വൈകിപ്പോയേനെ. തമിഴിൽ പിശാശിലൂടെ ബ്രേക്ക് കിട്ടിയെങ്കിലും തമിഴിൽ ഞാൻ തുടർന്നില്ല. പിന്നീട് കേരളത്തിലോട്ട് വന്ന് ഞാൻ പഠിത്തത്തിൽ ശ്രദ്ധിച്ചു. കോളേജിൽ രണ്ടാം വർഷമായപ്പോഴാണ് മലയാളത്തിൽ നായികയായത്. കട്ടപ്പന ഹിറ്റായിക്കഴിഞ്ഞ് മലയാളത്തിൽ എനിക്ക് ഗ്യാപ്പ് വന്നില്ല. അതു കഴിഞ്ഞയുടൻ ഫുക്രി ചെയ്തു. രാമലീല അടുത്ത ബ്രേക്ക് തന്നു. ഒരു പഴയ ബോംബ് കഥ വേറൊരു ബ്രേക്ക് തന്നു. അതിനിടയ്ക്ക് പോക്കിരി സൈമണും വിശ്വാസപൂർവം മൻസൂറുമൊക്കെ ചെയ്തു. ഭൂമിയിലെ മനോഹര സ്വകാര്യമാണ് അവസാനം ചെയ്ത സിനിമ. വേണമെന്നുവച്ച് തന്നെ ഞാൻ കുറച്ചൊന്ന് മാറി നിന്നിരുന്നു. സിനിമ കുറച്ച് തിയറിറ്റിക്കലായി പഠിക്കണമെന്നുണ്ടായിരുന്നു എനിക്ക്. നമ്മൾ പ്രവർത്തിക്കുന്ന മേഖലയെക്കുറിച്ച് കൂടുതലറിയാനും നമ്മൾക്ക് താല്പര്യമുണ്ടാകും. അതിന്റെയൊക്കെ ഒരു കാലമായിരുന്നു എന്റെ കടന്നുപോയ ഒരു വർഷം. ചില കാര്യങ്ങൾ പഠിക്കാനായി മനഃപൂർവം മാറി നിന്ന സമയത്ത് ചെയ്ത സിനിമയാണ് ഭൂമിയിലെ മനോഹര സ്വകാര്യം. അതാണ് കൊവിഡിന് മുൻപുള്ള റിലീസ്.
സെലിബ്രിറ്റികളുടെ കൂടപ്പിറപ്പാണ് ട്രോളുകൾ. ട്രോളന്മാരുടെ ആക്രമണത്തിന് ഏറ്റവും കൂടുതൽ വിധേയയായിട്ടുള്ള ഒരാളാണ്
പ്രയാഗയും?
ട്രോൾ ഒരു ആക്രമണമായി കാണാത്ത ഒരു വ്യക്തിയാണ് ഞാൻ. ട്രോളിനെ ഒരു ആക്രമണമായി കണ്ടിരുന്നെങ്കിൽ ഒന്നുകിൽ ഞാൻ ഡിഫന്റ് ചെയ് തേനെ. അല്ലെങ്കിൽ ഞാൻ തിരിച്ച് പ്രതികരിക്കുകയോ പരാതിപ്പെടുകയോ ചെയ്തതേനെ. എനിക്ക് ട്രോളന്മാരുടെ ആക്രമണമുണ്ട്. എനിക്കതിൽ പരാതിയുണ്ടെന്ന് പറഞ്ഞ ഞാൻ സൈബർ സെല്ലിൽ പരാതിപ്പെട്ടേനെ. അതൊന്നും ഞാൻ ചെയ്തിട്ടില്ല. അതിനർത്ഥം ഞാനതിനെ ഒരു ആക്രമണമായി കാണുന്നില്ലെന്നും അങ്ങനെ കാണേണ്ട ആവശ്യമില്ലെന്നു തന്നെയാണ്.
മനസാലോ വാക്കാലോ പ്രവൃത്തിയാലോ എന്നെ വേദനിപ്പിക്കാത്ത പ്രവൃത്തിയാണ് ട്രോളുകൾ. ട്രോളിന്റെ ഒരു സബ്ജക്ട് ഞാനാകുന്നുവെന്നുള്ളത് തീർച്ചയായിട്ടും എന്തോ ഒരു വില അത് അറിഞ്ഞോ അറിയാതെയോ ആരൊക്കെയോ എനിക്ക് തരുന്നുണ്ടെന്നതിന്റെ തെളിവല്ലേ? ചില സമയത്ത് ചിലയിടങ്ങളിൽ നമുക്കൊരു സീറ്റിട്ട് തരണമെന്ന് നമ്മൾ ആഗ്രഹിക്കും. ചിലപ്പോൾ നമ്മൾ അതിനുവേണ്ടി പ്രവർത്തിക്കും. ഇതൊന്നും ട്രോളിന്റെ കാര്യത്തിൽ എനിക്കില്ല. അവർ എന്നെ ട്രോളിന്റെ വിഷയമാക്കണമെന്നും അവർ എന്നെ അംഗീകരിക്കണമെന്നും അവർ എനിക്ക് സീറ്റിട്ട് തരണമെന്നും ഒന്നുമില്ല. അതിനൊക്കെ വേണ്ടി ഞാൻ അവർക്ക് കാശ് കൊടുത്തിട്ടുമില്ല. അതൊന്നുമില്ലാതെ ട്രോളിലൂടെ എനിക്ക് കിട്ടുന്ന ഫ്രീ പബ്ളിസിറ്റി ഒരുതരം ഹൈപ്പുമാണ്. എന്തുകൊണ്ട് പ്രയാഗമാർട്ടിനെ ട്രോൾ ചെയ്യുന്നുവെന്ന് ആരോട് ചോദിച്ചാലും ആർക്കും ഒരുത്തരമുണ്ടാകില്ല. പലരോടും ഞാൻ ചോദിച്ചിട്ടുണ്ട്. പലർക്കും ഉത്തരമുണ്ടായിരുന്നില്ല.
മലയാളത്തിൽ ഇന്ന് ഒരുപാട് നായികമാരുണ്ട്. നായികമാർ തമ്മിൽ ഒരു മത്സരമുണ്ടോ?
ഒരിക്കലും അങ്ങനെ ഒരു മത്സരത്തിൽ ഞാൻ വിശ്വസിക്കുന്നില്ല. മത്സരം നല്ലതാണ്. തനിക്ക് തന്നോട് മത്സരമുണ്ടായാലേ ഇന്നത്തെ കാലത്ത് മുന്നേറാൻ കഴിയൂ. എന്നാലേ മീഡിയ എന്ന ശക്തമായ ഇൻഫർമേഷൻ പ്ളാറ്റ്ഫോമിൽ നമുക്ക് നിലനില്ക്കാൻ പറ്റൂ. ആ മീഡിയയിൽ തന്നെയുള്ള പത്ത് പതിനായിരം പേരോട് മത്സരിക്കാൻ നിന്നിട്ടൊന്നും കാര്യമില്ല. ഓരോരുത്തരും അവരവരുടേതായ കഴിവ് കൊണ്ടും ബുദ്ധികൊണ്ടും സാമർത്ഥ്യംകൊണ്ടും പരിചയ സമ്പത്തുകൊണ്ടുമൊക്കെ നിലനിന്ന് പോകുന്നവരാണ്. അവിടെ ഒരു സ്പെയ്സ് എനിക്കുമുണ്ടെന്ന് ഞാനും വിശ്വസിക്കുന്നു. ഞാൻ എന്നെത്തന്നെ മെച്ചപ്പെടുത്താൻ നോക്കുന്നു. എന്നെ മെച്ചപ്പെടുത്തണമെന്നുണ്ടെങ്കിൽ കാലത്തിനൊപ്പം തന്നെ ഞാനും ഓടണം. മീഡിയ, ട്രെൻഡ് എല്ലാം നിരീക്ഷിക്കുന്നയാളാണ് ഞാൻ. മറ്റ് ആക്ടേഴ്സിനോട് മത്സരിക്കുമ്പോൾ ഞാൻ എന്നെ കാണാതെ പോകുന്നുവെന്നതാണ് സത്യം. എന്നെ കാണാതെ ഞാൻ ആരോട് മത്സരിച്ചിട്ടെന്ത് കാര്യം! അപ്പോൾ ഞാൻ ആരുമായിട്ടാണോ മത്സരിക്കുന്നത് അവരാണ് വിജയിക്കുന്നത്. അല്ലാതെ ഞാനല്ല. എനിക്ക് അങ്ങനെ തോറ്റുകൊടുക്കാനൊന്നും മനസ്സില്ല. ഞാൻ വിജയിക്കണമെന്ന് തന്നെ ആഗ്രഹിക്കുന്ന വ്യക്തിയാണ്. അപ്പോൾ ഞാനെന്തിനാണ് ആരെങ്കിലുമായി മത്സരിക്കുന്നത്?
മറ്റുള്ളവരുടെ വിജയങ്ങളിൽ നമുക്ക് സന്തോഷം കണ്ടെത്താനും പറ്റണം.