
നൊബേൽ സമ്മാനം നേടിയ 'ഏകാന്തതയുടെ നൂറു വർഷങ്ങൾ' എന്ന നോവൽ വായിക്കാം. ഗബ്രിയേൽ ഗാർസിയ മാർക്കേസ് അതിൽ പറയുന്നത് മക്കോണ്ട എന്ന സാങ്കല്പിക നഗരത്തിലെ ഒരു കുടുംബത്തിന്റെ ഏഴ് തലമുറകളുടെ കഥയാണ്. ജോസ് അർക്കേഡിയോ ബുവെണ്ടിയയും ഭാര്യ ഉർസുല ഇഗ്വറാനും മക്കളുമായി കൊളംബിയയിലെ റിയോഹച്ച് ഉപേക്ഷിച്ച് യാത്ര തിരിക്കുന്നു. ഒരു നദിക്കരയിലെത്തിയ അവർ അവിടെയൊരു നഗരം പണിതൊരുക്കി. എല്ലാ മാർച്ച് മാസത്തിലും പുതിയ കണ്ടുപിടിത്തങ്ങളുമായി ജിപ്സികൾ അവിടെയെത്തുന്നു. ആദ്യമെത്തിയത് കാന്തദണ്ഡുകളുമായാണ്. കാന്തികപ്രഭയുള്ള രണ്ടു വലിയ ലോഹദണ്ഡുകളും വലിച്ചുകൊണ്ട് മെൽക്വിയാഡിസ് എന്ന ജിപ്സി തെരുവിലൂടെ പോകുന്നു. ഇരുമ്പുകൊണ്ട് നിർമ്മിതമായ കലവും പാത്രങ്ങളും കൊടിലും തീകോരിയുമെല്ലാം യഥാസ്ഥാനങ്ങളിൽനിന്ന് മറിഞ്ഞുവീഴുന്നു. ആണിയിൽനിന്നു രക്ഷപ്പെടാൻ വീടുകളുടെ ഉത്തരങ്ങൾ കുലുങ്ങി വിറച്ചു. പണ്ടെങ്ങോ നഷ്ടപ്പെട്ട ഇരുമ്പുസാധനങ്ങൾ എവിടെ നിന്നെല്ലാമോ നിരങ്ങിവന്നു. എല്ലാം ജിപ്സിക്കു പിന്നാലെ നിരങ്ങിപ്പോകുന്നത് നഗരവാസികൾ വിസ്മയത്തോടെ നോക്കി നിന്നു.
രണ്ടാമത്തെ വരവിൽ ജിപ്സികൾ കൊണ്ടുവന്നത് ദൂരദർശിനിയും ഭൂതക്കണ്ണാടിയുമാണ്. മൂന്നാമത്തെ വരവിൽ ജിപ്സികൾ ജോസ് അർക്കേഡിയോയ്ക്ക് ഒരു പരീക്ഷണശാല സമ്മാനിക്കുന്നു. സ്വർണം ഇരട്ടിപ്പിക്കാൻ ആ പരീക്ഷണശാലയിൽ സാധിക്കുമെന്നു കരുതിയ അർക്കേഡിയോ ഭാര്യയുടെ കൈയിലുണ്ടായിരുന്ന സ്വർണനാണയങ്ങൾ വാങ്ങി പരീക്ഷണം നടത്തി. പരീക്ഷണ ഉപകരണത്തിന്റെ അടിയിൽ അവ കരിഞ്ഞ് ഒട്ടിപ്പിടിച്ചു. അതുകണ്ട് ഭാര്യ നിലവിട്ടു കരഞ്ഞു. പിന്നെയും ജിപ്സികൾ പലതും കൊണ്ടുവന്നു. ഒടുവിൽ കൊണ്ടുവന്നത് മഞ്ഞുകട്ടയാണ്. അതിൽ തൊടുന്നതിന് അഞ്ച് നാണയം കൊടുക്കണം. അതുനൽകി അർക്കേഡിയോ തൊട്ടുനോക്കി. അയാൾക്ക് അദ്ഭുതവും ഭയവും സന്തോഷവും അനുഭവപ്പെട്ടു. ഈ അജ്ഞാരഹസ്യം എന്തെന്ന് പുത്രന്മാരും അറിയട്ടെ എന്നുകരുതി 10 നാണയം കൂടി ജിപ്സിക്കു നൽകി. മൂത്തമകൻ തൊട്ടുനോക്കി. അത് തിളയ്ക്കുകയാണെന്ന് അവന് തോന്നി. രണ്ടാമത്തെ മകൻ പേടിച്ച് തൊടാതെ മാറിനിന്നു. വിസ്മയാനുഭവത്തിൽ, പരാജയപ്പെട്ട പല പരീക്ഷണങ്ങളും മറന്നുപോയ അയാൾ അഞ്ച് നാണയം കൂടി നൽകി ഒരിക്കൽക്കൂടി മഞ്ഞുകട്ടയിൽ തൊട്ടു. വിശുദ്ധഗ്രന്ഥത്തിൽ കൈവച്ച് സാക്ഷി പറയുമ്പോലെ അയാൾ വിളിച്ചുപറഞ്ഞു. 'നമ്മുടെ കാലത്തെ ഏറ്റവും വലിയ കണ്ടുപിടിത്തം ഇതാണ്."പുതിയ കണ്ടുപിടിത്തങ്ങളുമായി തിരികെ വരാനായി ജിപ്സികൾ മടങ്ങിപ്പോയപ്പോഴും അർക്കേഡിയോ അദ്ഭുത ലോകത്ത് മിഴിച്ചു നിൽക്കുകയായിരുന്നു.
പുരോഗമനമെന്ന് മനുഷ്യർ കരുതിപ്പോന്ന സകലതും അർക്കേഡിയോ തൊട്ടുനോക്കിയ മഞ്ഞുകട്ടപോലെ ഒരു വെയിലിൽ അലിഞ്ഞ് ഇല്ലാതാകുന്നതായിരിക്കാം. അതിനപ്പുറം ചിലതുണ്ടെന്ന് പറയാനാണ് എനിക്കിഷ്ടം. ജിപ്സികൾ കൊണ്ടുവന്ന ദൂരദർശിനിയിലൂടെ അർക്കേഡിയോ അറിയുന്നത് ഭൂമി ഉരുണ്ടതാണെന്നാണ്. ഓറഞ്ചുപോലെ ഉരുണ്ടതാണ് ഭൂമി എന്നു വിളിച്ചു പറയുന്ന അർക്കേഡിയോയ്ക്ക് ഭ്രാന്താണെന്നാണ് നഗരവാസികൾ വിചാരിക്കുന്നത്. അയാൾക്ക് ഭ്രാന്തായി എന്ന് ഭാര്യയും വിശ്വസിക്കുന്നു. കണ്ടുപിടിത്തങ്ങളിലൂടെ മാറിമറിയുന്നതാണ് മനുഷ്യജീവിതവും അതിലൂടെ രൂപപ്പെടുന്ന സംസ്കാരവും.
1980-90 കളിൽ സിനിമയിൽ ശരീര പ്രദർശനത്തിനും ഐറ്റം ഡാൻസുകൾക്കുമായി പ്രത്യേക നടിമാരുണ്ടായിരുന്നു. സിൽക്ക് സ്മിത, ജയമാലിനി തുടങ്ങിയവർ. പ്രേമരംഗങ്ങൾ മാത്രം അഭിനയിച്ചിരുന്ന നായികമാർക്കൊപ്പം പ്രേക്ഷകർക്ക് ഹരം പകരാൻ മദാലസകളായ നടിമാരെ വിളക്കിച്ചേർക്കുകയായിരുന്നു . നായികമാരുടെ ചുംബനരംഗം പോലും വിവാദമാകുന്ന കാലമായിരുന്നു അത്. കാലം മാറിയപ്പോൾ ചുംബനരംഗം തെരുവിൽ അരങ്ങേറുന്ന സ്ഥിതി വന്നു. അത് പുരോഗനവും വിപ്ലവവും എന്നു ചിന്തിക്കാനും ആളുണ്ടായി. സാംസ്കാരികമേഖലയുടെ വക്താക്കളായി നിലകൊണ്ടിരുന്ന ചിലരും അതിന് കൊടിപിടിക്കുന്നതും കണ്ടു. ചുംബനസമരക്കാരിൽ ചിലർ ഓൺലൈൻ പെൺവാണിഭത്തിന് പിടിയിലായി. 'തെറി വിളിക്കൂ സങ്കടമകറ്റൂ" എന്ന പേരിൽ ഒരു ഓൺലൈൻ ഗ്രൂപ്പ് കുറേനാൾ മുമ്പ് രൂപപ്പെട്ടു. പുരോഗമന വാദികളെന്ന് അവകാശപ്പെട്ടിരുന്ന ചിലരായിരുന്നു അതിനു പിന്നിൽ. നട്ടാൽ കുരുക്കാത്തതും കേട്ടാൽ അറയ്ക്കുന്നതുമായ തെറികളായിരുന്നു അതിൽ പങ്കുവച്ചിരുന്നത്. അശ്ലീലത്തിന്റെ അഴുക്കുചാലിലേക്ക് പ്രായപൂർത്തിയാകാത്ത ആൺകുട്ടികളും പെൺകുട്ടികളും ചെന്നുപെട്ടു. പുരോഗമന ചിന്തകൾ കാടുകയറുമ്പോൾ അത് പുണ്യമലകളിലേക്കുള്ള വഴിയാണെന്ന് സാമൂഹ്യമര്യാദകൾ പാലിക്കുന്നവർക്ക് ചിന്തിക്കാനാവില്ലല്ലോ. മർത്ത്യസൗന്ദര്യബോധങ്ങൾ പെറ്റ മക്കളല്ലീ പുരോഗമനങ്ങൾ- എന്നാണ് വൈലോപ്പിള്ളി ശ്രീധരമേനോൻ പാടിയത്.
കാലം ഇങ്ങനെ കാലിടറി ഭീതിയിലാകുമ്പോൾ മനുഷ്യത്വത്തിന് ആര് കാവൽനിൽക്കും എന്ന മാക്സിംഗോർക്കിയുടെ ചോദ്യം ആരും ആവർത്തിക്കുന്നില്ല. 1925ൽ ഇറ്റലിയിൽ മുസോളിനിയുടെ ഫാസിസവും 1933ൽ ജർമ്മനിയിൽ ഹിറ്റ്ലറുടെ നാസിസവും മനുഷ്യവംശത്തിന്റെ പേലവഭാവങ്ങളെല്ലാം തകർത്തു തരിപ്പണമാക്കിയ പ്രതിസന്ധിവേളയിലാണ് മഹാനായ ആ എഴുത്തുകാരൻ ചോദ്യം ഉന്നയിച്ചത്. അതിന് ഉത്തരം കണ്ടെത്താനുള്ള മനുഷ്യസ്നേഹികളുടെ അന്വേഷണമാണ് പുരോഗമനചിന്തകളെയും അതിനിണങ്ങുന്ന സാഹിത്യത്തെയും കുറിച്ചുള്ള കൂട്ടായ്മകളിലേക്ക് മാനവരെ നയിച്ചത്. ആ കാലം വളരെ അകലെയായി.
ആശയപ്രചാരണരംഗത്ത് നവമാദ്ധ്യമങ്ങൾ സാദ്ധ്യമാക്കിയ വിപ്ലവം ദൂരവ്യാപകമാണ്. എന്നാൽ, മാനുഷികമൂല്യങ്ങളെയും സാമൂഹികബന്ധങ്ങളെയും സംസ്കാരത്തെയും കുറിച്ചുള്ള സകല ബോധത്തെയും ഓടയിലെറിയുന്ന ഭീകരത്താവളമാണ് അതെന്ന യാർഥാർത്ഥ്യം നമ്മുടെ കുട്ടികൾ മനസിലാക്കാതെ പോയാൽ കൊടുക്കേണ്ടിവരുന്നത് പകരം വയ്ക്കാനാവാത്ത ഈടുവയ്പുകളാവും. സ്ത്രീകൾക്കുനേരെ വർദ്ധിച്ചുവരുന്ന പിതൃശൂന്യമായ പൈശാചികതകൾക്ക് അംഗബലം നൽകാനാവും അതിടയാക്കുക. അത്യന്താധുനിക പുരോഗമനവാദികൾ ഈ വസ്തുത തിരിച്ചറിയണം. അവരറിയന്നുണ്ടാവില്ല, അവർ ഉല്ലാസത്തോടെ കയറിയിരിക്കുന്നത് ഏതു നേരവും കപ്പിത്താൻ മരിച്ചുപോകാവുന്ന, പെരുംകടലിൽ അകപ്പെട്ട കപ്പലിലാണെന്ന്.
പുരോഗമനമെന്നാൽ അടിമത്തമാണോ? നിലവിലുള്ള സാമൂഹിക ചുറ്റുപാടുകളെ അതേപടി അനുസരിക്കലാണോ? ജീവിത സൗകര്യങ്ങൾ വർദ്ധിപ്പിക്കാനുള്ള വികസന പ്രവർത്തനങ്ങളാണോ? ആഡംബരത്തോടെ ജീവിക്കുക എന്നതാണോ? പുതിയ പുതിയ കണ്ടുപിടിത്തങ്ങൾ നടത്തുന്നതാണോ? ചോദ്യങ്ങൾ എത്രവേണമെങ്കിലും ചോദിക്കാനാവും. ഇതെല്ലാം പുരോഗമനത്തിന്റെ ഭാഗം തന്നെയാണ്. പക്ഷേ, അതിനപ്പുറം എന്തോ ഒന്നാണ് പുരോഗമനം. കാലാകാലങ്ങളിൽ ഈ ഭൂമിയിൽ വന്നുപോയ ചരിത്രപുരുഷന്മാരെയും മഹതികളെയും കുറിച്ച് അല്പം ആലോചിച്ചാൽ അതിന് ഉത്തരം കിട്ടും. ഒരു നിമിഷം അവരുടെ ജീവിതത്തിലൂടെയും ഉദ്ബോധനങ്ങളിലൂടെയും സഞ്ചരിച്ചാൽ കിട്ടുന്നതാണ്, എന്താണ് പുരോഗമനം എന്ന ചോദ്യത്തിന്റെ ഉത്തരം. അത് കാറൽ മാർക്സിലും ഗാന്ധിജിയിലുമാകാം. നബിയിലും ക്രിസ്തുവിലും ആകാം. ബുദ്ധനിലും ശ്രീനാരായണഗുരുവിലും ആകാം. ചട്ടമ്പിസ്വാമിയിലും അയ്യാഗുരുവിലും ആകാം.
അടിമത്തം നിലനിന്ന കാലത്ത് അത് ഇല്ലാതാക്കലായിരുന്നു പുരോഗമനം, തൊട്ടുകൂടായ്മ നിലനിന്നകാലത്ത് അതിനെതിരെ പോരാടുന്നതായിരുന്നു പുരോഗമനം. മാറുമറയ്ക്കാൻ അവകാശമില്ലാതിരുന്ന കാലത്ത് അത് നേടിയെടുക്കാനുള്ള ഇച്ഛാശക്തിയായിരുന്നു പുരോഗമനം. ഈ വരണ്ട കാലത്ത് എന്താവും പുരോഗമനം?